Views

 "എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം.
  • 10 Jan
  • 2023

"എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം.

സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന "എംപറർ എമ്മാനുവൽ", "സ്പിരിറ്റ് ഇൻ ജീസസ്" തുടങ്ങിയ സെക്ടുകളെ തള്ളിപ്പറഞ്ഞുകൊണ്ടും, അവയ്‌ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടും കേരളകത്തോലിക്കാ മെത്രാൻ സമിതി 2009ൽ പുറപ്പെടുവിച്ച ഇടയലേഖനം. 

2009 സെപ്റ്റംബർ ഇരുപതാം തിയ്യതി കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ദിവ്യബലി മദ്ധ്യേ വായിച്ച ഇടയലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു.    

മിശിഹായിൽ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,

രണ്ടാം വത്തിക്കാൻ സൂനഹദോസിനു (1962-65) ശേഷം കത്തോലിക്കാ സഭയിൽ വിവിധങ്ങളായ ആത്മീയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ഒന്നാണു കരിസ്മാറ്റിക്ക് നവീകരണം. ഇതുവഴി സഭയിൽ ഉണ്ടായിട്ടുള്ള ആത്മീയ ഉണർവ്വ് വളരെ വലുതാണ്. ക്രൈസ്തവജീവിതം ആത്യന്തികമായി വചനാധിഷ്ഠിതമായിരിക്കണമെന്ന ആശയം പ്രബലപ്പെടുന്നതിന് ഇതു സഹായകമായി. ബൈബിൾ വായിക്കുന്നതിന് താത്പര്യം ഉണർത്തിയെന്നതും കരിസ്മാറ്റിക് നവീകരണത്തിന്റെ നേട്ടമാണ്. ഇതിന്റെ ഫലമായി കരിസ്മാറ്റിക്ക് ധ്യാനകേന്ദ്രങ്ങൾ, കൺവെൻഷനുകൾ, പ്രാർത്ഥനാഗ്രൂപ്പുകൾ, വിവിധ ആത്മീയശുശ്രൂഷകൾ തുടങ്ങിയവ രൂപപ്പെട്ടു. ഇവയെല്ലാം നവീകരണരംഗത്ത് വലിയ സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്.

എന്നാൽ, യേശുവിന്റെ പ്രബോധനത്തിനും സഭയുടെ വിശുദ്ധ പാരമ്പര്യത്തിനും ചേരാത്തതും കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തോട് ബന്ധമില്ലാത്തതുമായ വളരെ അപകടകരങ്ങളായ പ്രവണതകളും ചിന്തകളും നമ്മുടെയിടയിൽ രൂപപ്പെടുന്നുണ്ട്. അവ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയെന്നത് ഞങ്ങളുടെ ഗൗരവപൂർണ്ണമായ അപ്പസ്തോലിക ഉത്തരവാദിത്വമാണ്.

സഭയെപ്പറ്റിയും ദൈവവചനത്തെപ്പറ്റിയും നിരവധി തെറ്റായ ചിന്തകളും പ്രബോധനങ്ങളും ഇന്നു പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സഭ ഏകവും വിശുദ്ധവും കാതോലിക്കവും അപ്പസ്തോലികവും ആണെന്ന വിശ്വാസം സഭയുടെ വിശുദ്ധ പാരമ്പര്യമാണ്. അതു ബൈബിളധിഷ്ഠിതവുമാണ്. നിഖ്യവിശ്വാസപ്രമാണത്തിൽ നാം അത് ഏറ്റുപറയുന്നു. യേശു ഒരു സഭ മാത്രമേ സ്ഥാപിച്ചിട്ടുള്ളു. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടതാണ് ആ സഭ. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ് (എഫേ.2:20). യേശുവിലൂടെ സാക്ഷാത്കരിക്കപ്പെട്ട രക്ഷാകരപ്രവർത്തനം തുടർന്നുകൊണ്ടുപോകുന്നവർക്ക്  ഇത് നിഷേധിക്കാനാവുകയില്ല. കർത്താവുതന്നെ രൂപംകൊടുത്ത ഒരു ഘടനയാണിത്. പത്രോസാകുന്ന പാറമേൽ പണിയപ്പെട്ട ഈ സഭയുടെ പ്രധാന ചുമതലക്കാരൻ അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമിക്കപ്പെടുന്ന പരിശുദ്ധ മാർപ്പാപ്പയാണ്. മാർപ്പാപ്പായോടൊപ്പം സഭയെ നയിക്കുന്നതും പഠിപ്പിക്കുന്നതും അപ്സ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാരുടെ സംഘമാണ്.

ഇന്നത്തെ മെത്രാൻ സംഘത്തിന്റെ ആദിമരൂപം അപ്പസ്തോലഗണത്തിലാണ് നമ്മൾ കാണുന്നത്. അവർക്കു നൽകപ്പെട്ട ആത്മീയ അധികാരാവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഇന്നത്തെ മെത്രാൻ സംഘത്തിനും ഉണ്ട്. അന്ത്യഅത്താഴവേളയിൽ യേശുനാഥൻ അപ്പസ്തോലഗണത്തിനു നൽകിയ ഉപദേശങ്ങൾ അവർക്കായി നടത്തിയ പ്രാർത്ഥനകൾ,അവരോടു  ചെയ്ത വാഗ്ദാനങ്ങൾ തുടങ്ങിയവയെല്ലാം അവരുടെ അനുഗാമികൾക്കും കൂടിയുള്ളതാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് എക്കാലവും സഭ അപ്പസ്തോലികമാണെന്ന വസ്തുതയാണ്. ക്രിസ്തു വാഗ്ദാനം ചെയ്ത രക്ഷ അവകാശമാക്കുവാനുള്ള മാർഗം ഈ സഭയിൽ അംഗമായിരിക്കുക എന്നതാണ്. തിരുസഭയിലാണു യേശു സ്ഥാപിച്ച കൂദാശകളുടെ പരികർമ്മം നടക്കുന്നത്. പൗരോഹിത്യ ശുശ്രൂഷയിലൂടെയാണല്ലോ കൂദാശകൾ പരികർമ്മം ചെയ്യപ്പെടുന്നത്.

ബൈബിളിലെ സംബന്ധിച്ച പല തെറ്റായ പ്രബോധനങ്ങളും പ്രചരിക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥം രൂപപ്പെട്ടതു സഭയിലാണ്. അപ്പസ്തോലന്മാരും അവരുടെ പിൻഗാമികളായ മെത്രാൻ സംഘവുമാണ്  അതു വ്യാഖ്യാനിക്കാൻ അധികാരപ്പെട്ടവർ. ആത്മാവിന്റെ നിവേശനത്താൽ വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയുടെ സത്യാവസ്ഥ തീരുമാനിക്കപ്പെടുന്നത് അവരിലൂടെയാണ്. ഈ പാരമ്പര്യമനുസരിച്ചാണ് സഭാമക്കൾ ദൈവവചനത്തെയും ഇതര ആത്മീയസത്യങ്ങളെയും വേർതിരിച്ചറിയുന്നതും അനുസരിക്കുന്നതും.

അടുത്തകാലത്തു സഭയിലെ ചില അത്മായ പ്രഘോഷകർ സ്വന്തം സുവിശേഷ ധ്യാനടീമുകളും പ്രാർത്ഥനാഗ്രൂപ്പുകളും സ്ഥാപിക്കുകയും ക്രമേണ സഭാപ്രബോധനങ്ങളിൽ നിന്നും നിയന്ത്രണത്തിൽനിന്നും അകന്നു സ്വന്തം നിലയിൽ സെക്ടുകളായി മാറുകയും ചെയ്തിട്ടുണ്ട്. അവർ നടത്തുന്ന ബൈബിൾ വ്യഖ്യാനങ്ങൾ പലതും സഭയുടെ വിശുദ്ധ പാരമ്പര്യത്തിനോ പ്രബോധനങ്ങൾക്കോ സാമാന്യബുദ്ധിക്കോ നിരക്കാത്തവയാണ്. ലോകാവസാനം അധികം താമസിയാതെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ ചില കൂട്ടായ്മകളുണ്ട്. വിശുദ്ധഗ്രന്ഥത്തിലെ ചില വചനങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് അതിനു കാരണം. ഇതിനു മുമ്പും ലോകത്തിന്റെ പല ഭാഗത്തും ലോകവസാനം പ്രഖ്യാപിച്ച് വെഞ്ചരിച്ച തിരികളുമായി കാത്തിരിക്കുന്നവരുണ്ട്. ക്രിസ്തുജയന്തി രണ്ടായിരത്തിൽ നമ്മുടെ നാട്ടിലും ഇത്തരം വെളിപാടുകൾ അവതരിപ്പിക്കപ്പെടുകയും പലരും അതു വിശ്വസിക്കുകയും ചെയിരുന്നുവല്ലോ.

വ്യക്തികൾക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ ബാഹ്യവസ്തുക്കളുടെ സ്വാധീനംമൂലം ഉണ്ടാകുന്നതാണെന്നു പഠിപ്പിക്കുന്ന സുവിശേഷ പ്രഘോഷകരുണ്ട്. ചില പുഷ്പങ്ങൾ, ആന, മയിൽ എന്നിവയുടെ ചിത്രങ്ങൾ, താലി നിലവിളക്ക് തുടങ്ങിയവയുടെ ഉപയോഗം എന്നിവയിലൂടെ ദുഷ്ടാരൂപി  നമ്മിലേക്ക് കടന്നുവരുമെന്നും ഇവർ പഠിപ്പിക്കുന്നു. വിശുദ്ധ കുർബ്ബാനയിൽ സമാധാനാശംസ നൽകുമ്പോൾ അപരനിലെ ദുഷ്ടാരൂപി തങ്ങളിലേക്ക് കടന്നുവരാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധക്കണമെന്നും ഉപദേശിക്കുന്നവരുമുണ്ട്. ഇത്തരം പഠിപ്പിക്കലുകൾക്കു പിൻബലമായി ചില ബൈബിൾ വചനങ്ങൾ അവർ ഉദ്ധരിക്കുകയും ചെയ്യും. മറ്റു മതവിശ്വാസികൾ പൂജ്യമായി കരുതുന്ന വസ്തുക്കളുടെ ഉപയോഗംമൂലം തിന്മ നമ്മിലേക്ക് കടന്നുവരുമെന്ന ചിന്തയാണ് അവർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഹൈന്ദവ മതത്തോടുള്ള  വെറുപ്പാണ് ഇതിലൂടെയെല്ലാം കാണിക്കുന്നത്. തിരുസഭയ്ക്ക് ഇതരമതങ്ങളോടുള്ള ബന്ധം സംബന്ധിച്ച് രണ്ടാം വത്തിക്കാൻ സൂനഹദോസ് നടത്തിയിട്ടുള്ള പ്രഖ്യാനം ഇവിടെ സ്മരണീയമാണ്. ദൈവം അവിടുത്തെ പരിപാലനയും നന്മയുടെ വെലിപ്പെടുത്തലും രക്ഷാപദ്ധതികളും എല്ലാവരിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു (ജ്ഞാനം 8:1; അപ്പ.14:17 റോമ 2:67; തിമോ. 2:4). ക്രിസ്തുവിനെയാണ് തിരുസഭ എന്നും പ്രഘോഷിക്കുന്നതും പ്രഘോഷിക്കേണ്ടതും. എങ്കിലും ഇതരമതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായിട്ടുള്ള യാതൊന്നിനെയും കത്തോലിക്കാ സഭ തിരസ്ക്കരിക്കുന്നില്ല. എന്നുമാത്രമല്ല, അവയെ ആത്മാർത്ഥമായ ആദരവോടെയാണ് കാണുന്നതെന്നും സൂനഹദോസ് എടുത്തു പറയുന്നുണ്ട്. ചില പ്രഘോഷകർ ഇതിൽനിന്നും വ്യത്യസ്തമായ രീതിയിൽ മറ്റു മതങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത് തിരുസഭയുടെ കാഴ്ചപ്പാടിനു ചേർന്നതല്ല.

ബൈബിൾ മാത്രം മതി, അത് ആർക്കും വായിച്ചു വ്യാഖ്യാനിക്കാൻ കഴിയും എന്ന ചിന്തയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇക്കൂട്ടർ സഭാപ്രബോധനങ്ങളും അപ്പസ്തോല പാരമ്പര്യങ്ങളും മനസ്സിലാക്കാത്തവരോ അതു കണക്കിലെടുക്കാത്തവരോ ആണ്. എല്ലാം വെളിപ്പെടുത്തി കിട്ടുന്നുവെന്ന ആവകാശവാദവും പലരും ഉന്നയിക്കുന്നു. അങ്ങനെ പരിശുദ്ധാമാവുതന്നെ വെളിപ്പെടുത്തി കൊടുക്കുമ്പോൾ പിന്നെ സഭയുടെ ആവശ്യമെന്ത് എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നു. അതിന്റെയോക്കെ ഫലമായി സഭാക്കൂട്ടായ്മയിൽനിന്നും അവർ അകന്നു പോകുന്നു. ഇങ്ങനെയുണ്ടായിട്ടുള്ള സെക്ടുകളിൽ കൂദാശകളുടെ പരികർമ്മമുണ്ടാവുകയില്ല. അപ്പസ്തോലിക സ്വഭാവം നഷ്ടപ്പെടുന്ന അത്തരം ഗ്രൂപ്പുകൾക്ക് പൗരോഹിത്യ ശുശ്രൂഷയുടെ പ്രസക്തിയില്ലല്ലോ. യേശു സ്ഥാപിച്ച സഭയുമായുള്ള ബന്ധം അത്തരക്കാർ വിച്ഛേദിക്കുകയാണു ചെയ്യുന്നത്.

ബൈബിൾ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിനെ സംബന്ധിച്ചു സഭ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളൊന്നും ഇത്തരം ഗ്രൂപ്പുകൾ കണക്കിലെടുക്കുന്നില്ല. വിശുദ്ധ ലിഖിതത്തിലെ പ്രവചനങ്ങളൊന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ, പ്രവചനങ്ങൾ ഒരിക്കലും മാനുഷിക ബുദ്ധിയാൽ രൂപം കൊണ്ടതല്ല; മറിച്ച്, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ് (2 പത്രോ. 1:20), വ്യാജപ്രവാചകന്മാരെയും വ്യാജോപദേഷ്ടാക്കളെയും സംബന്ധിച്ച് പത്രോസ് ശ്ലീഹാ ക്രിസ്തീയ സമൂഹത്തിന് നൽകുന്ന മുന്നറിയിപ്പ് എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇസ്രായേൽ ജനങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാമാരുമുണ്ടായിരുന്നു. തങ്ങളുടെമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കൾ നിങ്ങളുടെയിടയിലും ഉണ്ടാകും.അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാർഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവർമൂലം സത്യത്തിന്റെ മാർഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവർ ചൂഷണം ചെയ്യും (2 പത്രോ. 2:2-13).

കേരളത്തിൽ അടുത്തകാലത്തും ആരംഭിച്ചതും സഭയുടെ അംഗീകാരവും അനുവാദവുമില്ലാതെ നടത്തപ്പെടുന്നതുമായ ചില സുവിശേഷപ്രസ്ഥാനങ്ങളും പ്രാർത്ഥാനാലയങ്ങളുമുണ്ട്. അവ സഭയുടെ അംഗീകാരമുള്ളതാണെന്ന തെറ്റിദ്ധാരണ പരക്കുന്നു. ഇരിങ്ങാലക്കുട രൂപതാതിർത്തിയിൽ മുരിയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന എമ്പറർ എമ്മാനുവേൽ ട്രസ്റ്റ്, മാളയിലെ അമ്മ, കാഞ്ഞിരപ്പള്ളിയിലെ അപ്പർ റൂം, എറണാകുളത്തെ കോർണർ സ്റ്റോൺ, സ്പിരിറ്റ് ഇൻ ജീസസ്, ആത്മാഭിഷേകം തുടങ്ങിയവ ഇവയിൽപ്പെടുന്നു. ഇവ കൂടാതെ സ്വർഗ്ഗീയവിരുന്ന് പോലെയുള്ള സഭാഗ്രൂപ്പുകളും വിശ്വാസ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി പലരേയും ആകർഷിക്കുന്നു.

ഈ സമൂഹങ്ങൾ നടത്തുന്ന പ്രാർത്ഥനകളിലും ധ്യാനങ്ങളിലും സഭാവിശ്വാസങ്ങൾക്കു വിരുദ്ധമായ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതുകൂടാതെ കേരളത്തിൽ പല സ്ഥലങ്ങളിലും വ്യക്തികൾ ഇടവക വികാരിമാരുടെ അറിവും അനുവാദവും കൂടാതെ പ്രാർത്ഥനാഗ്രൂപ്പുകളും മറ്റും നടത്തുന്നതായി മനസ്സിലാക്കുന്നു. വേണ്ടത്ര പഠനവും പക്വതയും ഇല്ലാത്ത ഇവർ തികച്ചും അപകടകരവും സഭയുടെ പരമ്പരാഗതപ്രബോധനത്തിനു നിരക്കാത്തതുമായ ചിന്തകൾ ജനമദ്ധ്യത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് സഭാവിശ്വാസികൾ ജാഗ്രതയുള്ളവരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഈ സാഹചര്യത്തിൽ ചില പ്രയോഗിക നിർദ്ദേശങ്ങൽ നൽകുക ആവശ്യമാണ്.

സർവ്വപ്രധാനമായും സഭയുടെ വിശ്വാസങ്ങളും പ്രബോധനങ്ങളും ദൈവജനത്തിനു കൂടുതലായി വിശദീകരിച്ച് കൊടുക്കാനും വിശ്വാസത്തിൽ അവരെ ആഴപ്പെടുത്താനുമുള്ള ശ്രമം ബഹുമാനപ്പെട്ട വികാരിമാരുടെ ഭാഗത്തുനിന്നുണ്ടാകണം. സെക്ടുകളിൽ അകപ്പെട്ടുപോയവരെ സ്നേഹബുദ്ധ്യാ തിരുത്താൻ വികാരിമാർ ശ്രദ്ധിക്കണം. വീടുകൾ സന്ദർശിക്കാനും വിശ്വാസികളുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും ബ. വൈദികർ ഉത്സാഹം കാണിക്കണം. ബൈബിൾ മാത്രം മതി എന്ന തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതുണ്ട്.

സഭയുടെ അംഗീകാരമില്ലാത്ത പ്രാർത്ഥനാഗ്രൂപ്പുകളിലും ധ്യാനങ്ങളിലും സംബന്ധിക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം. ഈ കാര്യത്തിൽ വേണ്ടത്ര നിർദ്ദേശങ്ങൾ ബഹു. വികാരിമാർ വിശ്വാസികൾക്കു നൽകണം. വെളിപാടും ദർശനവും രോഗശാന്തിവരവും തങ്ങൾക്കുണ്ടെന്ന് അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെ വിവേകത്തോടെ വിലയിരുത്തണം. രൂപതാദ്ധ്യക്ഷന്മാരാണ് ഇക്കാര്യം സ്ഥീരീകരിക്കേണ്ടത്. ഈ അവകാശവാദം ഉന്നയിച്ചു പലരെയും സ്വാധീനിക്കുന്നവരുണ്ടെന്ന കാര്യം എല്ലാവരും ശ്രദ്ധിക്കണം.അതിനാൽ സുവിശേഷ പ്രഘോഷകരെയും ധ്യാനപ്രസംഗകരെയും ക്ഷണിക്കുന്നതിനു മുമ്പ് അവരുടെ രൂപതാദ്ധ്യക്ഷന്റെ അനുമതിയുണ്ടെന്ന് ഉറപ്പുവരുത്തണം.

കേരളത്തിലെ കരിസ്മാറ്റിക്ക് പ്രവർത്തനങ്ങളെ നയിക്കുന്നതിന് കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷൻ നിലവിലുണ്ട്. പ്രസ്തുത കമ്മീഷന്റെ സെക്രട്ടറിയേറ്റ് കളമേശ്ശേരിയിലെ എമ്മാവൂസ് കേന്ദ്രമാണ്. കേരള സർവീസ് ടീം (കെ.എസ്.ടി) ആണ് കേരളത്തിലെ നവീകരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. കരിസ്മാറ്റിക് നവീകരണത്തെ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾക്കു പ്രസ്തുത കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
യേശു സ്ഥാപിച്ചതും അപ്പസ്തോലന്മാരുടെ പിൻഗാമികൾ നയിക്കുന്നതുമായ സഭയിൽ അംഗമാകുവാനും അങ്ങനെ രക്ഷയുടെ മാർഗ്ഗത്തിൽ ചരിക്കുവാനും ഭാഗ്യവും ലഭിച്ചവരാണ് നമ്മൾ. ആ വലിയ ഭാഗ്യത്തിന് നാം നന്ദിയുള്ളവരായിരിക്കണം. ഏകവും സാർവത്രികവും ശ്ലൈഹികവും വിശുദ്ധവുമായ സഭയോടൊത്ത് ജീവിക്കുവാനും സഭയോടൊത്ത് ചിന്തിക്കുവാനും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

കേരളകത്തോലിക്കാമെത്രാൻ സമിതിക്കുവേണ്ടി,

1. മോസ്റ്റ് റവ. ഡാനിയേൽ അച്ചാരുപറമ്പിൽ
(കെ.സി.ബി.സി. പ്രസിഡന്റ്)

2. അത്യുന്നത കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ
(മേജർ ആർച്ചുബിഷപ് സീറോമലബാർ സഭ)

3. മോറാൻമോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ
(മേജർ ആർച്ചുബിഷപ് മലങ്കരസഭ)