Views

ഇന്ത്യയിലെ ക്രിമിനൽ രാഷ്ട്രീയം
  • 28 Sep
  • 2023

ഇന്ത്യയിലെ ക്രിമിനൽ രാഷ്ട്രീയം


ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും ഇലക്ഷനുകളെയും രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ - അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷമമായ വിശകലനമാണ് ADR റിപ്പോർട്ടുകളുടെ ഉള്ളടക്കം. വളരെ ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.   

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR): അഹമ്മദാബാദ് ഐഐഎമ്മിലെ (Indian Institute of Management) ഒരു കൂട്ടം പ്രൊഫസർമാരാണ് 1999 ൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന് ആരംഭം കുറിച്ചത്. ഇന്ത്യയിൽ ഇലക്ഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കുറ്റകൃത്യങ്ങൾ, സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് അവർ ദൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജ്ജി ഫയൽ ചെയ്യുകയും, ഹൈക്കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കുകയുമുണ്ടായി. തുടർന്ന് കേന്ദ്ര സർക്കാർ ആ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, സ്ഥാനാർത്ഥികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾ, സമ്പത്ത്, വിദ്യാഭാസം തുടങ്ങിയവ വ്യക്തമാക്കുന്ന അഫിഡവിറ്റ് ഇലക്ഷന് മുമ്പ് ഇലക്ഷൻ കമ്മീഷന് സമർപ്പിക്കണമെന്ന് 2002 ൽ സുപ്രീംകോടതി വിധിച്ചു. അന്നുമുതൽ, അത്തരത്തിൽ ലഭ്യമാകുന്ന റിപ്പാർട്ടുകൾ പഠനവിധേയമാക്കിവരുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് ഇതിനകം, 868 പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എക്കാലവും കലാപകലുഷിതമാണ് ഇന്ത്യൻ രാഷ്ട്രീയം. ഒരു ഇന്ത്യൻ സംസ്ഥാനവും അക്കാര്യത്തിൽ പിന്നോട്ടല്ല. പൊളിറ്റിക്കൽ പാർട്ടികളും, പ്രത്യയ ശാസ്ത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കൊണ്ട് രാജ്യത്തിനുണ്ടാകുന്ന നഷ്ടങ്ങൾ വളരെ വലുതാണ്. ജീവന്റെയും സ്വത്തിന്റെയും നാശവും, സമാധാനാന്തരീക്ഷം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും മുതൽ തിരിച്ചുവരവില്ലാത്ത തകർച്ചയിലേക്ക് ദേശങ്ങളെ എത്തിക്കുന്ന അവസ്ഥകൾ വരെ കലാപ രാഷ്ട്രീയത്തിന്റെ "വിലയേറിയ" സംഭാവനകളായി തുടരുകയാണ്. അതിന് ഏറ്റവും വലിയ ആനുകാലിക ഉദാഹരണമായി മണിപ്പൂർ കണ്മുന്നിലുണ്ട്. 

ഇന്ത്യ വളർച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുമ്പോഴും, ഈ മേഖലയിൽ നിലനിൽക്കുന്ന പരിതാപകരമായ അവസ്ഥ ആധുനിക ലോകത്തിന് മുന്നിൽ അപമാനകരമാണെന്ന് പറയാതെ വയ്യ. ഭരണത്തിന്റെ ചുക്കാൻ കയ്യിലേന്തിയിരിക്കുന്നവരിൽ മോശമല്ലാത്തൊരു വിഭാഗം ക്രിമിനലുകളുണ്ട് എന്ന യാഥാർഥ്യത്തെ തമസ്കരിച്ചുകൊണ്ട് എത്രകാലം മുന്നോട്ടുപോകാൻ ഭരണകൂടങ്ങൾക്കും നീതിപീഠത്തിനും കഴിയും? ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ (IPC 302, 307, 376 etc.) നിയമസഭാ സാമാജികർക്ക് ജനപ്രതിനിധികളായി തുടരാൻ കഴിയില്ല എന്നൊരു വ്യവസ്ഥ വന്നാൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 1136 നിയമസഭാ മണ്ഡലങ്ങളിൽ വീണ്ടും ഇലക്ഷൻ നടത്തേണ്ടതായി വരും. മറ്റു ക്രിമിനൽ വകുപ്പുകൾകൂടി പരിഗണിച്ചാൽ, അത്തരം MLA മാരുടെ എണ്ണം, 1777 ആയി ഉയരും. ആകെയുള്ളതിന്റെ 44 ശതമാനം വരും ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള എംഎൽഎമാരുടെ എണ്ണം.

കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവന്നിട്ടുള്ള ADR റിപ്പോർട്ടുകളും (The Association for Democratic Reforms), ആനുകാലിക സംഭവങ്ങളും വിലയിരുത്തിയാൽ വ്യക്തമാകുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചിത്രം അത്യന്തം ലജ്ജാകരവും അപഹാസ്യവുമാണ്. ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെടുന്നവരും, അക്രമങ്ങൾക്കും കലാപങ്ങൾക്കും പ്രോത്സാഹനം നൽകുന്നവരുമായ ഒരു വലിയ വിഭാഗം ജനപ്രതിനിധികളുടെ പ്രവർത്തനത്തെ ജനസേവനം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്ന് തീർച്ച. ആത്യന്തികമായി രാജ്യത്തിനോ പൗരന്മാർക്കോ ഗുണകരമായതൊന്നും ചെയ്യാൻ അവർക്ക് സാധിക്കുകയോ അവരിലൂടെ എന്തെങ്കിലും നന്മയുണ്ടാവുകയോ ഇല്ല.

ക്രിമിനൽ രാഷ്ട്രീയം പാർലമെന്റിൽ 

പ്രാദേശിക തലങ്ങളിൽ മുതൽ ദേശീയ തലം വരെ നിറഞ്ഞുനിൽക്കുന്ന വിധത്തിൽ, രാഷ്ട്രീയ പ്രേരിതമായ കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും വാർത്തകളിൽ ഇടമില്ലാതെ കടന്നുപോകുന്ന ഒരു ദിവസംപോലും ഇന്ത്യയിലെ ഒരു മാധ്യമത്തിനും ഉണ്ടാവില്ല. കേരളമുൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾക്കും കലാപങ്ങൾക്കും മുതൽ, ബഹുഭൂരിപക്ഷം വരുന്ന ഒറ്റപ്പെട്ട അക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ വരെ രാഷ്ട്രീയ പാർട്ടികൾക്കോ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർക്കോ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടായിരിക്കും എന്നുള്ളത് ഒരു ആനുകാലിക യാഥാർഥ്യമാണ്. അക്രമികൾക്ക് പിൻബലവും ധൈര്യവും പകരുന്നതുവഴിയുണ്ടാകുന്ന അക്രമ പ്രവർത്തനങ്ങൾ മുതൽ, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അക്രമികളെ ഉപയോഗിച്ചുള്ളതും, ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും നേരിട്ട് ചെയ്യുന്നവയും തുടങ്ങി എണ്ണമറ്റ അക്രമ പ്രവർത്തനങ്ങളും കൊലപാതകങ്ങളും ഓരോ ദിവസവും ഇന്ത്യയിലുടനീളം സംഭവിച്ചുകൊണ്ടിരിക്കുന്നു.

ജനപ്രതിനിധികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്ന റിപ്പോർട്ടുകളിലെ വെളിപ്പെടുത്തലുകൾ നടുക്കമുളവാക്കുന്നവയാണ്. രണ്ടാം മോദി മന്ത്രി സഭയിലെ  33 മന്ത്രിമാർ (42%) ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതിൽ 24 പേർ ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊലപാതകം (IPC 302), കൊലപാതക ശ്രമം (IPC 307), ബലാൽസംഗം (IPC 376) ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള വിവിധ കുറ്റകൃത്യങ്ങൾ തുടങ്ങിയവയാണ് ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെട്ടിരിക്കുന്നത്. 

ഏറ്റവും ഒടുവിൽ പുറത്തുവന്ന ADR റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 763 ലോക്സഭ, രാജ്യസഭ എംപിമാരിൽ 40 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളും, അതിൽത്തന്നെ 194 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളവരുമാണ്. ബിജെപി എംപിമാരിൽ 98 പേരും, കോൺഗ്രസ് എംപിമാരിൽ 26 പേരും ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പ്രതികളായവരാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായിട്ടുള്ള എംപിമാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തർപ്രദേശും, പിന്നിൽ ബീഹാറും, മഹാരാഷ്ട്രയുമാണ്. യഥാക്രമം, 37ഉം, 28ഉം, 22ഉം എംപിമാർ വീതം ഈ സംസ്ഥാനങ്ങളിൽനിന്ന് ഇത്തരത്തിലുണ്ട്. ഇക്കാര്യത്തിൽ കേരളവും പിന്നിലല്ല. ഗൗരവമേറിയ കുറ്റകൃത്യങ്ങളിൽ പ്രതികളായ 10 എംപിമാർ കേരളത്തിൽനിന്നുണ്ട്.

ഉത്തരപ്രദേശിൽനിന്നുള്ള ബിഎസ്പി എംപി അതുൽകുമാർ സിംഗിന്റെ പേരിൽ 13 കൊലപാതക കേസുകളും, വെസ്റ്റ് ബംഗാളിൽനിന്നുള്ള ബിജെപി എംപി നിസിത് പ്രമാണിക്കിന്റെ പേരിൽ 11 കൊലപാതക കേസുകളുമുണ്ട്. തെലങ്കാനയിൽനിന്നുള്ള ബിജെപി എംപി ബാപ്പു റാവുവിന്റെ പേരിലുള്ളത് 52 വധശ്രമ (IPC 307) കേസുകളാണ്. തെലങ്കാനയിൽനിന്നു തന്നെയുള്ള  AR റെഡ്ഢിയുടെ പേരിലുള്ളത് സ്ത്രീകൾക്കെതിരെയുള്ള 42 കുറ്റകൃത്യങ്ങളാണ്. പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ 19 ചാർജുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. സ്ത്രീപീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പത്തിലേറെ ചുമത്തപ്പെട്ട ആറു ജനപ്രതിനിധികൾ ഇന്ത്യൻ പാർലമെന്റിലുണ്ട്! പത്തിലേറെ കൊലപാതക കേസുകളുള്ള രണ്ടുപേരും, പത്തിലേറെ വധശ്രമ കേസുകൾ ചുമത്തപ്പെട്ടിട്ടുള്ള എട്ടുപേരും അത്തരത്തിലുണ്ട്. 

ക്രിമിനൽ രാഷ്ട്രീയത്തിന്റെ സാമ്പത്തിക വശങ്ങൾ 

രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിൽ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഒറ്റപ്പെട്ട സംഭവങ്ങളല്ല. വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച ഒട്ടേറെ അഴിമതികൾ വീണ്ടും വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയും, സമാന്തരമായി പുതിയ അഴിമതികൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അക്രമ രാഷ്ട്രീയവും, അതീവ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളും വലിയ സാമ്പത്തിക ഇടപാടുകളും തമ്മിലുള്ള അന്തർധാരകൾ പൊതുസമൂഹത്തിന് അജ്ഞാതമല്ല. ജനപ്രതിനിധികളുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള വിശദമായ വിശകലനങ്ങളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് നടത്തിയിട്ടുണ്ട്.    

അക്രമത്തിൽ സമ്പത്ത് ഒരു പ്രധാന ഘടകമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ എംപിമാരുടെ ശരാശരി ആസ്തി മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്ത എംപിമാരുടെ ശരാശരി ആസ്തി 30.5 കോടി രൂപയാണെങ്കിൽ, ക്രിമിനൽകേസുകളിൽ ഉൾപ്പെട്ട എംപിമാരുടെ ആസ്തി 50.03 കോടി രൂപയാണെന്ന് റിപ്പാർട്ട് വ്യക്തമാക്കുന്നു. അക്രമരാഷ്ട്രീയത്തെ ധനസമ്പാദനത്തിനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്ന വലിയൊരുശതമാനം ജനപ്രതിനിധികൾ പാർലമെന്റിലുണ്ട് എന്നുള്ളതിന്റെ സൂചനയാണിത്.  

ക്രിമിനൽ രാഷ്ട്രീയം നിയമസഭകളിൽ  

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയത്തെക്കുറിച്ച് ലഭിക്കുന്ന സൂചനകൾ കൂടുതൽ അപകടകരമാണ്. ഇന്ത്യയിലെ ആകെ എംഎൽഎമാരിൽ നാലിലൊന്നുപേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. രാഷ്ട്രീയ പ്രവർത്തകരുടെ എണ്ണം ഇത്തരത്തിൽ ലഭിക്കുക എളുപ്പമല്ലെങ്കിലും, അക്കൂട്ടരിൽ ക്രിമിനലുകളുടെ എണ്ണം വളരെ കൂടുതലായിരിക്കും എന്ന് നിശ്ചയം. എന്തിനും മടിക്കാത്ത അക്രമികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഒട്ടേറെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ എന്നുള്ളതാണ് വാസ്തവം. ആ സ്വാധീനവും, ബാന്ധവവും ഭരണകൂടങ്ങളെ മലിനമാക്കിയിരിക്കുന്നു എന്നുള്ളതും സംശയമില്ലാത്ത കാര്യമാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഇന്ത്യയിലുടനീളം പല രൂപഭാവങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള എംഎൽഎമാരുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര എന്നിവയാണ്. യഥാക്രമം, 155, 122, 114 എംഎൽഎമാർ വീതം ഇത്തരത്തിൽ ഈ സംസ്ഥാനങ്ങളിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി പത്തിലേറെ കൊലക്കേസുകളിൽ പ്രതികളായ 21 എംഎൽഎമാരാണുള്ളത്. അതിൽ 51 കൊലപാതക കേസുകളിലായി 112 ഗുരുതര ചാർജുകൾ ചുമത്തപ്പെട്ടിട്ടുള്ള രമേശ് ചന്ദ്രയാണ് മുന്നിൽ. ഒഡീഷയിലെ ജനപ്രതിനിധിയാണ് രമേശ് ചന്ദ്ര. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ ഏറ്റവും മുന്നിൽനിൽക്കുന്ന എംഎൽഎ ഒഡീഷയിൽനിന്ന് തന്നെയുള്ള ബ്രജ കിഷോർ പ്രധാൻ ആണ്, 29 കേസുകൾ! എംഎൽഎമാരുടെ ക്രിമിനൽ കേസുകളിൽ കേരളവും പിന്നിലല്ല. കേരളത്തിലെ 37 എംഎൽഎ മാർക്കെതിരെ ഗുരുതരമായ ക്രിമിനൽകേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്.     

കേരള രാഷ്ട്രീയത്തിലെ ക്രിമിനലുകൾ 

ആനുകാലിക സംഭവവികാസങ്ങൾ നിരീക്ഷിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിന്റെ വികലമായൊരു ചിത്രമാണ് വ്യക്തമാകുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായി നടത്തിയ കരുനീക്കങ്ങളും അനുബന്ധ ഗൂഢാലോചനകളും സിബിഐ അന്വേഷണ സംഘം വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. സമീപകാലത്തെ സ്വർണ്ണ കടത്ത് കേസും, ബാർ കോഴ കേസും, ഈ നാളുകളിൽ വീണ്ടും ചർച്ചയായ ലാവ്‌ലിൻ കേസും, ചാരക്കേസുമായി ബന്ധപ്പെട്ട് ഇന്നും തുടരുന്ന വിവാദങ്ങളും, രാഷ്ട്രീയ പാർട്ടികൾ തമ്മിലും രാഷ്ട്രീയ ബന്ധമുള്ള വർഗ്ഗീയ സംഘടനകൾക്കിടയിലും നടക്കുന്ന അക്രമങ്ങളും തുടങ്ങി കേരളരാഷ്ട്രീയവുമായി ഇഴചേർന്നുകിടക്കുന്ന എണ്ണമറ്റ ഗൗരവമേറിയ കുറ്റകൃത്യങ്ങൾ കേരള രാഷ്ട്രീയത്തിന്റെ കാപട്യം വ്യക്തമാക്കുന്നുണ്ട്.  

ADR റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ 23 എംപിമാരും, 95 എംഎൽഎമാരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായുള്ള ജനപ്രതിനിധികളുടെ അനുപാതത്തിൽ കേരളത്തിന് അൽപ്പം ആശ്വാസത്തിന് വകയുണ്ടെങ്കിലും അതും വിരളമല്ല. കേരളത്തിലെ 10 എംപിമാരും 37 എംഎൽഎമാരും ഗൗരവമേറിയ കുറ്റകൃത്യങ്ങൾ ചാർജ് ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ക്രിമിനൽ കേസുകൾ ചുമത്തപ്പെട്ടിട്ടുള്ള ജനപ്രതിനിധികളുടെ ശതമാനക്കണക്ക് നോക്കിയാൽ രണ്ടു പട്ടികയിലും കേരളം മുൻപന്തിയിലാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത. സാക്ഷരകേരളത്തെ സംബന്ധിച്ച് അപമാനകരമാണ് ഈ സാഹചര്യം എന്നുള്ളത് നിസ്തർക്കമാണ്. 

കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ ചില പതിറ്റാണ്ടുകളായി രാഷ്ട്രീയ കൊലപാതകങ്ങളുടെയും, രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള ചേരിപ്പോരുകളുടെയും, അനുബന്ധ അക്രമങ്ങളുടെയും തോത് വളരെകൂടുതലാണ് എന്നുള്ളതാണ് ജനപ്രതിനിധികളുടെ പേരിലുള്ള ക്രിമിനൽകേസുകൾക്ക് പ്രധാനമായൊരു കാരണം. എന്നാൽ, അഴിമതി, തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം, കുറ്റകരമായ ഗൂഡാലോചനയും അപകീർത്തിപ്പെടുത്തലുകളും തുടങ്ങി അവസാനിക്കാത്ത കുറ്റകൃത്യങ്ങൾ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങൾക്ക്മേൽ ആരോപിക്കപ്പെടുന്ന സാഹചര്യംകൂടി പരിഗണിച്ചാൽ കേരള രാഷ്ട്രീയം അത്യന്തം മലീമസമായൊരു സാഹചര്യത്തിലാണുള്ളത് എന്ന് നിശ്ചയം. അപമാനകരമായ ഇത്തരമൊരു ദുരവസ്ഥ ഉടലെടുത്തിരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കുമാവില്ല. 

ഇത്തരമൊരു സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിന് പിന്നിലെ മാധ്യമങ്ങളുടെ പങ്കും തള്ളിക്കളയാനാവില്ല. കുറ്റകൃത്യങ്ങളെ മൂടിവയ്ക്കുകയും, നിരപരാധികളെ കുറ്റക്കാരാക്കി ചിത്രീകരിക്കുകയും, അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോയി യഥാർത്ഥ വിഷയങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്യുന്നതുവഴിയായി യഥാർത്ഥ കുറ്റക്കാർക്ക് നിരന്തരം കൂട്ടുനിൽക്കുന്ന വലിയൊരു വിഭാഗം മാധ്യമങ്ങൾ തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കാൻ തയ്യാറാകേണ്ടതുണ്ട്. 

പൂച്ചയ്ക്ക് ആര് മണികെട്ടും?

രാഷ്ട്രീയ പ്രവർത്തകർക്കെതിരെയുള്ള കേസുകളിൽ നല്ലൊരു പങ്ക് കെട്ടിച്ചമച്ചവയും, പലവിധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയുമാണ് എന്ന വാദങ്ങളുണ്ട്. കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പരിധിവരെയെങ്കിലും അതിൽ കാര്യവുമുണ്ട്. എന്നാൽ, ഗൗരവമേറിയ പലവിധ കുറ്റകൃത്യങ്ങളുടെ സ്വാധീനം കേരളരാഷ്ട്രീയത്തിൽ കുറവല്ല എന്നത് വസ്തുതയാണ്. കുറ്റവാളികളും കുറ്റാരോപിതരും പൊതുപ്രവർത്തന മേഖലകളിൽനിന്ന് മാറ്റിനിർത്തപ്പെടേണ്ടവരാണ് എന്നുള്ളത് നിസ്തർക്കമാണ്. ഒട്ടേറെ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേക സാമൂഹിക വ്യവസ്ഥിതികളിൽ രജിസ്റ്റർ ചെയ്യപ്പെടാതെ പോയേക്കാവുന്ന എണ്ണമറ്റ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ കൂടി പരിഗണിക്കുമ്പോൾ ADR റിപ്പോർട്ട് വെളിപ്പെടുത്തുന്നതിനപ്പുറമായിരിക്കാം യാഥാർഥ്യങ്ങൾ.  

സമൂലമായ ഒരു ശുദ്ധീകരണംകൊണ്ടുമാത്രമേ ഇന്നത്തെ ഇന്ത്യയിലെയും വിശിഷ്യ കേരള സംസ്ഥാനത്തിലെയും മലിനീകൃത രാഷ്ട്രീയത്തെ ജനകീയമാക്കി മാറ്റാൻ കഴിയുകയുള്ളു. കേരളത്തെ സംബന്ധിച്ച് കാപ്പ (Kerala Anti Social Prevention Act) നിയമം, കേന്ദ്രത്തിൽ UAPA (Unlawful Activities Prevention Act) തുടങ്ങിയ ശക്തമായ നിയമങ്ങൾ ഗുരുതര കുറ്റവാളികൾക്കെതിരെ ചുമത്തപ്പെടുന്ന സാഹചര്യങ്ങൾ ഉള്ളപ്പോഴും അതിനെയെല്ലാം മറികടന്ന് കൊടും കുറ്റവാളികൾ ചിലരെങ്കിലും ഭരണ നേതൃത്വങ്ങളിൽ പോലും തുടരുന്ന ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയത്തിലും ഭരണ നേതൃത്വങ്ങളിലും ഒരു ഡീ ക്രിമിനലൈസേഷൻ നടത്താനുള്ള ആർജ്ജവം ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പ്രകടിപ്പിക്കണം. 

"പൂച്ചയ്ക്ക് ആര് മണികെട്ടും?" എന്ന വിഖ്യാതമായ പഴഞ്ചൊല്ലാണ് ഇവിടെ പ്രസക്തം. പൊതുജനത്തിനും മാധ്യമങ്ങൾക്കുപോലും ഇവിടെ വലിയ പരിമിതികളുണ്ട്. കറപുരളാത്ത കരങ്ങളിൽ ഉത്തരവാദിത്തങ്ങളും അധികാരങ്ങളും ഭരമേൽപ്പിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ തക്ക നിയമനിർമ്മാണങ്ങൾ നടത്താൻ നിയമനിർമ്മാണ സഭകൾ തയ്യാറാവുകയും ശക്തമായ ഇടപെടലുകൾ നടത്താൻ നീതിപീഠങ്ങൾ തയ്യാറാവുകയും ചെയ്യാത്തപക്ഷം ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാവില്ലെന്ന് തീർച്ച. അങ്ങനെയൊന്ന് സംഭവിച്ചാൽ മാത്രമേ ഇപ്പോൾ അവകാശപ്പെടുന്ന നേട്ടങ്ങൾ യഥാർത്ഥത്തിൽ കരഗതമാക്കാൻ രാജ്യത്തിന് കഴിയൂ.