Views

മണിപ്പൂർ കലാപം ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമോ?
  • 25 May
  • 2023

മണിപ്പൂർ കലാപം ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമോ?


2023 മെയ് മൂന്ന് മുതൽ മണിപ്പൂർ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തിയ അന്വേഷണം. മണിപ്പൂരിന്റെ ചരിത്രവും, ആനുകാലിക രാഷ്ട്രീയവും, സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളും, ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ യാഥാർഥ്യങ്ങളും വിശകലനം ചെയ്യപ്പെടുന്നു. 

മുമ്പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള അതിക്രമങ്ങളും അസ്വസ്ഥതകളുമാണ് കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതൽ മണിപ്പൂർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1700 ൽ പരം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെടുകയും, 220 ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും 45000 ലേറെ പേർ അഭയാർത്ഥി ക്യാമ്പുകളിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം ഹൈന്ദവ ക്ഷേത്രങ്ങളും തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്ന് സ്ഥാപിക്കും വിധത്തിലാണ് റിപ്പോർട്ടുകളും വിവരണങ്ങളും ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, സൂക്ഷ്മമായ നിരീക്ഷണത്തിൽ മണിപ്പൂരിന്റെ ഇതുവരെയുള്ള ചരിത്രത്തിൽനിന്ന് വ്യത്യസ്തമായ ചില ഘടകങ്ങളും സ്വാധീനങ്ങളും ഏറ്റവും പുതിയ സംഭവ വികാസങ്ങളിൽ തിരിച്ചറിയാൻ കഴിയും. മണിപ്പൂരിലെ ചെറുതും വലുതുമായ വിവിധ വംശങ്ങളുടെ ചരിത്രവും രീതികളും മനസിലാക്കിയാൽ മാത്രമേ ഇപ്പോൾ സംഭവിക്കുന്നതെന്തെന്ന് വ്യക്തമാകൂ. 

മണിപ്പൂരിലെ ആഭ്യന്തര കലാപങ്ങൾ

മുമ്പും മണിപ്പൂരിന്റെ മണ്ണ് പലപ്പോഴായി നിരവധി വംശീയ ലഹളകളും പോരാട്ടങ്ങളും കണ്ടിട്ടുള്ളതാണ്. വിവിധ ഗോത്രവിഭാഗങ്ങൾക്കിടയിൽ പലതരം പ്രശ്നങ്ങൾ കാലങ്ങളായി നിലനിന്നിരുന്നു. പ്രമുഖ ഗോത്രങ്ങൾ തമ്മിൽ കഴിഞ്ഞ കാലങ്ങൾക്കിടയിൽ നടന്ന പോരാട്ടങ്ങൾക്ക് കയ്യുംകണക്കുമില്ല. പലപ്പോഴായി ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വംശീയതയും സ്വത്വവും നിലനിൽപ്പും സംബന്ധിച്ച ആശങ്കകളാണ് എല്ലാ പോരാട്ടങ്ങൾക്കും പിന്നിൽ. ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളായിരുന്നു മുൻകാലങ്ങളിലെ പോരാട്ടങ്ങൾക്ക് കാരണമെങ്കിൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ചില വിഭാഗങ്ങൾ ഭരണകൂടത്തിനെതിരെയും തിരിഞ്ഞു. 1964 മുതൽ ഇങ്ങോട്ട് പലപ്പോഴായി നിരവധി വിഘടനവാദ സംഘടനകൾ മണിപ്പൂരിൽ രൂപംകൊണ്ടിട്ടുണ്ട്. മണിപ്പൂരിലെ വരേണ്യ വർഗ്ഗമായി ഗണിക്കപ്പെട്ടിരുന്ന മെയ്തെയി വിഭാഗത്തിൽനിന്ന് രൂപപ്പെട്ടവയാണ് മിക്കതും. മണിപ്പൂർ 1949 ഓടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയത്. എന്നാൽ സംസ്ഥാന പദവി ലഭിക്കുന്നത് 23 വർഷങ്ങൾക്ക് ശേഷമാണ്. സ്വന്തം സംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ സ്വന്തം രാജ്യം വേണമെന്ന തീവ്ര നിലപാടാണ് മെയ്തെയികൾക്ക് ഉണ്ടായിരുന്നത് എന്നതിനാൽ, അവരിൽ ഒരു വിഭാഗം ആരംഭം മുതലേ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരുന്നു.   

അത്തരത്തിൽ ആദ്യമായി, 1964 ൽ മെയ്തെയികൾക്കിടയിൽനിന്ന് രൂപംകൊണ്ട സംഘടനയായിരുന്നു യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന് ശേഷം രൂപംകൊണ്ട റവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂർ എന്ന സായുധ സംഘടനയുടെ പ്രവർത്തകനായിരുന്ന എൻ. ബിശേശ്വർ സിങ് നക്സലേറ്റ് സ്വാധീനം ഉൾക്കൊണ്ടുകൊണ്ട് 1978 ൽ ആരംഭിച്ചതാണ് പീപ്പിൾസ് ലിബറേഷൻ ആർമി (മണിപ്പൂർ). ബംഗ്ലാദേശിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള സ്വാതന്ത്ര്യമുക്തിയായിരുന്നു പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രഖ്യാപിത ലക്ഷ്യം. സായുധ സമരമാണ് സ്വതന്ത്ര്യത്തിനുള്ള മാർഗ്ഗമായി അവർ സ്വീകരിച്ചത്. പി.എൽ.എ. യ്ക്ക് ശേഷവും നിരവധി സായുധ സംഘങ്ങൾ മെയ്തെയി സമൂഹത്തിൽനിന്ന് രൂപംകൊണ്ടു.  

മണിപ്പൂരിലെ ആഭ്യന്തര കലാപത്തെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്ന ഒരു സംഭവമായിരുന്നു 2004 ലെ തങ്‌ജം മനോരമയുടെ കൊലപാതകവും തുടർന്നുണ്ടായ വ്യാപക പ്രതിഷേധങ്ങളും. പിഎൽഎ പ്രവർത്തകയും സ്‌ഫോടക വസ്തു വിദഗ്ധയും എന്ന് ആരോപിച്ച് 2004ൽ അസം റൈഫിൾസ് പിടിച്ചുകൊണ്ടുപോയ മനോരമയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇറോം ശർമിളയുടെ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുന്നത്. ഇത്തരത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന സായുധ "സ്വാതന്ത്ര്യ സമരത്തിന്റെ" ചരിത്രം മെയ്തെയി വിഭാഗത്തിനുണ്ട്. തങ്ങളുടെ സ്വത്വം സംരക്ഷിക്കുക, സ്വന്തമായ രാജ്യം സ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. 

1964 ൽ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ആരംഭിച്ച കാലം മുതൽ മെയ്തെയി വംശത്തിൽ പെട്ട ചില വിഭാഗങ്ങൾ സ്വാതന്ത്ര്യത്തിനും സ്വത്വ സംരക്ഷണത്തിനും വേണ്ടി മുറവിളികൂട്ടുകയും രാജ്യവുമായി കലഹത്തിൽ ഏർപ്പെടുകയും സായുധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നെങ്കിൽ, കുക്കി, നാഗ തുടങ്ങിയ ഗോത്രവർഗ്ഗങ്ങൾ ഇത്തരം പോരാട്ടങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. മണിപ്പൂരിലെയും, നാഗാലാന്റിലെയും നാഗ ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിൽ ഒട്ടേറെ സൈനികരും മറ്റു വംശജരും കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്. മണിപ്പൂരിലെ മലമ്പ്രദേശങ്ങളിൽ അധിവസിച്ചിരുന്ന ഗോത്രവർഗ്ഗങ്ങളായ നാഗ, കുക്കി സമൂഹങ്ങൾക്കിടയിലും ഇതേ കാലയളവിൽ കലാപങ്ങൾ പൊട്ടി പുറപ്പെടുകയും ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു. അതുപോലെതന്നെ, മറ്റൊരു ഗോത്രവർഗ്ഗമായ പെയ്ത്തെ വംശവും കുക്കികളും തമ്മിലും കലാപങ്ങൾ ഉണ്ടാവുകയും അനേകർ കൊല്ലപ്പെടുകയും ഉണ്ടായിട്ടുണ്ട്. 

ഇത്തരത്തിൽ കലാപങ്ങളുടെയും പോരാട്ടങ്ങളുടെയും ഒട്ടേറെ കഥകളാണ് മണിപ്പൂരിന്റെ മണ്ണിന് പറയാനുള്ളത്. ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള കുടിപ്പകകൾ, തർക്കങ്ങൾ, സ്വന്തമായി രാജ്യം വേണമെന്ന ആവശ്യം, മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ അത്തരം പോരാട്ടങ്ങൾക്ക് പിന്നിൽ കാണാനാവും. എല്ലാ ഗോത്രങ്ങൾക്കും തന്നെ സായുധ സംഘങ്ങൾ വളരെ മുമ്പേ ഉണ്ട് എന്നുള്ളതും മറ്റൊരു വസ്തുതയാണ്. അത്തരം പോരാട്ടങ്ങളുടെയും നിരന്തര സംഘർഷങ്ങളുടെയും തുടർച്ചയായാണ് 1958 ൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്‌സസ് - സ്‌പെഷ്യൽ പവേഴ്സ് ആക്ട് (AFSPA - 1958) നിലവിൽ വരുന്നത്. 

വിവിധ വിഭാഗങ്ങളും മതവിശ്വാസങ്ങളും 

മതവിശ്വാസങ്ങൾക്ക് അതീതമായിരുന്നു മണിപ്പൂരിൽ വംശീയ ബോധ്യങ്ങൾ. ആദിവാസി ഗോത്രങ്ങൾക്കും മെയ്തെയി വിഭാഗത്തിനും മുമ്പുണ്ടായിരുന്ന പ്രാചീന മതവിശ്വാസങ്ങളെ പതിനേഴാം നൂറ്റാണ്ടോടെ അവർ കൈവിട്ടു തുടങ്ങി. മണിപ്പൂരിലെ താഴ്‌വരകളിൽ അധിവസിക്കുന്ന മെയ്തെയി വിഭാഗക്കാരിൽ ഭൂരിപക്ഷവും ഹൈന്ദവരായി മാറുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഹൈന്ദവ മത പ്രചാരകരുടെ കടന്നുവരവോടെയാണ് അത്. മുമ്പ് സനാമഹി എന്ന പ്രാചീന മതസ്ഥരായിരുന്നു അവർ. മെയ്തെയി വിഭാഗത്തിന്റെ തനത് മതമായ "സനാമഹിസം", "മെയ്തെയിസം" എന്നും അറിയപ്പെടുന്നു. ഇന്ന് മെയ്തെയി വിഭാഗത്തിൽ 70 ശതമാനത്തിനടുത്ത് ഹൈന്ദവരും പതിനാല് ശതമാനത്തോളം മുസ്ലീങ്ങളും അത്രത്തോളം തന്നെ സനാമഹികളും ചെറിയൊരു വിഭാഗം ക്രൈസ്തവരും ആണുള്ളത്. മെയ്തെയി വിഭാഗത്തിൽപെട്ട മുസ്ലീങ്ങൾ മെയ്തെയി പംഗൽസ് എന്ന് അറിയപ്പെടുന്നു. ഇടക്കാലത്ത് ദുർബ്ബലമായിമാറിയ മണിപ്പൂരിലെ പീപ്പിൾസ് ലിബറേഷൻ ആർമി തൊണ്ണൂറുകളുടെ ആരംഭത്തിൽ വീണ്ടും ശക്തി പ്രാപിച്ചപ്പോൾ പഴയ മെയ്തെയി സംസ്കാരത്തിലേയ്ക്കും ബംഗാളി ഭാഷ ഉപേക്ഷിച്ച് പഴയ ലിപിയിലേയ്ക്കും തിരികെ പോകാൻ ശ്രമം നടത്തി. സനാമഹി എന്ന പഴയ മതത്തെ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും അവർ നടത്തുകയുണ്ടായി. അക്കാലത്ത്തന്നെ മെയ്തെയി വംശജരായ മുസ്ലീങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിക്കുകയും അവർക്കെതിരെ തിരിയുകയും ചെയ്തു. അനുബന്ധമായി 1993 ൽ നടന്ന കലാപത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.   

ഗോത്രവിഭാഗങ്ങൾക്കിടയിലെ സംഘർഷങ്ങൾക്കും അക്രമ സംഭവങ്ങൾക്കും പിന്നിൽ മതം ഒരു കാരണമായി മാറിയിരുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. വിവിധ സമൂഹങ്ങൾക്കിടയിൽ കൂടിയും കുറഞ്ഞും എല്ലാ മതസ്ഥരും ഉള്ളതായി കാണാം. മതങ്ങൾക്ക് അതീതമായി തങ്ങളുടെ വംശത്തിന് അവർ പ്രാമുഖ്യം നൽകുന്നു. മെയ്തെയി വിഭാഗത്തിൽ ഹൈന്ദവരാണ് ഏറിയ പങ്കുമെങ്കിൽ കുക്കി, നാഗ തുടങ്ങിയ ഗോത്രവിഭാഗങ്ങളിൽ ക്രൈസ്തവരാണ് കൂടുതൽ. കണക്കുകൾ പ്രകാരം മലമ്പ്രദേശങ്ങളിൽ അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാരിൽ 92 ശതമാനവും ക്രൈസ്തവരാണ്. തങ്ങളുടെ പ്രാചീന മതവിശ്വാസങ്ങൾ കൈവിട്ട് കൂട്ടത്തോടെ അവർ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറി തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ക്രൈസ്തവരുടെ എണ്ണം കുത്തനെ ഉയർന്നു. വിവിധ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബ്രിട്ടീഷ് സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മികച്ച സ്‌കൂളുകൾക്ക് ആരംഭം കുറിച്ചതാണ് ക്രൈസ്തവ മിഷനറിമാരുടെ കടന്നുവരവിന് അവിടെ വഴിയൊരുക്കിയത്. കത്തോലിക്കാ മിഷനറിമാർക്ക് പുറമെ ഒട്ടേറെ ആംഗ്ലിക്കൻ - പ്രൊട്ടസ്റ്റന്റ് മിഷനറിമാരും ആ സംസ്ഥാനങ്ങളിലെ മലമ്പ്രദേശങ്ങളിലേയ്ക്ക് എത്തുകയും അവർ വഴി ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് ആകൃഷ്ടരായ ഗോത്രവർഗക്കാർ കൂട്ടത്തോടെ തങ്ങളുടെ പ്രാചീന മതവിശ്വാസങ്ങളെ കൈവിടുകയും ചെയ്തു. മണിപ്പൂരിന്റെ മലമ്പ്രദേശങ്ങളിൽ പഴയ മതവിശ്വാസങ്ങളിൽ തുടരുന്നത് നിലവിൽ ഒരുശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ്.   

മണിപ്പൂരിലെയും മറ്റ് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും മത പരിവർത്തനം സംബന്ധിച്ചുള്ള ചില പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. സനാമഹി പോലുള്ള പ്രാചീന മതവിശ്വാസങ്ങളിൽനിന്ന് മറ്റു മതവിശ്വാസങ്ങളിലേയ്ക്ക് ക്രമേണ കൂട്ടത്തോടെ മാറുകയാണ് ഉണ്ടായത്. മെയ്തെയികൾ ഹിന്ദുമത വിശ്വാസികളായതും അപ്രകാരം തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മണിപ്പൂർ രാജാവായിരുന്ന പാംഹെയ്‌ബ ഹിന്ദുമതം സ്വീകരിച്ചതോടെയാണ് മെയ്തെയികൾ ഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളായത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ദീർഘകാലം മണിപ്പൂർ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന വില്യം പെറ്റിഗ്രൂ എന്ന ബ്രിട്ടീഷ് മിഷനറിയെ മെയ്തെയികൾ അകറ്റി നിർത്തുകയാണുണ്ടായത്. ആദിവാസി ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച അദ്ദേഹത്തിലൂടെ അനേകർ ക്രൈസ്തവ വിശ്വാസികളായി മാറി.      

മെയ്മാസത്തിലെ കലാപം  

വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ കൂടുതലും മണിപ്പൂരിൽ ഉണ്ടായിട്ടുള്ളത് ഗോത്രവർഗ്ഗങ്ങൾ തമ്മിലാണ്. മെയ്തെയി വിഭാഗക്കാർ താഴ്‌വരകളിലും, ഗോത്രവിഭാഗക്കാർ ബഹുഭൂരിപക്ഷവും മലമ്പ്രദേശങ്ങളിലുമാണ് അധിവസിച്ചിരുന്നത് എന്നതിനാൽ, മെയ്തെയി വിഭാഗവും ഗോത്രവർഗ്ഗങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സമീപകാലം വരെയും ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. മെയ്തെയി വിഭാഗത്തിലെ സായുധ സംഘങ്ങൾ സർക്കാരും സൈന്യവുമായാണ് യുദ്ധം ചെയ്തിരുന്നത്. ഇതുവരെ സംഭവിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി മെയ്തെയി വിഭാഗവും കുക്കികളും തമ്മിൽ കലാപം ഉണ്ടായിരിക്കുന്നത് തികച്ചും അസാധാരണവും അസംഭവ്യവുമാണ്. കാരണം, കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കൊണ്ട് മണിപ്പൂരിന്റെ താഴ്‌വരകളിൽ ഭൂരിപക്ഷം വരുന്ന മെയ്തെയികൾക്കിടയിൽ ജീവിച്ചുവരുന്ന കുക്കി, നാഗ ഉൾപ്പെടെയുള്ള ഗോത്ര വംശജരുണ്ട്. മുൻകാലങ്ങളിൽ മെയ്തെയി വിഭാഗവുമായി ഗോത്രവിഭാഗങ്ങൾക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അപ്രകാരം സംഭവിക്കുമായിരുന്നില്ല. 

കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ മണിപ്പൂരിൽ പുകഞ്ഞുകൊണ്ടിരിക്കുന്നതും, കഴിഞ്ഞ ചില നാളുകൾക്കിടയിൽ അത്യന്തം രൂക്ഷമായതുമായ വിഷയങ്ങൾ ചരിത്ര പശ്ചാത്തലങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ്. മുൻകാലങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന ഭിന്നതകൾക്കും വിദ്വേഷചിന്തകൾക്കും കാരണമായ വിഷയങ്ങളല്ല കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. ഇവിടെ മതം ഒരു ഘടകമായി മാറി എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു വ്യത്യാസവും പുതുമയും. മുൻകാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി മതപരവും വർഗീയവുമായ ധ്രുവീകരണം മണിപ്പൂരിലെ ജനതകൾക്കിടയിൽ സംഭവിച്ചിരിക്കുന്നു എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു യാഥാർഥ്യമാണ്. ദേവാലയങ്ങൾ വളരെ കൂടുതലായി ആക്രമിക്കപ്പെട്ടു എന്നുള്ളത് ഇക്കാര്യം വ്യക്തമാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം കലാപം നടന്ന ആദ്യ നാലു ദിവസങ്ങൾക്കിടെ 121 ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. അവയിൽ 76 ദേവാലയങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടു. പിന്നീടും പലപ്പോഴായി ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമിക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളിൽ മെയ്തെയി വിഭാഗത്തിലെ ക്രൈസ്തവരുടെ അനേകം പള്ളികളും ഉൾപ്പെടുന്നു. അതിനർത്ഥം, കലാപകാരികൾ ലക്ഷ്യം വച്ചത് കുക്കികളെ മാത്രമല്ല എന്നുള്ളതാണ്. 

1700 ലേറെ വീടുകളാണ് പൂർണ്ണമായോ ഭാഗികമായോ ആ ദിവസങ്ങൾക്കിടയിൽ അവിടെ നശിപ്പിക്കപ്പെട്ടത്. വ്യാപകമായി സ്വത്തുവകകൾ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. വിവിധ റിപ്പോർട്ടുകൾ പ്രകാരം കുക്കി വിഭാഗത്തിൽ പെട്ട 45000 ലേറെ ആളുകൾ അഭയാർത്ഥി ക്യാമ്പുകളിലുണ്ട്. എന്നാൽ, മെയ്തെയി വിഭാഗത്തിൽ പെട്ടവരിൽ പലായനം ചെയ്യേണ്ടതായിവന്നവർ വിരളമാണ്. കുക്കികൾ തെരഞ്ഞുപിടിച്ച് ആക്രമിക്കപ്പെട്ട കാഴ്ചയാണ് കലാപ ദിവസങ്ങളിൽ കണ്ടത്. താഴ്‌വരകളിൽ വന്നുതാമസിച്ചിരുന്ന കുക്കികളുടെ ഭവനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടു. മെയ്തെയ് വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ ജില്ലകളും ഗോത്രവർഗക്കാർ കൂടുതലുള്ള കുന്നുകളിലെ ജില്ലകളായ ചുരചന്ദ്പൂർ, കാങ്പോക്പി, തെങ്നൗപൽ ജില്ലകളുമായിരുന്നു പ്രധാന പ്രശ്‌നബാധിത മേഖലകൾ.

സംഘടിതമായ അക്രമം 

ഇരു വിഭാഗങ്ങളും പരസ്പരം ആക്രമിക്കപ്പെടുകയുണ്ടായെങ്കിലും കുക്കികൾക്ക് എതിരെ സംഘടിതമായ അക്രമണ പരമ്പരകളാണ് ആ ദിവസങ്ങളിലും തുടർന്നും അരങ്ങേറിയത്. ആയുധധാരികളായ ആൾക്കൂട്ടങ്ങളാണ് ഒരേ സമയം പലയിടങ്ങളിലായി അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സംഘടിത സ്വഭാവം കലാപത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട് എന്നുള്ളതിന് സൂചന നൽകുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വർഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന രീതിയിൽ രാമാനന്ദ എന്ന വ്യക്തി പ്രസംഗിച്ചതും, തങ്ങളുടെ സ്വത്വവും സംസ്കാരവും മതവിശ്വാസവും സംരക്ഷിക്കുമെന്ന് ഒരു വിഭാഗം മെയ്തെയികൾ പ്രതിജ്ഞയെടുത്തതും ഇത്തരമൊരു കലാപത്തിന് ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ രാമാനന്ദ മാപ്പു പറയുകയുണ്ടായെങ്കിലും മെയ്തെയികൾക്കിടയിൽ ക്രൈസ്തവ വിദ്വേഷം വ്യാപിക്കുന്നതായി സൂചനകളുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വ പ്രത്യയ ശാസ്ത്രമുള്ള ചില സംഘടനകൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി മെയ്തെയികൾക്കിടയിൽ പ്രവർത്തിച്ചുവന്നിരുന്നു. 

ഇത്തരമൊരു സംഘർഷാവസ്ഥ രൂപപ്പെടാനുള്ള കാരണങ്ങൾ പലതുണ്ടായിരുന്നു എങ്കിലും അതിനെ ഒരു വർഗ്ഗീയ കലാപത്തിന്റെ രൂപഭാവങ്ങളിലേയ്ക്ക് എത്തിച്ചതിന് പിന്നിൽ ചില നിഗൂഢമായ ഇടപെടലുകൾ പലരും സംശയിക്കുന്നു. അത്തരമൊരു നിറംമാറ്റമാണ് പുതിയ കലാപത്തെ കൂടുതൽ ആശങ്കാജനകമായും അപകടകരമായും മാറ്റിയത്. ഒരു ശാശ്വത പരിഹാരത്തിന് തടസമായി നിൽക്കുന്നതും ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വർഗ്ഗീയ ധ്രുവീകരണം തന്നെയാണ്. ഇത്തരമൊരു അസ്ഥിരാവസ്ഥ സംസ്ഥാനത്ത് സൃഷ്ടിക്കാൻ പദ്ധതിയിട്ടത് ആരെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. അതിന് പശ്ചാത്തലമൊരുക്കിയത് ഗോത്രവർഗ്ഗങ്ങൾക്ക് മേൽ വർധിച്ചുവന്ന പലവിധ സമ്മർദ്ദങ്ങളും അവർക്കിടയിൽ രൂപപ്പെട്ടുകൊണ്ടിരുന്ന അസ്വസ്ഥതകളുമാണ്. മെയ്തെയി വംശജനായ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങൾക്കും നിലപാട് മാറ്റങ്ങൾക്കും അതിൽ വലിയ പങ്കുണ്ട്. 

കലാപത്തിന്റെ പശ്ചാത്തലങ്ങൾ 

മുഖ്യമായും മൂന്നു കാരണങ്ങളാണ് ഗോത്ര വർഗ്ഗങ്ങൾക്കിടയിൽ ആശങ്കകളും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നത്. വന നിയമങ്ങളിലെയും നയങ്ങളിലെയും പെട്ടെന്നുള്ള മാറ്റങ്ങൾ കുടിയിറക്കുകൾക്കും നീതിനിഷേധങ്ങൾക്കും കാരണമായതാണ് ഒന്നാമത്തെ കാരണം. മലമ്പ്രദേശങ്ങളിൽ അധിവസിച്ചിരുന്നവർ ചില ആരോപണങ്ങളെ നേരിടുകയും പതിവായി കുറ്റക്കാരായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്നത് മറ്റൊരു കാരണമായിരുന്നു. ഇംഫാൽ ഉൾപ്പെടെയുള്ള സമതല പ്രദേശങ്ങളിലും താഴ്‌വാരങ്ങളിലും ജീവിച്ചിരുന്ന മെയ്തെയി വിഭാഗത്തിന് പട്ടികവർഗ്ഗ പദവി നൽകുന്നതിനെ ഹൈക്കോടതി അനുകൂലിച്ച നടപടിയായിരുന്നു മൂന്നാമത്തെ കാരണം.

ഹിൽ ഏരിയ കമ്മിറ്റിയുടെ അറിവോ അനുമതിയോ കൂടാതെ വനസംബന്ധമായി ചില നീക്കങ്ങൾ മണിപ്പൂർ സർക്കാർ കഴിഞ്ഞ ചില കാലങ്ങളായി നടത്തിവന്നിരുന്നു. അത്തരത്തിൽ സർവേ നടത്തി ചില വന പ്രദേശങ്ങളെ സംരക്ഷിത വനമേഖലകളാക്കി പ്രഖ്യാപിക്കുന്നതോടൊപ്പം, കാലങ്ങളായി അവിടെ ജീവിച്ചിരുന്ന ഗോത്രവംശജരെ കുടിയിറക്കുകയോ മാറ്റി പാർപ്പിക്കുകയോ ചെയ്തുവന്നിരുന്നു. മുഖ്യമായും കുക്കികൾ ജീവിച്ചിരുന്ന ഗ്രാമങ്ങളിലാണ് ഇത്തരം നടപടികൾ ഉണ്ടായത്. ഇത്തരം പ്രവർത്തനങ്ങളോട് ഗോത്രവർഗ്ഗക്കാർക്ക് കടുത്ത എതിർപ്പാണ് ഉണ്ടായിരുന്നത്. കൂടാതെ മലമ്പ്രദേശങ്ങളിൽ ജീവിക്കുന്ന ഗോത്രവർഗ്ഗക്കാർ വനം കയ്യേറ്റക്കാരും അനധികൃത കുടിയേറ്റക്കാരും കഞ്ചാവ് കൃഷിക്കാരുമാണ് എന്ന ആരോപണം പതിവായി ഉന്നയിക്കപ്പെട്ടിരുന്നു. അത്തരത്തിലുള്ള ആക്ഷേപങ്ങളിലൂടെ ഗോത്രവർഗ്ഗക്കാരെ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ നേതൃത്വവും കുറെ മാസങ്ങളായി നിരന്തരം പ്രകോപിപ്പിച്ചു പോന്നു. തങ്ങളെ സ്വന്തം ഭൂമിയിൽനിന്ന് ഇറക്കിവിടാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്ന് സ്വാഭാവികമായും കരുതിയ ഗോത്ര വർഗ്ഗക്കാർ അത്യന്തം രോഷാകുലരായിരുന്നു. ഈ പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട് ഏപ്രിൽ അവസാന ആഴ്ചയിൽ ചുരാചന്ദ്പൂർ ജില്ലയിൽ പ്രതിഷേധങ്ങൾ ഉടലെടുക്കുകയും, ഇൻഡിജെനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം സംസ്ഥാന വ്യാപകമായി ബന്ദ് ആഹ്വാനം നടത്തുകയുമുണ്ടായിരുന്നു.

ഇതേ ഘട്ടത്തിൽത്തന്നെയാണ് മെയ്തെയികൾക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവുണ്ടാകുന്നതും അതേത്തുടർന്നുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതും. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മെയ്തെയികൾ ഉന്നയിച്ചിരുന്ന ആവശ്യപ്രകാരം, പട്ടികവർഗ്ഗ സംവരണ വിഷയത്തിൽ അവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് അത് കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നുള്ള നിർദ്ദേശമാണ് ഹൈക്കോടതി മണിപ്പൂർ സർക്കാരിന് നൽകിയത്. പ്രധാനമായും രണ്ടു കാരണങ്ങളാലാണ് തങ്ങൾക്ക് മെയ്തെയികൾ പട്ടികവർഗ്ഗ സംവരണം ആവശ്യപ്പെട്ടത്. തങ്ങളുടെ സ്വത്വം നിലനിർത്താനും സംരക്ഷിക്കാനും സംവരണം ആവശ്യമാണ് എന്ന് അവർ കരുതി. മറ്റു പട്ടികവർഗ്ഗക്കാരായ ഗോത്രവിഭാഗങ്ങൾക്ക് താഴ്‌വരകളിൽ സ്ഥലം വാങ്ങാമെന്നിരിക്കെ, മലമ്പ്രദേശങ്ങളിൽ മെയ്തെയി വിഭാഗങ്ങൾക്ക് സ്ഥലം വാങ്ങാൻ കഴിയില്ല എന്നതായിരുന്നു രണ്ടാമത്തെ കാരണം. മണിപ്പൂരിലെ നിയമപ്രകാരം വനമേഖലകളിലെ ഭൂപ്രദേശം കൈവശപ്പെടുത്തുവാൻ ഷെഡ്യൂൾഡ് ട്രൈബ് ആയ ഗോത്രവർഗ്ഗങ്ങളിൽ പെട്ടവർക്ക് മാത്രമേ കഴിയൂ. പ്രബലരായ മെയ്തെയികളും ആ വിഭാഗത്തിൽ ഉൾപ്പെടുന്ന പക്ഷം തങ്ങളുടെ ഭൂമി ക്രമേണ അവർ കൈവശപ്പെടുത്തുമെന്ന് ഗോത്രവർഗ്ഗക്കാർ കരുതി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തങ്ങൾക്ക് പട്ടികവർഗ്ഗ പദവി ഉണ്ടായിരുന്നു എന്ന വാദത്തിലൂന്നിയാണ് മെയ്തെയികൾ പട്ടികവർഗ്ഗ സംവരണാവകാശം ഉന്നയിച്ചിരുന്നത്. ഈ അവകാശവാദത്തെ നിരവധി രാഷ്ട്രീയക്കാരും എംഎൽഎ മാരും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ തന്നെ, ഇത്തരമൊരു നീക്കം തങ്ങൾക്കെതിരായ രാഷ്ട്രീയ നീക്കമാണെന്നും തങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും ഗോത്രവർഗ്ഗക്കാർ കരുതി.

മണിപ്പൂരിന്റെ രാഷ്ട്രീയം 

കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ വിപ്ലവകരമായ രാഷ്ട്രീയ മാറ്റങ്ങളാണ് മണിപ്പൂരിൽ സംഭവിച്ചത്. 2012 ഇലക്ഷനിൽ അതീവ ദുർബ്ബലമായ സാന്നിധ്യമായിരുന്ന ബിജെപി 2017 ലെ ഇലക്ഷനിൽ സഖ്യ കക്ഷികളുടെ പിൻബലത്തോടെ അധികാരത്തിൽ വരികയും, 2022 ഇലക്ഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരം ഉറപ്പിക്കുകയും ചെയ്തു. തീരെ ദുർബ്ബലമായ അവസ്ഥയിലേയ്ക്ക് കോൺഗ്രസ് പാർട്ടി ഒതുക്കപ്പെട്ടു. ബിജെപിയുടെ ഈ നേട്ടത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമത്തെ കാരണം നിയമസഭാ മണ്ഡലങ്ങളുടെ വിഭജനത്തിലെ സവിശേഷതകളാണ്. മെയ്തെയി വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള മണിപ്പൂരിലെ താഴ്‌വരകളിൽ നാൽപ്പത് മണ്ഡലങ്ങളും, മറ്റുവിഭാഗക്കാർ മാത്രം അധിവസിക്കുന്ന മലമ്പ്രദേശങ്ങളിൽ ഇരുപത് മണ്ഡലങ്ങളും ആണ് ഉള്ളത്. ഈ സാഹചര്യം ബിജെപിക്ക് തികച്ചും അനുകൂലമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്നെ സംസ്ഥാനവും ഭരിക്കുന്നു എന്നതിനാലുള്ള നേട്ടങ്ങൾ എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് ഗുണം ചെയ്തു. വിവിധ പദ്ധതികളുടെ നടത്തിപ്പും, ഗോത്രവർഗക്കാരെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചതും 2022 ഇലക്ഷനിൽ പ്രതിഫലിച്ചു. 

എന്നാൽ, ഇതേ കാലയളവിൽ വളർന്നുവന്ന വിഭാഗീയതയും, അവകാശ വാദങ്ങളും മണിപ്പൂരിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കി. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ മറവിൽ ശക്തിപ്രാപിച്ച മൗലിക വാദ ചിന്തകളും, ഗോത്രവർഗ്ഗക്കാർക്കെതിരായി മെയ്തെയി വിഭാഗത്തിനിടയിൽ പ്രചരിച്ച ആരോപണങ്ങളും അവർക്കിടയിൽ ശത്രുതാ മനോഭാവം വളർത്തിക്കൊണ്ടിരുന്നു. പട്ടിക വർഗ്ഗത്തിൽ ഉൾപ്പെടുന്നില്ല എന്ന കാരണത്താൽ മലമ്പ്രദേശത്ത് ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല എന്ന മെയ്തെയി വിഭാഗത്തിന്റെ പരിമിതി മറികടക്കാൻ അവർ കഠിന പ്രയത്നം നടത്തിപ്പോന്നു. ഗോത്രവർഗക്കാർക്ക് തങ്ങളുടെ ദേശത്ത് വന്നു ജീവിക്കാൻ കഴിയും എന്നുള്ളതിനാൽ അവരോട് പക ഉള്ളിൽ സൂക്ഷിച്ചിരുന്ന ചിലർ മെയ്തെയികളിൽ ഉണ്ടായിരുന്നു. ചില തൽപ്പര കക്ഷികൾ അത്തരം വിഷലിപ്തമായ ആശയങ്ങൾ അവർക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ടുമിരുന്നു. 

മണിപ്പൂരിലെ മലമ്പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം വഴി ജനസംഖ്യാ വർദ്ധനവ് ഉണ്ടാകുന്നുണ്ട് എന്നും, വനം കയ്യേറ്റം നടക്കുന്നുണ്ട് എന്നും, അവിടെ വ്യാപകമായ കഞ്ചാവ് കൃഷി നടക്കുന്നുണ്ട് എന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. മലമ്പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ കഞ്ചാവ് കൃഷി നടക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണെങ്കിലും ഗോത്ര സമൂഹങ്ങളെ മുഴുവനോടെ കഞ്ചാവ് കൃഷിക്കാർ എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്നത് പതിവായതാണ് അവരെ പ്രകോപിപ്പിച്ചിരുന്നത്. അനധികൃത കുടിയേറ്റത്തെക്കാൾ ഉപരി, 2001 സെൻസസിൽ അന്നത്തെ മണിപ്പൂരിലെ സാഹചര്യത്തിൽ ഗോത്രവർഗ വിഭാഗങ്ങളുടെ ശരിയായ കണക്കുകൾ രേഖപ്പെടുത്തപ്പെടാതെ പോയതാണ് ജനസംഖ്യയിലുള്ള ആശയക്കുഴപ്പത്തിന് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സെൻസസ് ഉദ്യോഗസ്ഥർക്ക് വനമേഖലകളിലൂടെ സഞ്ചരിച്ച് ഗ്രാമങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്നതിനാൽ ഒട്ടേറെ ഗ്രാമങ്ങൾ കണക്കിൽ പെടാതെ പോയിട്ടുണ്ട്. ഇത്തരം ചില മറുവശങ്ങൾക്കൂടി ഉണ്ടെങ്കിലും ആരോപണങ്ങളിൽ ഉറച്ചുനിന്ന് ഗോത്രവർഗ്ഗക്കാർക്ക് അംഗീകരിക്കാനാവാത്ത നിലപാടുകളുമായാണ് മണിപ്പൂർ ഭരണകൂടം സമീപകാലങ്ങളിൽ നീങ്ങിയത്. ഈ നീക്കങ്ങളോടുള്ള രോഷം ഗോത്രവർഗ്ഗക്കാർ പലപ്പോഴായി പ്രകടിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഏപ്രിൽ 28 ന് കുക്കികൾ ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂർ ജില്ലയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്ന ഒരു ജിം ജനക്കൂട്ടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയുണ്ടായി. 

അക്രമങ്ങൾ വ്യാപിക്കുന്നു     

മെയ് മൂന്നിന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് മണിപ്പൂർ ഗോത്രവർഗ്ഗക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ മാർച്ച് ആണ് പിന്നീട് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. അതിന് മുമ്പുള്ള ദിവസങ്ങളും സംഘർഷഭരിതമായിരുന്നു എങ്കിലും മെയ് മൂന്നാംതിയ്യതിയോടെ കാര്യങ്ങൾ പൂർണ്ണമായും കൈവിട്ടുപോവുകയായിരുന്നു. പ്രതിഷേധം നടത്തിയ ഗോത്രവർഗ്ഗക്കാർ മെയ്തെയികളെ ആക്രമിച്ചു എന്ന ആരോപണത്തെ തുടർന്നാണ് കുക്കികൾക്കെതിരെ വ്യാപകമായ അക്രമം അരങ്ങേറിയത്. താഴ്‌വരകളിൽ താമസിച്ചിരുന്ന കുക്കികളെയും അവരുടെ ദേവാലയങ്ങളെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചു തുടങ്ങിയ കലാപം മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനം മുഴുവൻ വ്യാപിച്ചു. മെയ്തെയികളും തിരിച്ചടികൾ നേരിട്ടു എങ്കിലും, കലാപത്തെ തുടർന്നുണ്ടായ സംഭവ പരമ്പരകൾ താഴ്‌വരകളിൽ താമസിക്കുന്ന ഗോത്ര വർഗ്ഗക്കാരെ, പ്രത്യേകിച്ച് കുക്കികളുടെ ഭാവിയെ തികഞ്ഞ അസ്ഥിരതയിൽ അകപ്പെടുത്തി. ഒടുവിലുണ്ടായ ഒരു ഹൈക്കോടതി ഇടപെടലിനെ തുടർന്നുള്ള രോഷത്തിനപ്പുറം കുക്കികൾക്ക് മെയ്തെയി വംശജരോട് പ്രത്യേക പകയോ വിദ്വേഷമോ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവരുടെ സമരം ആരംഭം മുതൽ സർക്കാരിന് എതിരായുള്ളതും നിലനിൽപ്പിന് വേണ്ടിയുള്ളതുമായിരുന്നു. എന്നിട്ടും, ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന രീതിയിൽ വ്യാപകമായി ചിത്രീകരിക്കപ്പെടുകയും ഏകപക്ഷീയമായ അടിച്ചമർത്തലും നാടുകടത്തലുമായി പരിണമിക്കുകയും ചെയ്തു. മെയ്തെയികൾക്ക് കുക്കികളോട് ഇത്രമാത്രം പ്രതികാരബുദ്ധി തോന്നാൻ ഇടയാക്കിയ കാരണങ്ങളെന്താണ് എന്ന ചോദ്യം അവിടെ അവശേഷിക്കുകയാണ്.

ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന വിശേഷണം ഇപ്പോഴും നിലനിൽക്കുന്നെങ്കിലും മണിപ്പൂരിൽ കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതലുള്ള ഏതാനും ദിവസങ്ങൾക്കിടയിൽ സംഭവിച്ചവയ്ക്ക് മറ്റു ചില സംസ്ഥാനങ്ങളിൽ മുമ്പുണ്ടായ ഏകപക്ഷീയ കലാപങ്ങളുടെയും വംശഹത്യകളുടെയും ഛായയുണ്ട്. മതത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടിയ, അനേകായിരങ്ങൾക്ക് സ്വത്തും കിടപ്പാടവും നഷ്ടപ്പെട്ട, ഇനിയും മുറിവുണങ്ങാത്ത ചില അക്രമസംഭവങ്ങൾക്ക് സമാനമായേ ഇതിനെയും വിലയിരുത്താൻ കഴിയൂ. ഇത്തരം അക്രമ സംഭവങ്ങൾക്കു പിന്നിൽ ചില നിഗൂഢ ശക്തികളുടെ ഇടപെടലുകളും പ്രാദേശികമായ ചില തീവ്ര വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളും പലപ്പോഴും ദൃശ്യമാണ്. അതിനാൽത്തന്നെ രാജ്യവ്യാപകമായി സാമുദായികവും മതപരവുമായ വിള്ളലുകൾ സൃഷ്ടിക്കാൻ ചില തല്പര കക്ഷികൾ ശ്രമിക്കുന്നുണ്ട് എന്ന് വ്യക്തം.     

ഒരു വലിയ വിഭാഗം ജനതയെ തികഞ്ഞ ആശയക്കുഴപ്പങ്ങളും ആശങ്കകളിലും അകപ്പെടുത്തിയത്തിന്റെ ഉത്തരവാദിത്തം ആർക്കാണ്? ഇതുവരെയില്ലാത്ത രീതിയിൽ വർഗീയ വിഷം അവരുടെ മനസുകളിൽ നിറച്ചത് ആരുടെ പദ്ധതികൾ പ്രകാരമാണ്? നിലനിൽപ്പിനും അതിജീവനത്തിനു വേണ്ടിയുള്ള ഒരു സമരത്തിന് മതത്തിന്റെയും വർഗ്ഗീയതയുടെയും പരിവേഷം നൽകി രാജ്യം മുഴുവൻ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയും യഥാർത്ഥ വിഷയങ്ങളിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ വഴിതിരിച്ചു വിടുകയും ചെയ്തത് ആരുടെ തീരുമാനങ്ങൾ പ്രകാരമാണെന്ന് ഇന്ത്യയിലെ മതേതര സമൂഹം തിരിച്ചറിയണം. വലിയ വാഗ്ദാനങ്ങൾ നൽകി ഇലക്ഷൻ പ്രചാരണം നടത്തി അധികാരത്തിലേക്കെത്തുകയും അധികാരമുറപ്പിച്ചുകഴിഞ്ഞാൽ നിറം മാറുകയും ചെയ്യുന്ന ബിജെപിയുടെ മുഖമാണ് മണിപ്പൂരിൽ വ്യക്തമാകുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ സ്വാധീനം മറ്റു വിവിധ സംസ്ഥാനങ്ങളിൽ എന്നതുപോലെ മണിപ്പൂരിലെ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിലും പ്രകടമായിരുന്നു. ആ അർത്ഥത്തിൽ മണിപ്പൂരിൽ സംഭവിച്ചത് ഒരു പാഠമായി ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും കാണേണ്ടതുണ്ട്.    

പ്രാകൃത സാമൂഹിക വ്യവസ്ഥിതികളെ അതിജീവിച്ച് സാവകാശം ഒത്തൊരുമയുടെ പാതയിൽ നടന്നുതുടങ്ങിയിരുന്ന മണിപ്പൂരിലെ സമുദായങ്ങൾക്കിടയിൽ ഗുരുതരമായ വിള്ളലുകൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മെയ്മാസം ആദ്യ ആഴ്ചയിലെ അനിഷ്ട സംഭവങ്ങൾക്കൊണ്ട് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിക്കുന്നില്ല. ചെറുതും വലുതുമായ രീതിയിൽ അവ തുടരുകയാണ്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ടുബാങ്കുകൾ സൃഷ്ടിച്ച് ഭരണസ്ഥിരത ഉറപ്പുവരുത്താൻ പരിശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് മാറ്റി നിർത്താത്തപക്ഷം ഒരു സംസ്ഥാനം മാത്രമല്ല, ഈ രാജ്യം മുഴുവൻ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തീർച്ച. ഇത്തരം ഗൂഢലക്ഷ്യങ്ങളോടെ സമൂഹത്തിൽ അസ്ഥിരതയും അസ്വസ്ഥതകളും സൃഷ്ടിക്കുന്നവർക്ക് വേണ്ടി മതത്തിന്റെയും വർഗീയതയുടെയും ഭാഷ്യങ്ങൾ മെനഞ്ഞ് വ്യാപകമായ വ്യാജപ്രചാരണങ്ങൾ നടത്തുന്ന മാധ്യമ സിൻഡിക്കറ്റുകളെയും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ നാം തയ്യാറാകണം.