Views

ദേശീയ ബാലാവകാശ കമ്മീഷന്റെ ക്രൈസ്തവ വിദ്വേഷം
  • 27 Jul
  • 2023

ദേശീയ ബാലാവകാശ കമ്മീഷന്റെ ക്രൈസ്തവ വിദ്വേഷം

ദേശീയ ബാലാവകാശ കമ്മീഷനും, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രൈസ്തവ സ്ഥാപനങ്ങളെയും സന്യസ്തരെയും പ്രതിക്കൂട്ടിൽ നിർത്തുകയും കേസിൽ അകപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ഒട്ടനവധി സംഭവങ്ങൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ, ജൂലൈ 21 ന് മധ്യപ്രദേശിലെ ജാബുവയിൽ കത്തോലിക്കാ സന്യസ്തർ നടത്തിവരുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ സന്യാസാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെ കസ്റ്റഡിയിലെടുക്കുകയുണ്ടായി. മതപരിവർത്തനം എന്ന ആരോപണമാണ് ഉദ്യോഗസ്ഥർ ഉയർത്തിയത്. തലമുറകളായി കത്തോലിക്കാ വിശ്വാസികളായ കുടുംബങ്ങളിൽനിന്നുള്ള കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുപോലും വിട്ടയയ്ക്കാൻ അവർ തയ്യാറായില്ല.  

ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാനായ പ്രിയങ്ക് കനുംഗോയുടെ ക്രൈസ്തവ സ്ഥാപനങ്ങളോടുള്ള പ്രതികാര ബുദ്ധിക്ക് ഉദാഹരണങ്ങൾ ഏറെയുണ്ട്. 2021 ൽ ഡിസംബറിലും നവംബറിലുമായി ഗുജറാത്തിലെയും, മധ്യപ്രദേശിലേയും രണ്ടു സ്ഥാപനങ്ങൾക്കെതിരെ നടത്തിയ നീക്കങ്ങൾ അക്കാലത്ത് വിവാദമായി മാറിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മെയ്മാസത്തിൽ കമ്മീഷൻ ചെയർമാനും സംഘവും മധ്യപ്രദേശിലെ സാഗറിന് സമീപം നൂറ്റമ്പത് വർഷത്തെ പഴക്കമുള്ള സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അതിക്രമിച്ചുകയറി അനധികൃത റെയ്ഡ് നടത്തുകയുണ്ടായി. ഓഫീസ് മുറികളും ദേവാലയവും അലങ്കോലപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത വൈദികർക്ക് മർദ്ദനമേൽക്കുകയുമുണ്ടായി. സിസിടിവിയും കമ്പ്യൂട്ടറുകളും തകരാറിലാക്കിയ അവർ ഫോണുകളും രേഖകളും മറ്റും പിടിച്ചെടുത്തു. കസ്റ്റഡിയിൽ എടുത്ത വൈദികരെ മണിക്കൂറുകൾക്ക് ശേഷമാണ് വിട്ടയയ്ക്കാൻ തയ്യാറായത്. 

തികഞ്ഞ ക്രൈസ്തവ വിരോധത്തിന്റെ ഭാഗമാണ് ഈ നടപടികൾ എന്നുള്ളത് വളരെ വ്യക്തം. ഒന്നര നൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന പ്രശസ്തമായ ഒരു സ്ഥാപനത്തിനെതിരെയുള്ള ഇത്തരം നീക്കങ്ങൾ അപലപനീയമാണ്. പ്രസ്തുത ഓർഫനേജിന്റെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള അപേക്ഷ പരിഗണിക്കാൻ വൈകിപ്പിച്ച് അടച്ചുപൂട്ടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് കഴിഞ്ഞ ചില വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി, ഓർഫനേജിന് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് കുട്ടികളെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ജബൽപൂർ ഹൈക്കോടതി 2021 ൽ സ്റ്റേ ചെയ്തിരുന്നു. ആ പശ്ചാത്തലത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങളാണ് ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിവരുന്നത്. ഇത്രയേറെ വർഷങ്ങൾ ചരിത്രമുള്ള സ്ഥാപനങ്ങൾക്കെതിരെ പോലും ഏകപക്ഷീയമായ നീക്കങ്ങൾ നടത്തി അടച്ചുപൂട്ടിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.

തുടർച്ചയായ രണ്ടാം തവണയും ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് തുടരുന്ന കനോംഗോ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നത് ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള നീക്കങ്ങൾ വഴിയായാണ്. കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുകയും, അവർക്കെതിരേയുള്ള അതിക്രമങ്ങൾ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2007 ൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനം ആരംഭിച്ച ബാലാവകാശ കമ്മീഷൻ ഈ കാലഘട്ടത്തിൽ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തം. നൂറ്റാണ്ടുകളായി ഇന്ത്യയിലെമ്പാടും അനാഥർക്കും രോഗികൾക്കും പാവപ്പെട്ടവർക്കും ഇടയിൽ നിസ്വാർത്ഥമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന കാതോലിക്കാ സഭയ്ക്കും മിഷനറിമാർക്കും എതിരെ പലപ്പോഴായി ഉയർത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളും അനുബന്ധ നീക്കങ്ങളും ദുരൂഹമാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ക്രൈസ്തവർക്കെതിരെ വർധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ ഭാഗമായേ ഇത്തരം പ്രവർത്തനങ്ങളെയും കണക്കാക്കാൻ കഴിയുകയുള്ളൂ. ചില തീവ്ര വർഗീയ സംഘടനകളുടെ ഗൂഢലക്ഷ്യങ്ങൾക്ക് ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും കൂട്ടുനിൽക്കുന്നത് ഖേദകരമാണ്.         

ഏറ്റവും ഒടുവിൽ, 2021 ഡിസംബർ 13ന് ഗുജറാത്തിലെ വഡോദരയിൽ മകർപുര എന്ന ഉൾപ്രദേശത്ത് മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ അഗതിമന്ദിരത്തിനും, അതിന് ഒരു മാസം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവന്നിരുന്ന പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിനും എതിരെ യുക്തിരഹിതമായ കുറ്റാരോപണങ്ങൾ നടത്തി കേസ് ചാർജ്ജ് ചെയ്യാൻ കാരണമായതും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാന്റെ ദുരൂഹമായ ഇടപെടൽ ആണ്. ആ രണ്ട് സംഭവങ്ങളും ഒടുവിൽ ഇപ്പോൾ മധ്യപ്രദേശിലെ സാഗറിൽ നടന്ന സംഭവത്തിനും ഏറെ സാമ്യങ്ങളുണ്ട്. രണ്ട് സംസ്ഥാനങ്ങളിൽ നടന്ന മൂന്ന് സംഭവങ്ങൾ തമ്മിലുള്ള സമാനത വെളിപ്പെടുത്തുന്നത് അവയുടെ ആസൂത്രിത സ്വഭാവം തന്നെയാണ്.

സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായി മറ്റു രണ്ട് സ്ഥാപനങ്ങൾക്കെതിരായി കുറ്റങ്ങൾ ചുമത്തുന്നതിന് മാസങ്ങൾക്ക് മുമ്പേ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. അത്തരമൊരു പരിശോധനയിൽ നിർബ്ബന്ധമായി പാലിച്ചിരിക്കേണ്ട മാനദണ്ഡങ്ങൾ പലതും അവിടെയും പാലിച്ചിരുന്നില്ല എന്നതോടൊപ്പം, ചില മുൻവിധികളോടെയാണ് പരിശോധന നടന്നതെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിരുന്നു. ഇന്റ്ഖേരിയിലെ പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലിൽ പരിശോധന നടത്തിയത് വനിതാ ഉദ്യോഗസ്ഥരുടെയും അന്തേവാസികളുടെയും സാന്നിധ്യമില്ലാതെ നിയമവിരുദ്ധമായാണ്. പ്രസ്തുത പരിശോധനകളിൽ അവർ പ്രത്യേകമായി തെരഞ്ഞ് കണ്ടെടുത്തത് ഏതാനും ബൈബിളുകളും, പ്രാർത്ഥനാ പുസ്തകങ്ങളുമാണ്. ഇരു സ്ഥാപനങ്ങളിലും അപൂർവ്വമായുണ്ടായിരുന്ന ക്രിസ്ത്യൻ അന്തേവാസികളുടെയും, സന്യസ്തരുടെ തന്നെയും വ്യക്തിപരമായ ഉപയോഗത്തിന് അവർ സൂക്ഷിച്ചിരുന്നവയായിരുന്നു അതൊക്കെ. ഇക്കാര്യം പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നെങ്കിൽ തന്നെയും ആ സ്ഥാപനങ്ങളിൽ മതപരിവർത്തനം നടക്കുന്നുണ്ട് എന്ന ആരോപണമാണ് പ്രിയങ്ക് കാനോങ്കോ തുടർന്ന് ഉന്നയിച്ചത്. അത്തരത്തിലുള്ള തന്റെ സംശയങ്ങൾ സൂചിപ്പിച്ചുകൊണ്ട് ആദ്യ രണ്ട് അവസരങ്ങളിലും അദ്ദേഹം ജില്ലാകലക്ടർമാർക്ക് കത്ത് നൽകുകയും തുടർ അന്വേഷണവും നടപടികളും ആവശ്യപ്പെടുകയുണ്ടായിരുന്നു.

രണ്ട് സംഭവങ്ങളിലും ജില്ലാ കലക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ബന്ധപ്പെട്ട അധികാരികൾ (പോലീസ്, ചൈൽഡ് വെൽഫെയർ, സോഷ്യൽ വെൽഫെയർ ഉദ്യോഗസ്ഥർ തുടങ്ങിയവർ) സംയുക്തമായും അല്ലാതെയും വിശദമായ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള തങ്ങളുടെ സംതൃപ്തി സിസ്റ്റേഴ്‌സിനെ അറിയിക്കുകയും ചെയ്യുകയുണ്ടായി.  രണ്ട് സംഭവങ്ങളിലും സന്യസ്തർ ചെയ്യുന്ന സ്തുത്യർഹമായ സേവനം കണ്ട് ബോധ്യപ്പെട്ട് തങ്ങളുടെ അഭിനന്ദനങ്ങൾ കൂടി അറിയിച്ചാണ് ചില ഉദ്യോഗസ്ഥർ മടങ്ങിയത്. അന്വേഷണങ്ങളിലോ തുടർപരിശോധനകളിലോ, അന്തേവാസികളെ ചോദ്യം ചെയ്തതിലോ അസ്വാഭാവികമായോ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലോ ഒന്നുംതന്നെ കണ്ടെത്താൻ അന്വേഷകർക്ക് കഴിഞ്ഞില്ല. അക്കാര്യവും അവർതന്നെ സിസ്റ്റേഴ്‌സിനോട് വ്യക്തമാക്കുകയുണ്ടായി. 

എന്നാൽ അപ്രതീക്ഷിതമായി ചില ദിവസങ്ങൾക്ക് ശേഷം തങ്ങൾക്കെതിരെ കേസ് എടുത്തതായാണ് ഇരു സംഭവങ്ങളിലും സിസ്റ്റേഴ്സ് അറിഞ്ഞത്. വാസ്തവവിരുദ്ധമാണെന്ന് പരിശോധകർക്ക് ബോധ്യപ്പെട്ട അതേ കുറ്റങ്ങൾതന്നെ ഇരുകൂട്ടർക്കും എതിരെ ചുമത്തപ്പെടുകയാണുണ്ടായത്. തങ്ങൾക്ക് മേലുള്ള രാഷ്ട്രീയ സമ്മർദ്ദംകൊണ്ട് കേസെടുക്കാൻ നിർബ്ബന്ധിതരായി എന്ന് പരിചയക്കാരായ ചില ഉദ്യോഗസ്ഥർ സിസ്റ്റേഴ്‌സിനോട് തുറന്ന് പറയുകയുണ്ടായി. ഒരുമാസം മുമ്പ് നടന്ന സംഭവവികാസങ്ങളെ തുടർന്ന് മധ്യപ്രദേശിലെ ഇന്റ്ഖേരിയിൽ, ഉൾഗ്രാമങ്ങളിലെ പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി നടത്തിവന്നിരുന്ന ഹോസ്റ്റൽ പൂട്ടിയിടാൻ സന്യസ്തർ നിർബ്ബന്ധിതരായിരുന്നു. സമാനമായ നാടകീയ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഗുജറാത്തിലെ അഗതിമന്ദിരവും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അടച്ചുപൂട്ടിക്കാനാണ് ചിലരുടെ ശ്രമം എന്ന് വ്യക്തം. ഇവിടെ വ്യക്തമാകുന്നത്, ഉന്നത പദവികളെ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കായും ഗൂഢ ലക്ഷ്യങ്ങൾക്കായും വർഗ്ഗീയ ശക്തികൾ ദുരുപയോഗിക്കുണ്ടെന്നുള്ളതും, അത്തരം സ്ഥാനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾ പോലും രാഷ്ട്രീയ താൽപ്പര്യങ്ങളെ മുൻനിർത്തി അവിഹിതമായി നടത്തുന്നുണ്ട് എന്നുള്ളതുമാണ്. 

വളരെ വർഷങ്ങൾക്ക് മുമ്പ് മുതൽ കത്തോലിക്കാ വൈദികരുടെയും സന്യസ്തരുടെയും നേതൃത്വത്തിൽ പാവപ്പെട്ടവരും അനാഥരും രോഗികളും വൃദ്ധരുമായവർക്ക് വേണ്ടി നിസ്വാർത്ഥമായി നടത്തപ്പെടുന്ന ഒട്ടേറെ ഭവനങ്ങളിൽ ചിലവ മാത്രമാണ് മേൽപ്പറഞ്ഞവ. ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർക്ക് പോകാൻ മറ്റൊരു ഇടവുമില്ല എന്നും ഇറങ്ങിപ്പോകേണ്ടിവന്നാൽ അവരുടെ ജീവിതം തന്നെ വഴിമുട്ടുമെന്നും വ്യക്തമായി മനസിലാക്കിയ അധികാരികൾ തന്നെയാണ് അവ അടച്ചുപൂട്ടിക്കാൻ കരുക്കൾ നീക്കുന്നത്. തങ്ങളുടെ അധികാരം ഉപയോഗിച്ച് പാവപ്പെട്ടവരുടെയും അവരുടെ സംരക്ഷകരുടെയും മേലുള്ള കടന്നുകയറ്റമാണ് ഇവിടെ സംഭവിക്കുന്നത്. രാഷ്ട്രീയവും വർഗ്ഗീയവുമായ ഗൂഢലക്ഷ്യങ്ങളോടെ ചിലർ തകർക്കാൻ ശ്രമിക്കുന്നത് ആരും താങ്ങാനില്ലാത്ത അനേകായിരങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണെന്ന് വ്യക്തം. 
വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള മതംമാറ്റ നിരോധന നിയമങ്ങളാണ് പലപ്പോഴും ദുരുപയോഗിക്കപ്പെട്ടിരിക്കുന്നത്. മതപരവും വർഗ്ഗീയവുമായ ചിലരുടെ അസഹിഷ്ണുത അധികാര ദുർവിനിയോഗത്തിലൂടെ വെളിപ്പെടുന്നു. അതിന് ആയുധമാകുന്നതോ, ഉദ്ദേശ്യശുദ്ധി പലപ്പോഴും ചോദ്യംചെയ്യപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളും. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെടുകയോ, നടപ്പാക്കാൻ ഒരുക്കങ്ങൾ നടത്തുകയോ ചെയ്തിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കും കത്തോലിക്കാ സ്ഥാപനങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിട്ടുണ്ട് എന്ന് നിരവധി റിപ്പോർട്ടുകളുണ്ട്. 

ഇതുപോലുള്ള അതിക്രമങ്ങളും അതിന്റെ രൂക്ഷതയും നാൾക്കുനാൾ വർധിച്ചുവരുന്ന അവസ്ഥ ഈ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അതിക്രമങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ ഭാവിയെയും അവിടെ പ്രവർത്തിക്കുന്നവരുടെ സുരക്ഷിതത്വത്തെയും ആശങ്കയിൽ അകപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഭരണകൂടങ്ങൾ വ്യക്തമായ ഒരു വിശദീകരണം സമൂഹത്തിന് നൽകേണ്ടതുണ്ട്. അഗതികളും രോഗികളുമായവർക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്ന ഒരു വലിയ വിഭാഗമാണ് കരിനിയമങ്ങൾ ദുരുപയോഗിച്ച് വേട്ടയാടപ്പെടുന്നത്. അപമാനകരമായ ഈ ദുരവസ്ഥ പരിഹരിക്കാനും, സുരക്ഷിതത്വം ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.