Views

പോപ്പുലർഫ്രണ്ടിന്റെ നിരോധനവും ആനുകാലിക കേരളവും
  • 05 Oct
  • 2022

പോപ്പുലർഫ്രണ്ടിന്റെ നിരോധനവും ആനുകാലിക കേരളവും



കേരളം ആസ്ഥാനകേന്ദ്രമായി വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത് മുൻകാലങ്ങളിൽ ഇത്തരം സംഘടനകൾക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു എന്നുതന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിവന്നിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അത്തരം തീവ്രവാദ സംഘങ്ങളിലേയ്ക്ക് കേരളത്തിൽനിന്നും ആളുകളെ അയക്കുക, വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക, രാജ്യത്തിന് അകത്തും പുറത്തും കള്ളപ്പണ ഇടപാടുകൾ നടത്തുക തുടങ്ങി വിവിധ രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നതായുള്ള മുൻകാലങ്ങളിലെ ആരോപണങ്ങളെല്ലാം വാസ്തവങ്ങളാണെന്ന് വ്യക്തത വന്നിരിക്കുന്നു. 

നൂറുകണക്കിന് പേരാണ് റെയ്ഡും അനുബന്ധ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുന്നത്. കേരളസമൂഹത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ വിവിധ സ്ഥാനമാനങ്ങളോടുകൂടി സ്വൈര്യമായി വിഹരിച്ചിരുന്നവരും അതിൽ പലരുമുണ്ട്. അത്തരക്കാർക്കെതിരെ ചൂണ്ടപ്പെട്ട വിരലുകളുടെ വിശ്വാസ്യതയാണ് ഇന്നലെവരെ ചോദ്യം ചെയ്യപ്പെട്ടിരുന്നത്. അത്തരക്കാർക്കെതിരെയും അവരുടെ നീക്കങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുള്ളപ്പോഴൊക്കെ അവർക്ക് ക്ലീൻ ചിറ്റ് നൽകാനും, വെള്ളപൂശാനും സാംസ്‌കാരിക നായകർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരും, മുഖ്യധാരാ മാധ്യമങ്ങളും മത്സരിച്ചിരുന്നു. 

കേരളത്തിൽ ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ടെന്നും, കേരളത്തിൽനിന്ന് തീവ്രവാദികൾ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, കേരളത്തിൽ ഭീകരപ്രവർത്തനങ്ങൾ പലവിധത്തിൽ നടക്കുന്നുണ്ടെന്നുമുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുള്ളപ്പോഴൊക്കെ "അവർക്കുണ്ടായ വേദനയെ"ക്കുറിച്ച് ഇവിടെ ലേഖനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരോപണങ്ങളെല്ലാം സത്യങ്ങളായിരുന്നു എന്ന് വ്യക്തമായപ്പോഴും, പിടിക്കപ്പെട്ടവരിൽ ഏറെയും നമുക്കിടയിലൂടെ സഞ്ചരിച്ചിരുന്നവരാണെന്ന് മനസിലായപ്പോഴും വേണ്ടവിധമുള്ള ഒരു നടുക്കം കേരളത്തിന്റെ സാംസ്‌കാരിക - മാധ്യമ മണ്ഡലങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതായുണ്ട്. തള്ളിപ്പറയാനോ, വാസ്തവങ്ങൾ അംഗീകരിക്കാനോ ഉള്ള വൈമുഖ്യം വീണ്ടും പ്രകടമാണ്.

പോപ്പുലർ ഫ്രണ്ടിന്റെ ചരിത്രം ഒരു സുപ്രഭാതത്തിൽ ആരംഭിക്കുന്നതല്ല. 1977 ൽ സ്ഥാപിക്കപ്പെടുകയും 2001 ലെ അമേരിക്കൻ ഭീകരാക്രമണത്തെ തുടർന്ന് നിരോധിക്കപ്പെടുകയും ചെയ്ത സ്റ്റുഡന്റ് ഇസ്ലാമിക്ക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ തുടർച്ചയാണ് പോപ്പുലർ ഫ്രണ്ട്. കേരളത്തിൽ വച്ച് തീവ്രവാദ പരിശീലനം വരെ നടത്തിയ ചരിത്രമാണ് SIMI ക്ക് ഉള്ളത്. പ്രവർത്തിച്ചിരുന്ന കാലയളവിൽ ദേശവിരുദ്ധ - ഭീകരവാദ പ്രവർത്തനങ്ങളിൽ ആദ്യ റെക്കോർഡുകൾ ഇന്ത്യയിൽ സ്ഥാപിച്ച SIMI ക്ക് ശേഷം രൂപം നൽകപ്പെട്ട പോപ്പുലർ ഫ്രണ്ട് പേരിൽ ഉൾപ്പെടെ മതേതര പ്രതിച്ഛായ നിലനിർത്തിക്കൊണ്ടാണ് പ്രവർത്തനങ്ങളിൽ മുന്നേറിയിരുന്നത്. പോപ്പുലർ ഫ്രണ്ടിന് ഒപ്പം കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന മറ്റ് എട്ട് സംഘടനകളിൽ ഏഴിന്റെയും പേരുകൾ അവയുടെ സ്വത്വം വെളിപ്പെടുത്തുന്നവയല്ല. സ്ത്രീ സമുദ്ധാരണം, മനുഷ്യാവകാശം, സാമൂഹിക പ്രവർത്തനം, യുവജന ക്ഷേമം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇത്തരം മുഖംമൂടികൾ അണിഞ്ഞ് ഈ സമൂഹത്തിൽ സജീവമായിരുന്നവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾ എന്തെന്ന് പലപ്പോഴായി വെളിവാക്കപ്പെട്ടിരുന്നു.

ഒട്ടേറെ കൊലപാതകങ്ങൾ, ചോദ്യപ്പേപ്പർ വിവാദത്തെത്തുടർന്ന് അദ്ധ്യാപകന്റെ കൈവെട്ട്, തീവ്രവാദ പ്രചരണങ്ങൾ, കലാപ ആഹ്വാനങ്ങൾ, പ്രണയക്കെണികൾക്കും മയക്കുമരുന്ന് വിപണനത്തിനും പിന്തുണ നൽകുന്ന പദ്ധതികൾ... ഇത്തരത്തിൽ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ സംഘടനയുടെ പ്രവർത്തകർ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ ഭീകര സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടിരുന്നു. "സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ" എന്ന തികഞ്ഞ മതേതര നാമത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും രജിസ്റ്റർ ചെയ്ത് മറ്റു പാർട്ടികളുമായി കരാർ വ്യവസ്ഥകളുണ്ടാക്കി രാഷ്ട്രീയത്തിലും പിടിമുറുക്കിയിരുന്ന ചരിത്രമാണ് പോപ്പുലർ ഫ്രണ്ടിന്റേത്. എന്നാൽ, പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് ശേഷവും അതിന്റെ രാഷ്ട്രീയ മുഖമായ SDPI കേരളത്തിൽ സ്വതന്ത്രമായ പ്രവർത്തന പദ്ധതികളുമായി മുന്നോട്ടുപോകുന്നതായി കാണാം.

മതേതര കേരളത്തിന് ആശങ്കകൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്ക് ചില സംഘടനകളുടെ സാങ്കേതികമായ നിരോധനം ശാശ്വതമായ പ്രതിവിധിയാണെന്ന് കരുതാനാവില്ല. സർക്കാർ സംവിധാനങ്ങളിൽ മുതൽ സാംസ്‌കാരിക മണ്ഡലങ്ങളിലും സാമൂഹിക പ്രവർത്തന വേദികളിലും മുഖംമൂടികൾ ധരിച്ച് കയറിക്കൂടിയിരിക്കുന്നവരെയും അവർക്ക് മുന്നിലും പിന്നിലുമുള്ളവരെയും തിരിച്ചറിഞ്ഞ് മാറ്റിനിർത്താൻ കേരളസമൂഹം തയ്യാറായെങ്കിലും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകൂ.