Views

മദ്യപാനവും പുകവലിയും "ആവേശത്തിന്" ഹാനികരം!
  • 13 May
  • 2024

മദ്യപാനവും പുകവലിയും "ആവേശത്തിന്" ഹാനികരം!



2012 ഓഗസ്റ്റ് 2 ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് മദ്യപാനം പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയിൽ ഉൾപ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും പുകവലിയും ഏതെങ്കിലും രീതിയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ തുടക്കത്തിൽ 20 സെക്കൻഡ് ബോധവൽക്കരണ വീഡിയോ പ്രദർശിപ്പിക്കുന്നതോടൊപ്പം, മദ്യപാനമോ പുകവലിയോ കാണിക്കുന്ന രംഗങ്ങളിൽ "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം" എന്ന സന്ദേശം എഴുതി കാണിക്കുകയും വേണം എന്ന് സർക്കുലർ അനുശാസിക്കുന്നു. പിന്നീടിങ്ങോട്ട് എല്ലാ ചലച്ചിത്രങ്ങളിലും ഇത് കാണാം. 

സമീപകാലത്ത് റിലീസ് ചെയ്ത് വലിയ വിജയമായി മാറിയ മലയാള ചലച്ചിത്രമാണ് "ആവേശം". ഏറെ ആവേശത്തോടെയാണ് യുവജനങ്ങൾ ഈ സിനിമയെ ഏറ്റെടുത്തത്. ഒരു മികച്ച എന്റർടെയ്‌നർ തന്നെയായ ഈ ചലച്ചിത്രത്തിന്റെ സവിശേഷതകളിൽ ഒന്നായി പറയാൻ കഴിയുന്നത് മദ്യപാനത്തിനും പുകവലിക്കും എതിരെയുള്ള മേൽപ്പറഞ്ഞ മുന്നറിയിപ്പാണ്. വളരെ അപൂർവ്വം രംഗങ്ങളിൽ മാത്രമേ  "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം" എന്ന സന്ദേശം എഴുതി കാണിക്കാത്തതായി കാണാനാവൂ. അതായത്, സിനിമ തുടങ്ങി അവസാനിക്കുന്നതുവരെയുള്ള ഏതാണ്ട് എല്ലാ സീനുകളും മദ്യത്തിന്റെയും സിഗരറ്റിന്റെയും ഉപയോഗം കൊണ്ട് നിറഞ്ഞിരിക്കുന്നു. പഠിക്കാനായി കേരളത്തിൽനിന്ന് ബാംഗ്ലൂരിൽ എത്തുന്ന വിദ്യാർത്ഥികൾ മുതൽ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മുഴുക്കുടിയന്മാരും സദാ സിഗരറ്റ് ഉപയോഗിക്കുന്നവരുമാണ്. 

സമീപകാലത്ത് മലയാളത്തിൽ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ചലച്ചിത്രങ്ങളും മദ്യപാനത്തിനും പുകവലിക്കും വലിയ പ്രാധാന്യം നൽകിയിരിക്കുന്നതായി കാണാം. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന "മഞ്ഞുമ്മൽ ബോയ്സ്" എന്ന സിനിമയുമായി ബന്ധപ്പെട്ടും അത്തരമൊരു വിവാദം ഉയർന്നിരുന്നു. പ്രശസ്ത മലയാളം - തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ ഒരു കുറിപ്പിൽ, "മഞ്ഞുമ്മല്‍ ബോയ്‌സ് - കുടികാര പെറുക്കികളിന്‍ കൂത്താട്ടം" എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്. യഥാർത്ഥ സംഭവത്തെ ആധാരമാക്കി നിർമ്മിച്ച പ്രസ്തുത സിനിമയിൽ വിനോദയാത്രാ സംഘത്തെ മുഴുക്കുടിയന്മാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിൽ സംഭവിക്കുന്ന അപകടത്തിന് പരോക്ഷ കാരണമാകുന്നത് പോലും ആ മദ്യപാനമാണ്. ഈ പശ്ചാത്തലത്തിൽ, മലയാളി യുവാക്കളുടെ അനാരോഗ്യകരവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ മദ്യപാനശീലത്തെയാണ് ജയമോഹൻ വിമർശിച്ചത്. അത് വലിയ വിവാദമായി മാറി. 

കഴിഞ്ഞ വർഷത്തെ വലിയ ഹിറ്റുകളിൽ ഒന്നായ "ആന്റണി" എന്ന ചലച്ചിത്രത്തിലും, നായകൻ ആദ്യന്തം പ്രത്യക്ഷപ്പെടുന്നത് കയ്യിൽ സിഗററ്റുമായാണ്. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ കയ്യടിയോടെ സ്വീകരിച്ച ആ സിനിമയിൽ മദ്യപാനത്തെയും അതിസ്വാഭാവിക രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം ആവശ്യത്തിനുള്ള മദ്യം സ്വന്തമായി ഉണ്ടാക്കുന്നതുപോലും അസ്വാഭാവികമല്ലാത്ത ഒരു പ്രവൃത്തിയായി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് കാണാം. സമീപകാലത്തെ മറ്റൊരു വിജയ ചിത്രമായ "പ്രേമലു"വിലും നായകനെയും സുഹൃത്തിനെയും സ്ഥിരം മദ്യപാനികളായാണ് ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് പഠിക്കാനായി അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള സീനുകൾ വിദ്യാർഥികൾ കഥാപാത്രങ്ങളായ പല സിനിമകളിലും കാണാം.

ചില പതിറ്റാണ്ടുകൾക്ക് മുമ്പ് മദ്യപാനത്തിനും പുകവലിക്കും വലിയ സ്ഥാനം പൊതുവെ സിനിമകളിൽ ഉണ്ടായിരുന്നെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ അല്പമൊരു മാറ്റം ഉണ്ടായിരുന്നതായി കാണാം. അക്കാലത്ത് യുവജനശ്രദ്ധ ലക്‌ഷ്യം വയ്ക്കുന്ന സിനിമകളിൽ മദ്യവും സിഗരറ്റും അനിവാര്യ ഘടകം ആയിരുന്നില്ല. എന്നാൽ, ഇന്നത്തെ സിനിമകളിൽ ലഹരിയുടെ അമിത സ്വാധീനം ഒരു അവിഭാജ്യ ഘടകമായി മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

ലഹരിയുടെ ഉപയോഗം അനിവാര്യമല്ലാത്ത സീനുകളിൽ പോലും അത്തരമൊരു ഘടകം ചേർത്തുവയ്ക്കുന്നത് ആരോഗ്യകരമായ ഒരു പ്രവണതയായി കരുതാനാവില്ല. കുടുംബപ്രേക്ഷകർ കൂട്ടത്തോടെ കയറുന്ന സിനിമകളിൽ ഇത്തരം കാഴ്ചകൾ പതിവാകുന്നത് കുട്ടികളെ എപ്രകാരം സ്വാധീനിക്കുന്നു എന്നുള്ളത് വിചിന്തന വിഷയമാകേണ്ടതുണ്ട്. ആബാലവൃദ്ധം ജനങ്ങൾ കയ്യടിയോടെ സ്വീകരിക്കുന്ന സിനിമകളിലെ നായകകഥാപാത്രങ്ങൾ ഉൾപ്പെടെ നിരന്തരമദ്യപാനികളാണെന്നുവരുന്നത് വളർന്നുവരുന്നതലമുറകളിൽ ലഹരിയോടുള്ള ആഭിമുഖ്യം വളർത്താൻ കാരണമായേക്കും. മദ്യപാനവും പുകവലിയും മറ്റ് ലഹരി ഉപയോഗങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം ഇത്തരം സാഹചര്യങ്ങളിൽ പാഴ് വാക്കായി മാറുകയാണ്. 

2012 മുതൽ നിയമപ്രകാരം നിർബ്ബന്ധിതമായ ലഹരിവിരുദ്ധ സന്ദേശങ്ങളുടെ പ്രചരണത്തിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്. സിനിമകളിലെ മുന്നറിയിപ്പുകൾക്ക് വളരെ മുമ്പേ തന്നെ മദ്യ - സിഗരറ്റ് പാക്കറ്റുകൾക്ക് പുറത്ത് ഉപയോഗം ആരോഗ്യത്തിന് ഹാനികരം എന്ന സന്ദേശം നിയമപരമായി നിർബ്ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകൾ പൊതുവെ ഗുണകരമെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും, വിശദമായ പഠനങ്ങളിൽ മറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും കാണാം. നാമമാത്രമായ ലഹരിവിരുദ്ധ സന്ദേശങ്ങൾക്കപ്പുറം ഇക്കാലത്തെ സിനിമകളുംമറ്റും നൽകുന്ന സന്ദേശം ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന വിലയിരുത്തലുകൾ വ്യാപകമായുണ്ട്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി കോടികൾ മുടക്കുകയും എന്നാൽ, മദ്യ ഉപഭോഗം വർധിപ്പിക്കുന്ന വിധത്തിലുള്ള നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങളും കൂട്ടി വായിക്കേണ്ടതുണ്ട്. ലഹരി വർജ്ജനം നയമാണെന്ന് പറയുമ്പോഴും പ്രായോഗികമായി മദ്യ ഉപയോഗം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള നടപടികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. പുതിയ പബ്ബുകൾക്കും, വീര്യം കുറഞ്ഞ മദ്യ നിർമ്മാണത്തിനും അനുമതി നൽകാനുള്ള സമീപകാല തീരുമാനം ഉദാഹരണമാണ്. മദ്യത്തെ മുഖ്യ വരുമാനസാധ്യതയായി കണ്ടുകൊണ്ടുള്ള ഇരട്ടത്താപ്പാണ് ഇത്തരം നയങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇതിന് സമാന്തരമായാണ് ലഹരി ഉപയോഗം ഹീറോയിസമായി അവതരിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ കുത്തൊഴുക്ക്.  

അനിയന്ത്രിതമായ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ഇളം തലമുറകൾക്ക് തെറ്റായ സന്ദേശം നൽകുകയുംചെയ്യുന്ന ഇന്നത്തെ ശൈലി പുനപരിശോധിക്കാൻ ചലച്ചിത്രങ്ങളുടെ പിന്നണി പ്രവർത്തകർ തയ്യാറാകണം. ലഹരി ഉപയോഗം സ്വാഭാവിക പ്രവണതയാണെന്നും അതിൽ ഒരു ഹീറോയിസം ഉണ്ടെന്നുമുള്ള സന്ദേശം സിനിമകളിൽ വ്യാപകമാകുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. കേവലം 20 സെക്കൻഡ് മുന്നറിയിപ്പുകളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഒതുക്കാതെ, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവണത സിനിമകളിൽ കുറച്ചുകൊണ്ടുവരാൻ സിനിമ നിർമ്മാതാക്കളും, ആരോഗ്യ - വാർത്താവിനിമയ മന്ത്രാലയങ്ങളും ശ്രദ്ധ ചെലുത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.