Views

ലഹരിയുടെ പടുകുഴിയിൽ കേരളം
  • 28 Sep
  • 2022

ലഹരിയുടെ പടുകുഴിയിൽ കേരളം


കഴിഞ്ഞ ദിവസം സംസ്ഥാന എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ചില വെളിപ്പെടുത്തലുകൾ നടുക്കമുളവാക്കുന്നതാണ്. സമീപവർഷങ്ങളായി ഉയരുന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അടുത്ത കാലങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ചില വാർത്തകളും കൂട്ടിവായിച്ചാൽ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയുടെ ഭീകരചിത്രം വ്യക്തമാണ്. എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നിന് നഗര ഗ്രാമ ഭേദമില്ലാതെ സ്‌കൂൾകുട്ടികളിൽപോലും ഒരു വിഭാഗം അടിമകളാണ് എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ കരാളഹസ്തങ്ങളിൽ അകപ്പെട്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെക്കുറിച്ചോർത്ത് വിലപിക്കാനേ ലോകത്തിന് കഴിയൂ എന്നാണ് അവസ്ഥ. 

മുൻകാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി വലിയ രീതിയിൽ കേരളത്തിൽ മയക്കുമരുന്ന് പിടിക്കപ്പെടുന്നുണ്ട് എന്ന് പറയുന്ന മന്ത്രി, പിടിക്കപ്പെടുന്നതിലും എത്രയോ അധികമാണ് ഉപയോഗിക്കപ്പെടുന്നത് എന്ന തന്റെ ബോധ്യവും വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോൾ പിടിക്കപ്പെടുന്ന എല്ലാവരുടെയുംതന്നെ കയ്യിൽ എംഡിഎംഎ കാണപ്പെടുന്നതിനാൽ അതിന് വലിയ വ്യാപനമുണ്ടെന്ന് വേണം കരുതാൻ. അത്തരത്തിൽ ചിന്തിച്ചാൽ, കേരളം ഇന്ന് മയക്കുമരുന്ന് മാഫിയയുടെ വലിയ വിപണന കേന്ദ്രമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നു. പത്തുവയസ് മുതലുള്ള കുട്ടികൾപോലും കേരളത്തിൽ ലഹരി ഉപയോഗിക്കുന്നവരായുണ്ട് എന്നുള്ളതാണ് അദ്ദേഹത്തിന്റെ മറ്റൊരു വെളിപ്പെടുത്തൽ.

സുഹൃത്തുക്കൾ മയക്കുമരുന്നു നൽകി പീഡിപ്പിച്ചിരുന്നതായി കണ്ണൂർ സ്വദേശിയായ ഒരു സ്‌കൂൾ വിദ്യാർത്ഥിനി നടത്തിയ വെളിപ്പെടുത്തലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ നേർചിത്രമാണ്. താൻ മാത്രമല്ല, നിരവധി കുട്ടികൾ ഇത്തരത്തിൽ ദുരുപയോഗിക്കപ്പെടുകയും മയക്കുമരുന്നിന് അടിമകളാക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നും പെൺകുട്ടി പറയുന്നു. എക്സൈസ് മന്ത്രിയുടെ തന്നെ വെളിപ്പെടുത്തൽ പ്രകാരം ഊർജ്ജവും ഉന്മേഷവും ലഭിക്കാൻ എന്ന പേരിലാണ് കുട്ടികളിലേക്ക് മയക്കുമരുന്ന് ഉപയോഗം വ്യാപിക്കുന്നത്. അതുതന്നെയാണ് കണ്ണൂരിൽ ദുരനുഭവങ്ങൾ നേരിട്ട പെൺകുട്ടിക്ക് പറയാനുള്ളതും. ഒരുപക്ഷെ, തങ്ങൾ ഉപയോഗിക്കുന്നത് മയക്കുമരുന്നാണ് എന്ന് തിരിച്ചറിയാതെയാണ് ബഹുഭൂരിപക്ഷം കുട്ടികളും ഇതിന് അടിമകളാകുന്നുണ്ടാവുക. സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ അപകടകരമാണ് ഇന്നത്തെ സാഹചര്യം എന്ന സൂചനയാണ് ഇതുപോലുള്ള വെളിപ്പെടുത്തലുകളിലൂടെ ലഭിക്കുന്നത്.

അക്രമസ്വഭാവവും ആത്മഹത്യകളും കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യംകൂടി ഇന്നത്തെ കേരളത്തിലുണ്ട്. കേവലം പത്തോ പന്ത്രണ്ടോ വയസ് മാത്രമുള്ള ഒരു ആൺകുട്ടി പണം ആവശ്യപ്പെട്ട് രൂക്ഷമായ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സമീപകാലത്ത് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. കാരണമെന്തെന്ന് അറിയാതെയുള്ള ഇത്തരം പ്രകൃതങ്ങൾ കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന കാഴ്ചകൾക്ക് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമായ അന്വേഷണം ആവശ്യമുണ്ട്. 

എംഡിഎംഎ പോലുള്ള ആധുനിക സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത ഉപയോഗം വളരെ കുറഞ്ഞ അളവിലായാലും ലഹരി കൂടുതലായിരിക്കും എന്നുള്ളതാണ്. വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കപ്പെടുന്നതിനാൽ മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി സൂചന ലഭിച്ചെന്ന് വരില്ല. സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾക്ക് കാരണം മറ്റെന്തെങ്കിലുമാകാം എന്ന് സംശയിച്ചേക്കാം. ഒരുപക്ഷെ അത്തരത്തിലുള്ള സൂചനകൾ കൊടുക്കാതിരിക്കാൻ ഉപയോഗിക്കുന്നവരും മുൻകരുതലുകൾ സ്വീകരിക്കാനിടയുണ്ട്. പക്ഷെ, ഒരു ഘട്ടം കഴിയുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോവുകയും, വലിയ മാനസിക - ആരോഗ്യ പ്രശ്നങ്ങളിലേക്കും അഡിക്ഷനിലേയ്ക്കും വ്യക്തി എത്തിച്ചേരുകയും ചെയ്യും. കാരണമറിയാത്തതും വർദ്ധിച്ചുവരുന്നതുമായ ആത്മഹത്യകൾക്ക് പിന്നിലും മയക്കുമരുന്നിന്റെ ഉപയോഗമുണ്ടോ എന്നുള്ളതും സംശയിക്കാവുന്നതാണ്. 

സൗജന്യമായി ലഭിച്ചുതുടങ്ങുന്ന മയക്കുമരുന്നിന് ക്രമേണ അടിമകളായിത്തുടങ്ങുമ്പോൾ തുടർന്ന് അത് പണം കൊടുത്ത് വാങ്ങേണ്ടതായി വരുന്ന സാഹചര്യം ഉടലെടുക്കുന്നു. അപ്പോൾ ഉപയോഗിക്കുന്ന കുട്ടികൾ തന്നെ കാരിയർമാരും ആയിമാറുന്ന അവസ്ഥയുമുണ്ടാകുന്നു. അത്തരത്തിലാണ് കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വളരെ വേഗത്തിൽ പ്രചരിക്കുന്നത് എന്നാണ് സൂചനകൾ. ഇത്തരത്തിൽ കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് വ്യാപിപ്പിക്കൽ ലക്ഷ്യമിടുന്ന മാഫിയകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നുളളത് സുവ്യക്തമാണ്. ഇത്തരം യാഥാർഥ്യങ്ങളെല്ലാം വളരെ വ്യക്തമായിട്ടും സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കാത്തത് ദുരൂഹമാണ്. 

ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകൾ പ്രകാരം കേരളത്തിൽ വളരെ വ്യാപകമായി മാരകമായ പുതുതലമുറ മയക്കുമരുന്നുകൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നും, മന്ത്രിയുടെ തന്നെ ധാരണകൾ പ്രകാരം അത്തരം മയക്കുമരുന്നുകൾ വരുന്നത് അഫ്ഘാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് എന്നും വരുമ്പോൾ മയക്കുമരുന്നും തീവ്രവാദ പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം തള്ളിക്കളയാനാവില്ല. ഒരു വലിയ തലമുറയുടെ പ്രവർത്തനശേഷിയേയും, നാടിന്റെ തന്നെ ഭാവിയെയും നേരിട്ട് ബാധിക്കുന്ന വിധത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം ഇവിടെ വർദ്ധിച്ചിട്ടുണ്ടെങ്കിൽ അക്കാര്യത്തിലും ദേശവിരുദ്ധ ശക്തികളുടെ പങ്ക് സ്വാഭാവികമായും സംശയിക്കാം. കേന്ദ്ര അന്വേഷണ ഏജൻസികളെയും, സംസ്ഥാന പോലീസ് സേനയെയും, എക്സൈസ് വകുപ്പിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ അന്വേഷണങ്ങളാണ് ഇവിടെ ഉണ്ടാകേണ്ടത്. ഒപ്പം, വിദ്യാർത്ഥികൾക്കിടയിൽ സംഭവിച്ചിരിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തി സ്‌കൂളുകളുടെയും അധ്യാപകരുടെയും സഹായത്തോടെ അതിൽനിന്ന് അവരെ മോചിപ്പിക്കാനുള്ള ഫലപ്രദമായ ശ്രമങ്ങൾ ഉണ്ടാകണം. രാഷ്ട്രീയ സ്വാധീനങ്ങളുടെയും, വർഗ്ഗീയ ശക്തികളുടെ ഇടപെടലുകളുടെയും പേരിൽ ഇത്തരമൊരു വിഷയത്തെ നിസ്സാരവൽക്കരിച്ച് നാടിന്റെ ഭാവി നശിപ്പിക്കാൻ ഭരണകൂടം കൂട്ടുനിൽക്കാൻ പാടില്ല.