Views

'സ്വവർഗ വിവാഹം' അസാധുവെന്നു സുപ്രീം കോടതി! കോടതിക്കു തെറ്റു പറ്റിയോ?
  • 17 Oct
  • 2023

'സ്വവർഗ വിവാഹം' അസാധുവെന്നു സുപ്രീം കോടതി! കോടതിക്കു തെറ്റു പറ്റിയോ?


'സ്വവർഗ വിവാഹം' അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ,  സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ 'വിവാഹം'  കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ  സധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും.

അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച ചെയ്യാറില്ല. അതിൽ ചില പ്രശ്നങ്ങളുണ്ട് എന്നു കോടതി ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു. ഒന്നാമതായി, സ്വവർഗ പങ്കാളികൾ അഥവാ കൂട്ടാളികൾക്ക് 'വിവാഹത്തി'നുള്ള അവകാശം എന്നതിലാണ് പ്രശ്നം. വിവാഹം ഒരു വ്യക്തിയുടെയും ദമ്പതികളുടെയും ജീവിതത്തിലേക്കു കൊണ്ടുവരുന്ന 'ഉത്തരവാദിത്വങ്ങൾ' നിയമപരവും മതപരവും ധാർമികവുമായ അനവധി മേഖലകളിലേക്കു വ്യാപിച്ചു നിൽക്കുന്നതാണ്. സാമൂഹ്യമായി അതിന്റെ മാനങ്ങൾ തലമുറകളിലേക്ക് വ്യാപിച്ചു നിൽക്കുന്നതുമാണ്.

ലൈംഗിക ചോദനയിലും ആഭിമുഖ്യങ്ങളിലും സവിശേഷതയുള്ള രണ്ടു വ്യക്തികളോ ഒരു കൂട്ടം വ്യക്തികളോ 'കൂടിത്താമസിക്കുമ്പോൾ' അവർക്കു സമൂഹത്തിൽ ലഭിക്കേണ്ട സുരക്ഷിതത്വം സംബന്ധിച്ചും, അവർക്ക്‌ ഇഷ്ടമനുസരിച്ചു കുട്ടികളെ ദത്തെടുത്തു വളർത്തി പരിപാലിക്കുന്നതിനുള്ള അവരുടെ ആഗ്രഹം സഫലമാക്കാൻ നിയമപരമായി രാഷ്ട്രത്തിനു കടമയുണ്ടോ എന്ന ചോദ്യം സംബന്ധിച്ചുമാണ് യഥാർത്ഥത്തിൽ രാഷ്ട്രം ഉത്തരം കണ്ടെത്തേണ്ടത്. കോടതി വിധിക്കുശേഷവും ഈ പ്രശ്നം അവശേഷിക്കുന്നു! അവർക്ക് അതിനുള്ള 'അവകാശവും' രാഷ്ട്രം അവരിൽ നിക്ഷിപ്തമാക്കുന്ന 'ഉത്തരവാദിത്വവും' ആനുപാതികമായിരിക്കണം എന്നതാണ് പരിഹരിക്കപ്പെടേണ്ട നിയമ പ്രശ്നം എന്നു തോന്നുന്നു. 

ഇത്തരം 'ഉത്തരവാദിത്വങ്ങൾ' സംബന്ധിച്ച വ്യക്തമായ ധാരണകൾ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരികയും, ഭരണഘടനാപരമായ മാർഗങ്ങളിലൂടെ രാഷ്ട്രം അതിനു നിയമപരമായ സാധുത നൽകുകയും ചെയ്യുന്നതിനനുസരിച്ചു മാത്രമായിരിക്കും, അവർക്ക്, ഇത്തരം വിഷയങ്ങളിൽ 'അവകാശങ്ങളിലുള്ള തുല്യത' എന്ന ആശയത്തിനു പ്രസക്തിയുണ്ടാവുക. ഒരു പക്ഷേ, അതിനു നിയമപരമായ അടിത്തറയുണ്ടാകുന്നതിന്, 'വിവാഹം' 'ദമ്പതികൾ' തുടങ്ങിയ പദങ്ങൾക്കു പകരം, ഉചിതമായ പദാവലികൾ ഉപയോഗിക്കുകയും വേണം.

'സവിശേഷതയുള്ള വ്യക്തികൾ' എന്ന നിലയിലാണ് വ്യത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരുടെ 'അവകാശങ്ങൾ' പരിഗണിക്കുന്നതെങ്കിൽ, തുല്യ പരിഗണനയും അവകാശങ്ങളും ലഭ്യമാക്കുകയല്ല, പ്രത്യേക പരിഗണനയും, സവിശേഷമായ അവകാശങ്ങളും, നിയമപരമായി വ്യക്തമാക്കപ്പെട്ട ഉത്തരവാദിത്വങ്ങളുമാണ് അവർക്കു ലഭ്യമാക്കേണ്ടത്. പ്രത്യേക ഒളിമ്പിക്സിലെ നിയമങ്ങൾ പ്രത്യേകമായിരിക്കണം എന്നതുപോലെ, സമൂഹത്തിന് ദോഷമല്ലാത്ത 'സവിശേഷതകളുള്ള' വ്യക്തികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങളാണ് ആവശ്യം.
നിലവിലുള്ള മതപരമോ നിയമപരമോ ആയ ആചാരങ്ങളും നിയമങ്ങളുമായി ഇത്തരം സവിശേഷത അവകാശങ്ങളെ കൂട്ടിക്കുഴക്കാതിരിക്കുന്നതാണ് വിവേകവും ബുദ്ധിയും. അതിനാൽത്തന്നെ, 'സ്വവർഗ വിവാഹം' എന്ന വിരുദ്ധോക്തി ഉപയോഗിച്ചു കൂടാത്തതാണ്.