Views

കേരളത്തിലെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും  ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി  പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍
  • 01 Oct
  • 2022

കേരളത്തിലെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍

ക്രിസ്തുവില്‍ പ്രിയമുള്ള വൈദികരേ, സന്യസ്തരേ, സഹോദരീ സഹോദരന്മാരേ,

മയക്കുമരുന്ന് വിപണനവും ഉപഭോഗവും സംബന്ധിച്ച് ഈ അടുത്ത നാളുകളിലായി  പുറത്തുവന്നുകൊണ്ടിരി ക്കുന്ന വിവരങ്ങള്‍ നമ്മുടെ നാട് ലഹരിയുടെ അടിമത്തത്തിലേക്ക് നീങ്ങുകയാണ് എന്ന അപകടകരമായ യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് ചഉജട (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്നത് 27,072 പേരാണ്. ജനസംഖ്യയുടെ കാര്യത്തില്‍ പതിമൂന്നാം സ്ഥാനമുള്ള കേരളസംസ്ഥാനം ലഹരിസംബന്ധമായ കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ആറാം സ്ഥാനത്താണ്. ഈ വര്‍ഷം  ഓഗസ്റ്റ് 29 വരെ  16,128 ലഹരികേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് ബഹു. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളം കേസുകളുടെ വര്‍ദ്ധനവ്  ലഹരി ഉപയോഗം കനത്തതോതില്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നത് വെളിവാക്കുന്നുണ്ട്. 2020 ല്‍ മാത്രം ലഹരിയുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തില്‍ പിടിയിലായ നാലായിരത്തോളം പേരില്‍ 917 പേര്‍ 21 വയസില്‍ താഴെയുള്ളവരാണ്. ഇത് ലഹരി ഉപയോഗിക്കുന്നവരിലും വിപണനം ചെയ്യുന്നവരിലും കുട്ടികളുടെയും യുവതീ യുവാക്കളുടെയും എണ്ണം  കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളി വാണ്.
ഈ പശ്ചാത്തലത്തിലാണ് കുട്ടികളും യുവതലമുറയും ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിലെ വലിയൊരു വിഭാഗത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന സാമൂഹ്യതിന്മയെ കുറിച്ച് നാം കൂടുതല്‍ ഗൗരവമായി ചിന്തിക്കുന്നത്. ലഹരിയുടെ അടിമത്തം ഏതാ
നും വ്യക്തികളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മറിച്ച് കുടുംബങ്ങളെ സവിശേഷമായും പൊതുസമൂഹത്തെ മുഴുവനായും അതീവദോഷകരമായി ബാധിക്കുന്നതാണ്. ഈ ഗുരുതരമായ സാമൂഹ്യവിപത്തിനെ നേരിടാന്‍, ശരിയായ അപഗ്രഥനത്തിലധി ഷ്ഠിതമായ ഒരു 
പൊതു അവബോധം രൂപപ്പെടേണ്ടതുണ്ട്. അത്തരമൊരു ലക്ഷ്യത്തോടു കൂടി ഈ സാമൂഹ്യ വിപത്തിന്‍റെ ഭീകരതയെ മനസിലാക്കാനും ഇതിന്‍റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കാനും സഭാതനയര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങേണ്ടതുണ്ട്.  

ലഹരിമരുന്നുകളുടെ വ്യാപനം
മയക്കുമരുന്നിന്‍റെ വലിയ വിപണിയായി നമ്മുടെ സമൂഹം മാറുകയാണ്. നമ്മുടെ തുറമുഖങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ നിന്നും പിടിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളും, നഗര, ഗ്രാമ വ്യത്യാസമില്ലാതെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന മയക്കുമരുന്നിന്‍റെ ഉപഭോഗവും വിപണനവും സംബന്ധിച്ച നിരവധി കേസുകളും ഇത് വ്യക്തമാക്കുന്നു. 
മുന്‍കാലങ്ങളില്‍ കഞ്ചാവുപോലുള്ള ലഹരി വസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ മയക്കുമരുന്നിന്‍റെ ആധുനികരൂപമായ സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരി മരുന്നുകള്‍ എത്തിച്ചേരുകയും കുട്ടികളും യുവജനങ്ങളും ഇവയ്ക്ക് അടിമപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലവിലുള്ളത്. ചെറുപ്രായത്തിലുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളെപോലും മയക്കുമരുന്നിന് അടിമകളാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന മാഫിയകള്‍ നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് സമീപകാല സംഭവങ്ങളില്‍നിന്ന് നാം മനസിലാക്കേണ്ടത്. മാത്രവുമല്ല, മയക്കുമരുന്നു വില്‍പ്പനയ്ക്കും പ്രചരണത്തിനും കുട്ടികളെ ഉപകരണങ്ങളാക്കുന്ന രീതിയും കേരളത്തിലുണ്ട്.
തങ്ങള്‍ ഉപയോഗിക്കുന്നത് മയക്കുമരുന്നാണ് എന്ന തിരിച്ചറിവില്ലാതെയാണ് പലപ്പോഴും കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഉന്മേഷത്തിനും ഉറക്കം വരാതിരിക്കാനും മറ്റുമുള്ള പാനീയങ്ങളായും മിഠായികളായും ഗുളികകളായും കുട്ടികള്‍ക്കിടയില്‍  മയക്കുമരുന്നിനെ പരിചയപ്പെടുത്തുന്നു. ഒടുവില്‍ അവ ഉപേക്ഷിക്കാനാവില്ല എന്ന ഘട്ടം വരുമ്പോള്‍ പണം നല്‍കി വാങ്ങാനും, അതിനായി പണം കണ്ടെത്താനും കുട്ടികള്‍ നിര്‍ബ്ബന്ധിതരാകുന്നു. ക്രമേണ മയക്കുമരുന്ന് വിപണന സംഘത്തിന്‍റെ ഭാഗമായും പ്രചാരകരായും അവര്‍ മാറുന്നു.
ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധനവിനൊപ്പം ലൈംഗിക ചൂഷണം, ആക്രമണം, മോഷണം, കൊലപാതകം, ആത്മഹത്യ പോലെയുള്ള അനുബന്ധ കുറ്റകൃത്യങ്ങളും പെരുകുന്നു എന്നതും ഒരു വസ്തുതയാണ്. ലഹരിക്കടിമപ്പെട്ട്  ഉന്മേഷവും കായികശേഷിയും നഷ്ടപ്പെടുന്ന കുട്ടികളും യുവജനങ്ങളും നമ്മുടെ നാടിന്‍റെ ദയനീയചിത്രം വെളിവാക്കുന്നു. തുച്ഛമായ വരുമാനം പോലും ലഹരിദായക പദാര്‍ത്ഥങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്നതിലൂടെ നിരവധി കുടുംബങ്ങള്‍  അസമാധാനത്തിന്‍റെയും  പട്ടിണിയുടെയും പിടിയിലമരുന്നു. ലഹരിയിലുള്ള അടിമത്തം ആത്യന്തികമായി വ്യക്തികളുടെ സമ്പൂര്‍ണ നാശത്തിലേക്കും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും തകര്‍ച്ചയിലേക്കുമാണ് നയിക്കുന്നതെന്നതാണ് വാസ്തവം.

സഭയുടെ നിലപാട്
മയക്കുമരുന്നുകളുടെ ഉപയോഗം എന്തുകൊണ്ട് തിന്മയാകുന്നു എന്നതിനെകുറിച്ച് കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം വിശദീകരണം നല്കുന്നുണ്ട്: ഒരു വ്യക്തിക്ക് ലഹരി വസ്തുക്കളില്‍  ഉണ്ടാകുന്ന ആശ്രയത്തിന്‍റെ ഓരോ രൂപവും സ്വാതന്ത്ര്യം അടിമത്തത്തിനുവേണ്ടി കൈമാറ്റം ചെയ്യലാണ്. അത് ബന്ധപ്പെട്ട വ്യക്തിയുടെ ആ
രോഗ്യവും ജീവിതവും നശിപ്പിക്കുന്നു. അയാള്‍ക്ക് ചുറ്റുമുള്ള മനുഷ്യരെ  കുടുംബ തലത്തിലും, സാമൂഹിക തലത്തിലും വലിയതോതില്‍ ദ്രോഹിക്കുകയും ചെയ്യുന്നു (ഥഛഡഇഅഠ 389). 2016ല്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: 'പ്രശ്നങ്ങളില്‍നിന്ന് ഓടിയൊളിക്കാനും, നൈമിഷിക സുഖങ്ങള്‍ തേടാനുമുള്ള തൃഷ്ണ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നീളുന്നത് മനുഷ്യനെ പൂര്‍ണമായ തകര്‍ച്ചയിലേക്കും, വിവിധ തലങ്ങളിലുള്ള സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും നയിക്കുന്നു.'
മയക്കുമരുന്നുകളുടെ വിനാശകരമായ ഫലങ്ങളെ തുറന്നുകാണിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത്, മരണം വില്ക്കുന്നവരാണ് മയക്കുമരുന്ന് കച്ചവടക്കാര്‍ എന്നാണ്. വ്യക്തികളുടെ മാനസികവും സാമൂഹികവുമായ മരണത്തിന് കാരണമാകുകയും, വലിച്ചെറിയപ്പെടുന്ന വ്യക്തികളാക്കി അവരെ മാറ്റുകയും ചെയ്യുന്ന ലഹരിയുടെ ഉപഭോഗത്തിനുള്ള എല്ലാ സംവിധാനങ്ങളും എതിര്‍ക്കപ്പെടണം എന്നതാണ്  സഭയുടെ  എക്കാലത്തെയും നിലപാട്. മയക്കു മരുന്ന് ഉപയോഗവും അതിലുള്ള അടിമത്തവും തിന്മയാണ്. ഇക്കാരണത്താല്‍ തന്നെയാണ് ലഹരിവസ്തുക്കള്‍ക്കെതിരായ പോരാട്ടം അത്യന്തം ഗൗരവമേറിയ ക്രൈസ്തവ ധര്‍മ്മമായി തിരുസഭ വീക്ഷിക്കുന്നത്. ഈ കാലഘട്ടത്തില്‍ ഈ ഉത്തരവാദിത്വത്തെ കൂടുതല്‍ ആര്‍ജ്ജവത്തോടെ ഏറ്റെടുക്കാന്‍ നമുക്ക് കഴിയണം.

പ്രായോഗിക സമീപനങ്ങള്‍
നമ്മുടെ സാംസ്കാരിക, സാമൂഹിക ഔന്നത്യത്തെയും ക്രമസമാധാനത്തെയും യുവതലമുറയുടെ കാര്യപ്രാപ്തിയെയും ഭാവിയെയുമെല്ലാം ഒരുപോലെ ദോഷകരമായി ബാധിക്കുന്ന ഒരു സാമൂഹിക തിന്മ എന്ന നിലയില്‍ ലഹരിയുടെ ഉപയോഗത്തിനെതിരെ പ്രതി
രോധം തീര്‍ത്തുകൊണ്ട് എല്ലാവരും  സമൂഹത്തിന്‍റെ സംരക്ഷണത്തിനായി അണിനിരക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളും സാമൂഹിക, സാമുദായിക നേതൃത്വങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍മാത്രമേ, ഈ വലിയ ലക്ഷ്യം നേടിയെടുക്കാന്‍ നമുക്കു കഴിയുകയുള്ളൂ. വിവിധ തലങ്ങളില്‍ ഈ പ്രതിസന്ധിയെ നാം നേരിടേണ്ടതുണ്ട്.

കുടുംബതലം: 
കുടുംബങ്ങളിലാണ് ലഹരി ഉപയോഗവും അടിമത്തവും സംബന്ധിച്ച സാധ്യതകള്‍ അടിസ്ഥാനപരമായി പ്രതിരോധിക്കപ്പെടേണ്ടത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള പരസ്പരബന്ധവും തുറവിയും എല്ലായ്പ്പോഴും ഊഷ്മളമായി നിലനിറുത്താ
നും ക്രൈസ്തവ ആധ്യാത്മികതയില്‍ അടിയുറച്ച ഉത്തമ കുടുംബാന്തരീക്ഷം പുലര്‍ത്താനും സ്നേഹത്തില്‍ അനുദിനം വളരാനും നമ്മുടെ കുടുംബങ്ങള്‍ക്കു കഴിയണം. മക്കളുടെയും ജീവിതപങ്കാളികളുടെയും ധനാഗമ, വിനിയോഗ രീതികളെക്കുറിച്ച് മനസിലാക്കുകയും അസ്വാഭാവികമായ രീതികള്‍ കാണപ്പെടുന്നപക്ഷം സവിശേഷ ശ്രദ്ധ ചെലുത്തുകയും വേണം.

സംഘടനാതലം: 
മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികളിലൂടെ നാം കടന്നുപോകുമ്പോള്‍, നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും അതിനെതിരായ പോരാട്ടത്തില്‍ അണിനിരത്താന്‍ നാം പ്രോത്സാഹിപ്പി ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കെസിവൈഎം, കെസിഎസ്എല്‍, ചെറുപുഷ്പ മിഷന്‍ലീഗ്, യുവദീപ്തി, ജീസസ് യൂത്ത് തുടങ്ങി കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക
ളെല്ലാം ഈ ലക്ഷ്യം മുന്‍നിറുത്തി സംഘടനാ തലത്തില്‍ ലഹരി വിരുദ്ധസമിതികള്‍ രൂപീ
കരിക്കുകയും പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യണം. സംഘടനകളില്‍ അംഗങ്ങളായവര്‍ക്കുവേണ്ടി മാത്രമല്ല, പൊതുവേ എല്ലാ യുവജനങ്ങളെയും മുന്നില്‍കണ്ടുകൊണ്ടുള്ള പദ്ധതികളായിരിക്കണം യുവജനസംഘടനകള്‍ വിഭാവനം ചെയ്യേണ്ടത്. സംഘടനകളുടെ ആഭിമുഖ്യത്തില്‍ മയക്കുമരുന്ന് വ്യാപനത്തിനെതിരായ ക്യാംപെയ്നുകള്‍ നടത്തുകയും ഫലപ്രദമായ രീതിയില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുകയും വേണം. സമപ്രായക്കാര്‍ക്കിടയില്‍ സാഹോദര്യവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കാനും
അപരനെക്കുറിച്ചുള്ള കരുതലില്‍ യുവജനങ്ങളെ പ്രചോദിപ്പിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി സാധിക്കണം. ലൈംഗിക ചൂഷണങ്ങള്‍ക്കായി മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരം ഭീഷണികളെ പ്രത്യേകമായി നിരീക്ഷിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും സംഘടനകളുടെ നേതൃ
ത്വത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം. 
കത്തോലിക്കാ കോണ്‍ഗ്രസ്, ലാറ്റിന്‍ കാത്തലിക്ക് അസോ
സിയേഷന്‍, മലങ്കര കാത്തലിക്ക് അസോസിയേഷന്‍, മാതൃസംഘം, പിതൃവേദി തുടങ്ങി മറ്റ് സഭാ സംഘടനകളും ഈ ലക്ഷ്യം അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും കുടുംബങ്ങളും പൊതു സ്ഥലങ്ങളും മയക്കുമരുന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തന തലങ്ങളിലേയ്ക്ക് ഇറങ്ങുകയും വേണം. പ്രാദേശികമായ മറ്റ് സംഘടനകളും ഔദ്യോഗിക സംവിധാനങ്ങളുമായി യോജിച്ചുപ്രവര്‍ത്തിച്ചുകൊണ്ട് ലക്ഷ്യപ്രാപ്തിക്കായി പരിശ്രമിക്കണം. ഇടവകയിലെ വിവിധ സംഘടനകള്‍, സമിതികള്‍ തുടങ്ങിയവയിലെ അംഗങ്ങള്‍ ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയും വിലയിരുത്തലുകള്‍ നടത്തുകയും വേണം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍:
എല്ലാ കത്തോലിക്കാ ഇടവകകളുടെയും അതിര്‍ത്തികള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയങ്ങളും സ്ഥാപനങ്ങളും അതിന്‍റെ പരിസരപ്രദേശങ്ങളും 
പൂര്‍ണമായും ലഹരി വിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണം. നമ്മുടെ മാനേജുമെന്‍റുകള്‍ക്കു കീഴിലുള്ള സ്കൂളുകളിലും കോളേജുകളിലും പ്രവര്‍ത്തനസജ്ജരായ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുകയും ലഹരിവിമുക്തിക്കായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം. വിദ്യാലയങ്ങളിലും പരിസരപ്രദേശങ്ങളിലും ലഹരിപദാര്‍ഥങ്ങളുടെ വിപണന, ഉപയോഗ സാധ്യതകളുള്ള മേഖലകളെയും ക്യാമ്പസിലേക്ക് കടന്നുവരുന്ന അപരിചിതരെയും നിരീക്ഷണ വിധേയമാക്കണം. മാത്രമല്ല, മയക്കുമരുന്നിന് അടിമകളായിട്ടുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി തിരികെക്കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങള്‍ കലാലയങ്ങളില്‍ ക്രമീകരിക്കുകയും വേണം.

സഭാസംവിധാനങ്ങള്‍: 
സഭയുടെ കേന്ദ്രീകൃത സംവിധാനങ്ങളുടെ ഭാഗമായ ജാഗ്രത, മദ്യവിരുദ്ധസമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഇടവകതലത്തിലും മേഖലാരൂപതാ തലങ്ങളിലും കാര്യക്ഷമമാക്കുകയും മയക്കുമരുന്ന് വ്യാപനത്തെ പ്രതിരോധിക്കാനും നിയന്ത്രണവിധേയമാക്കാ
നും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും വേണം. ഈ ഗുരുതരമായ സാമൂഹിക വിപത്തിനെ ഫലപ്രദമായി നേരിടണമെങ്കില്‍ വിവിധ തലങ്ങളിലുള്ള അപഗ്രഥനങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണ്. മദ്യവിരുദ്ധ,  ജാഗ്രതാ സമിതികള്‍ക്ക് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കണം.
മതാധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ വളരെയേറെ പ്രവര്‍ത്തിക്കാനുണ്ട്. തങ്ങളുടെ മുന്നിലെത്തുന്ന കുട്ടികളെ അടുത്തറിയുകയും, അവരെ പ്രബുദ്ധരാക്കുകയും ചെയ്യാന്‍ കഴിയുന്നത് അവര്‍ക്കാണ്. ഇപ്പോഴത്തെ ലഹരി സാധ്യതകള്‍ക്കും അനുബന്ധ വിഷയങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് മുതിര്‍ന്ന വേദപാഠ ക്ളാസുകളിലെ കുട്ടികളുമായി സംവദിക്കാനും അവരെ അടുത്തു മനസിലാക്കി ആവശ്യമെങ്കില്‍ തിരുത്താ
നും മതാധ്യാപകര്‍ സന്നദ്ധരാകണം.
ലഹരിയുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ സമഗ്രമായ രീതിയില്‍ സാമൂഹ്യപ്രതിബദ്ധതയോടെ നടപ്പിലാക്കാന്‍ നമ്മുടെ സഹകരണം ആവശ്യമാണ്. വരുമാനത്തിനായി കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതും, ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ തുടങ്ങുന്നതും പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയേണ്ടതാണ്. കക്ഷിമതഭേദമേന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി ലഹരിവിമുക്ത സമൂഹത്തിനുവേണ്ടി ഊര്‍ജ്ജിതമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കണം. ലഹരിവിമുക്ത കേന്ദ്രങ്ങള്‍ കൂടുതലായി സ്ഥാപിച്ചും, സന്നദ്ധപ്രവര്‍ത്തകരെ പരിശീലിപ്പിച്ചും, ഇത്തരം ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിന്തുണച്ചും ക്രിയാത്മകമായ പ്രവര്‍ത്തനപദ്ധതി രൂപപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിനും ഭരണസംവിധാനങ്ങള്‍ക്കും മാതൃകയാകുവാന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു കഴിയണം.
നമ്മുടെ സമൂഹത്തിന്‍റെ നിലനില്പിനും നന്മയ്ക്കുംവേണ്ടി ലഹരിയുടെ സംസ്കാരത്തെ പ്രതിരോധിക്കാനും ജീവന്‍റെ സംസ്കാരത്തെ വളര്‍ത്താനുമുള്ള വലിയ ഉത്തരവാദിത്വം 
കൂട്ടായ്മയില്‍ ഫലപ്രദമായി നിര്‍വഹിക്കാന്‍ നമുക്കു സാധിക്കട്ടെ. അതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സമൃദ്ധമായ ദൈവാനുഗ്രഹത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം. 

മിശിഹായില്‍ സ്നേഹപൂര്‍വം,
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
പ്രസിഡന്‍റ്, കെസിബിസി
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍                                               
വൈസ് പ്രസിഡന്‍റ്, കെസിബിസി                                
ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്
സെക്രട്ടറി ജനറല്‍, കെസിബിസി