Views

കേരളത്തിലെ മാലിന്യ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യം
  • 17 Mar
  • 2023

കേരളത്തിലെ മാലിന്യ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യം


ഭരണകൂടങ്ങളുടെ വിവിധ പ്രവർത്തനപദ്ധതികളിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ്. അവയിൽ പ്രധാനമാണ് മാലിന്യ ശേഖരണത്തിനും ശാസ്ത്രീയമായ സംസ്കരണതിനുമുള്ള സംവിധാനങ്ങൾ. കാലങ്ങളായി തുടരുന്ന കൊച്ചിയിലെ മലിനീകരണ പ്രശ്നവും ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ പ്രതിസന്ധികളും അടിയന്തിരമായി പരിഹരിക്കപ്പെടുന്നതോടൊപ്പം കേരളത്തിന്റെ വിവിധ മേഖലകളിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെയും മലിനീകരണ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും ഉയർന്ന പരിഗണന നൽകി കൈകാര്യം ചെയ്യപ്പെടേണ്ട മാലിന്യ സംസ്കരണ വിഷയത്തെ ഉദാസീനതയോടെ സമീപിക്കുന്ന ഭരണകൂടനിലപാടുകൾ പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തെ അത്യന്തം ദോഷകരമായി ബാധിക്കുന്ന സർക്കാർ അനാസ്ഥ നീതീകരണം അർഹിക്കുന്നതല്ല. 

കേരളത്തിലെ വിവിധ ഇടങ്ങളിലെ മാലിന്യസംസ്കരണ പദ്ധതികളെ അഴിമതിയുടെ അരങ്ങുകളാക്കിമാറ്റിയ സാഹചര്യവും അതെതുടർന്നുള്ള പ്രതിസന്ധികളും ലോകത്തിന് മുന്നിൽ കേരളസമൂഹത്തെ അപമാനിതരാക്കുന്ന ഒന്നാണ്. എഴുപത്തിനാല് ഏക്കറുകൾ വിസ്തൃതിയിലുള്ള ബ്രഹ്മപുരത്തെ മാലിന്യ ശേഖരണ ഭൂമി മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികൾ കൊച്ചി നഗരത്തെമുഴുവൻ മലിനീകരിച്ചിരിക്കുന്ന അവസ്ഥ ഭാവിയിൽ കേരളത്തിൽ പലയിടങ്ങളിലും സംഭവിച്ചേക്കാവുന്ന അപകടങ്ങൾക്ക് മാതൃകയാണ്. മാലിന്യസംസ്കരണ വിഷയം ഗൗരവമായി പരിഗണിക്കാൻ ഇനിയും സർക്കാർ അമാന്തം കാണിച്ചുകൂടാ. 

മനുഷ്യന്റെ ഇടപെടലുകൾ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന നാശത്തിന് ഏറ്റവും വലിയ ഉദാഹരണമായി ഈ വിഷയത്തെ കാണേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടവും തീരദേശങ്ങളും സംരക്ഷിക്കപ്പെടുക എന്നതിനോടൊപ്പം പ്രധാനമാണ് മലിനീകരണം നിയന്ത്രിക്കപ്പെടുക എന്നുള്ളതും. കേരളത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നത് മലിനീകരണ നിയന്ത്രണമാണ്. പരിസ്ഥിതിസംരക്ഷണം എന്ന വലിയ ഉത്തരവാദിത്തത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകാൻ പാടില്ല. പരിസ്ഥിതിക്ക് കൂടുതൽ ആഘാതം സൃഷ്ടിക്കുന്നതും അടിയന്തിര ഇടപെടലുകൾ ആവശ്യമുള്ളതുമായ മലിനീകരണ നിയന്ത്രണത്തെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.

ഏതൊരു നാടിനും അത്യന്താപേക്ഷിതമായ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ തെല്ലും ശ്രദ്ധ ചെലുത്താൻ തയ്യാറാകാത്ത, സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാൻ ആവശ്യമായ സാഹചര്യമൊരുക്കാൻ ശ്രമിക്കാത്ത സർക്കാർ കെ - റെയിൽ പോലുള്ള സങ്കൽപ്പങ്ങൾക്ക് പിന്നാലെ പോകുന്നതും അതിന്റെ പേരിലും ജനലക്ഷങ്ങൾക്ക് ആശങ്കകൾ സൃഷ്ടിക്കുന്നതും അംഗീകരിക്കാനാവാത്ത കാര്യങ്ങാളാണ്. അടിസ്ഥാന ഗതാഗത സംവിധാനങ്ങൾ, പര്യാപ്തമായ മാലിന്യ സംസ്കരണ പദ്ധതികൾ എന്നിങ്ങനെ ജനങ്ങൾ ആഗ്രഹിക്കുന്നതും അവർക്ക് ഒഴിച്ചുകൂടാനാവാത്തതുമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാവണം. മനുഷ്യനും പ്രകൃതിക്കും ഗുണകരമായ രീതിയിൽ മാലിന്യ സംഭരണ സംസ്കരണ ആവശ്യങ്ങൾക്കുള്ള ക്രമീകരണങ്ങൾ സംസ്ഥാന വ്യാപകമായി ഒരുക്കാനുള്ള നടപടികൾ സർക്കാർ അടിയന്തിരമായി സ്വീകരിക്കണം.  

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാൻസിസ് പാപ്പയുടെ വിഖ്യാതമായ പ്രബോധന ഗ്രന്ഥമായ "ലൗദാതോ സി" (അങ്ങേയ്ക്ക് സ്തുതി) ഉയർത്തി കാണിക്കുന്നതും സഭ എക്കാലവും ഉയർത്തിപ്പിടിക്കുന്നതുമായ ആദർശം പരിസ്ഥിതിയുടെയും മാനവസമൂഹത്തിന്റെയും സമഗ്രമായ സംരക്ഷണവും സുരക്ഷിതത്വവുമാണ്. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന മാലിന്യ പ്രതിസന്ധിയും ഒപ്പം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലും പരിസ്ഥിതി നാശം മൂലവും മലയോര, തീരദേശ മേഖലകളിലെ ഒട്ടനവധി ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ യുക്തമായ ഇടപെടലുകൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.