Views

രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലെ സംഘര്‍ഷവും, ക്രൈസ്തവരുടെ ആശയക്കുഴപ്പങ്ങളും
  • 30 Aug
  • 2022

രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലെ സംഘര്‍ഷവും, ക്രൈസ്തവരുടെ ആശയക്കുഴപ്പങ്ങളും


മുന്‍കാലങ്ങളിലൊന്നുമില്ലാത്ത രീതിയില്‍ ക്രൈസ്തവ മുസ്ലീം ബന്ധം കേരളത്തില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്ന് വിവിധ രീതികളില്‍ പൊതുസമൂഹവും പ്രത്യേകിച്ച് ക്രൈസ്തവരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അടുത്തകാലങ്ങളിലായി അനേകര്‍ ബോധവാന്മാരായതിന്‍റെ ഭാഗമായ പ്രതികരണങ്ങളും അതിന്‍റെ തുടര്‍ച്ചയായ പ്രചാരണങ്ങളും വാഗ്വാദങ്ങളും ചേരിപ്പോരുകളും തുടര്‍ച്ചയായുണ്ട്. ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി  മുതലായ ഹിന്ദുത്വവാദ സംഘടനകളും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ മുതലായ തീവ്ര ഇസ്ലാമിക സംഘടനകളും അടിസ്ഥാനപരമായി ശത്രുത പുലര്‍ത്തുന്നവരായതിനാലും, അത്തരം സംഘടനകളുടെ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും പരസ്പരമുള്ള വിദ്വേഷ പ്രചരണങ്ങളും പതിവായതിനാലും ഇപ്പോഴുള്ള ക്രൈസ്തവ പ്രതികരണങ്ങളും അതിന്‍റെ തുടര്‍ചിത്രങ്ങളും സങ്കീര്‍ണ്ണമാണ്.

സംഘപരിവാര്‍  ഇസ്ലാമിസ്റ്റ് സംഘര്‍ഷങ്ങള്‍ കേരളത്തില്‍
ആര്‍എസ്എസ് കാലങ്ങളായി ഉയര്‍ത്തുന്ന ആരോപണങ്ങളെ ബൗദ്ധികമായ ഒരു മറ സൃഷ്ടിച്ച് പ്രതിരോധിക്കുന്നതില്‍ എക്കാലവും കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍ വിജയിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ വലിയ രീതിയില്‍ മുതല്‍മുടക്ക് നടത്തി സെക്കുലര്‍ മുഖഭാവങ്ങളോടു കൂടിയ മാധ്യമങ്ങളും അനുബന്ധ സംവിധാനങ്ങളും (ഉദാഹരണമായി മാധ്യമം പത്രമാസികകള്‍, മീഡിയാ വണ്‍ ചാനല്‍, യൂട്യൂബ് ചാനലുകള്‍  തുടങ്ങിയവ) വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്നുണ്ട്. സന്നദ്ധ സംഘടനകള്‍, എന്‍ജിഒകള്‍ എന്നിങ്ങനെ സെക്കുലര്‍ നാമങ്ങളോടുകൂടിയ ഒട്ടേറെ പ്രസ്ഥാനങ്ങളും (ഉദാഹരണമായി കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണല്‍ വിമെന്‍സ് ഫ്രണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ) ഇത്തരക്കാര്‍ക്കുണ്ട്. ഇപ്രകാരമൊക്കെ സൃഷ്ടിക്കപ്പെട്ട സ്വാധീനവലയം ഉപയോഗിച്ച്, തങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാവിധ ആരോപണങ്ങള്‍ക്കും തടയിടാന്‍ ഒരുപരിധിവരെ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സംഘടനാ സംവിധാനങ്ങളെയും മാധ്യമങ്ങളെയും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് ഒരേസമയം തങ്ങളുടെ യഥാര്‍ത്ഥ മുഖത്തെ മറച്ചുവയ്ക്കുകയും ഒപ്പം ഹിന്ദുത്വ സംഘടനകളുടെ ഭീകരതയും, അവരുടെ ലക്ഷ്യങ്ങളും എല്ലായ്പ്പോഴും പ്രൊജക്ട്ചെയ്യുകയും ചെയ്യുകയായിരുന്നു ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വിവിധ മുസ്ലീം ഗ്രൂപ്പുകള്‍ ചെയ്തുവന്നിരുന്നത്. ബിസിനസ് ബന്ധങ്ങള്‍ വഴിയായി വളര്‍ത്തിയെടുത്ത സ്വാധീനം ഉപയോഗിച്ചും, അച്ചടി ദൃശ്യ മാധ്യമങ്ങളിലൂടെയും ഇതേ നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുവാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഇസ്ലാമിക ഭീകരതയ്ക്കെതിരെ എന്ന രീതിയില്‍ രൂപംകൊണ്ടതെങ്കിലും ക്രമേണ ഒരു തികഞ്ഞ വര്‍ഗ്ഗീയ സംഘടനയായി മാറിയ ആര്‍എസ്എസിന്  വിവിധ സംസ്ഥാനങ്ങളില്‍ വേരാഴ്ത്താന്‍ കഴിഞ്ഞെങ്കിലും കേരളത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ അടുത്തകാലം വരെയും കഴിഞ്ഞിരുന്നില്ല. തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് ഹൈന്ദവ സമൂഹത്തില്‍ തന്നെയും വലിയ സ്വീകാര്യത മുമ്പേ ഇല്ലാത്തതും, നേരെ വിപരീതമായി തീവ്ര ഇസ്ലാമിക സംഘടനകളെ തള്ളിപ്പറയാന്‍ മുസ്ലീം സമുദായം ഒരിക്കലും മുന്നോട്ടുവരാത്തതും ഇത്തരമൊരു പ്രവര്‍ത്തന പദ്ധതിയുടെ വിജയത്തിന്‍റെ പ്രധാന കാരണങ്ങളില്‍ ചിലതാണ്.

ഇസ്ലാമിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഹിന്ദുത്വ സംഘടനകളുടെ സഹായം തേടുന്നതിലെ അപകടങ്ങള്‍
ഹിന്ദുത്വ സംഘടനകളും ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍  രണ്ടാമത്തെ കൂട്ടര്‍ നല്‍കുന്ന വ്യാഖ്യാനങ്ങളാണ് പൊതുസമൂഹത്തിന് കൂടുതല്‍ സ്വീകാര്യം എന്ന പ്രത്യേക സാഹചര്യം നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ്  ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ പരിധിവിട്ടപ്പോള്‍ ക്രൈസ്തവരില്‍ പലരും പ്രതികരിക്കാന്‍ മുന്നോട്ടുവന്നത്.
കച്ചവട മേഖലകളിലെ ചതികളില്‍ മുതല്‍ പ്രണയക്കെണികളില്‍ വരെ അകപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ദ്ധിച്ചു വന്നിരുന്നെങ്കിലും കാര്യമായ പ്രതികരണങ്ങള്‍ ക്രൈസ്തവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. പ്രതികരിക്കാനുള്ള ഭയവും, ഒരുമിച്ചുനില്‍ക്കാനുള്ള മടിയും, പിന്തുണകള്‍ ഇല്ലാത്തതും മറ്റുമായിരുന്നു കാരണങ്ങള്‍. ആ ഘട്ടത്തിലാണ്, ക്രൈസ്തവരെ ഈ വിഷയത്തില്‍ ഒപ്പം നിര്‍ത്തിയാല്‍ രാഷ്ട്രീയമായ ഗുണങ്ങളുണ്ട് എന്ന് മനസിലാക്കിയ ഹിന്ദുത്വ സംഘടനാ നേതാക്കള്‍ 'ലൗജിഹാദ്' കേസുകളില്‍ ചെറിയ ചില ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കിത്തുടങ്ങിയത്. ഏതാണ്ട് അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അത്തരം ചില കേസുകളില്‍ അവര്‍ ഇടപെടുകയും കുറെ പെണ്‍കുട്ടികളെ രക്ഷപെടുത്തുകയുമുണ്ടായിട്ടുണ്ട്. അക്കാലത്ത് 'ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍' എന്ന പേരില്‍ ഒരു ആര്‍എസ്എസ് സ്പോണ്‍സേര്‍ഡ് സംഘടന ആരംഭിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇടപെടുന്ന കേസുകളെ ഉടനടിത്തന്നെ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ശൈലി അവര്‍ സ്വീകരിച്ചിരുന്നതിനാല്‍ അത്തരം ഇടപെടലുകള്‍ ഗുണത്തേക്കാളേറെ ദോഷമായിത്തീര്‍ന്നു. ലൗജിഹാദ് കേസുകള്‍ ഉയര്‍ന്നുവരുമ്പോഴെല്ലാം, ആര്‍എസ്എസ് പ്ലാറ്റ്ഫോമുകളില്‍ തീവ്ര പ്രചാരണങ്ങള്‍ നടന്നിരുന്നതിനാല്‍, പെണ്‍കുട്ടി ക്രിസ്ത്യാനി ആണെങ്കിലും ആര്‍എസ്എസിന്‍റെ കള്ളക്കളിയാണ് എന്ന മറുപക്ഷത്തിന്‍റെ വാദത്തിന് കൂടുതല്‍ വിശ്വാസ്യത ലഭിച്ചുകൊണ്ടിരുന്നു.
പിന്നീടും  ക്രൈസ്തവരും മുസ്ലീങ്ങളും മാത്രം ബന്ധപ്പെടുന്ന വിവാദങ്ങളായാലും അതില്‍ ആര്‍എസ്എസും പോഷക സംഘടനകളും രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ തിടുക്കം കൂട്ടുന്നതിനാലാണ് ശരിയായ രീതിയില്‍ അത്തരം പ്രതിസന്ധികളുടെ വാസ്തവങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയിട്ടുള്ളത്. ഇത്തരമൊരു സാഹചര്യം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്നതിനാല്‍ തന്നെ, പരസ്പരവിരുദ്ധമായ വാദഗതികള്‍ ഉയര്‍ത്തിയും ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചും സമൂഹത്തില്‍ വലിയ ആശയക്കുഴപ്പം നിലനിര്‍ത്താന്‍ തല്‍പ്പരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 'സംഘി ഭീകരത'യെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മതേതര ക്രൈസ്തവര്‍ക്ക് പോലും ഇസ്ലാമിക ഭീകരത എന്നൊന്നുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിന് കാരണം ഇവിടെ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളാണ്.

സംഘപരിവാറിന്‍റെ ലക്ഷ്യം 
പ്രശ്നപരിഹാരമോ?
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സംഘപരിവാര്‍ സംവിധാനങ്ങളോട് സഹകരിച്ചുകൊണ്ടുള്ള ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ആത്യന്തികമായി ക്രൈസ്തവ സമൂഹത്തിന് വലിയ ദോഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമില്ലാതെയാണ് ആര്‍എസ്എസും ബിജെപിയും ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നുള്ളതാണ് വാസ്തവം. കാരണം, കേരളത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ് അവരുടെ ആവശ്യം എന്നുള്ളതുതന്നെ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണം പിടിക്കാന്‍ ശേഷിയില്ലാത്തവിധം അത്രമാത്രം പിന്തള്ളപ്പെട്ടു നില്‍ക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ഹിന്ദുസമൂഹത്തില്‍നിന്ന് പോലും വേണ്ടവിധത്തിലുള്ള പിന്തുണയില്ലാത്തതാണ് കാരണം. എന്നാല്‍, ഇവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയും ബിജെപിയെക്കൊണ്ടുമാത്രമേ കേരളത്തെ രക്ഷപെടുത്താന്‍ കഴിയൂ എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ രാഷ്ട്രീയമായി അത് അവര്‍ക്കു ഗുണംചെയ്യൂ. അതിനുള്ള പ്രത്യക്ഷവും പരോക്ഷവുമായ ശ്രമങ്ങളും പ്രചാരണങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തില്‍ ഇത്തരം ക്രൈസ്തവ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്വീകരിക്കുന്ന ക്രൈസ്തവ വിരുദ്ധ നയങ്ങള്‍ അവഗണിക്കാനാവാത്തതാണ്. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പാസാക്കിയിട്ടുള്ള മതപരിവര്‍ത്തന നിരോധന ബില്ലുകള്‍, നമ്മുടെ സ്ഥാപനങ്ങള്‍ക്കെതിരായിട്ടുള്ള നിയമ നടപടികള്‍, വര്‍ഗീയ അതിക്രമങ്ങള്‍ ഇവയൊക്കെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കേരളത്തിലെ ക്രിസ്ത്യാനികളോട് മാത്രം കാണിക്കുന്ന സ്നേഹം കേവലം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നത് വ്യക്തമാണ്. ന്യൂനപക്ഷമോര്‍ച്ച പോലെയുള്ള സംവിധാനങ്ങളിലൂടെ ക്രൈസ്തവരെ അവര്‍ തെറ്റിധരിപ്പിക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു എന്ന് വേണം അനുമാനിക്കാന്‍. കേരളത്തില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള ഇസ്ലാം വിരുദ്ധതയെ ആളികത്തിക്കാനും ദുരുപയോഗം ചെയ്യാനുമാണോ ഈ ബാന്ധവം എന്ന് നാം നിരന്തരം നിരീക്ഷിക്കേണ്ടിയിരിക്കുന്നു.


ഇസ്ലാമിസ്റ്റുകളുടെ പ്രവര്‍ത്തനപദ്ധതികള്‍
തീവ്ര ഇസ്ലാമിക സംഘടനകളും പ്രവര്‍ത്തകരും വളരെ ബുദ്ധിപൂര്‍വ്വവും സമര്‍ത്ഥമായുമാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകുന്നത് എന്നുള്ളതാണ് നാം ആദ്യം മനസിലാക്കിയിരിക്കേണ്ട വസ്തുത. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പുമുതല്‍ ചിലര്‍ പദ്ധതിയിട്ടു പ്രവര്‍ത്തിച്ചുവന്നതിന്‍റെ ഫലങ്ങളാണ് ഇന്ന് നാം കാണുന്നത്. ഒരുപക്ഷെ സമുദായ ശാക്തീകരണത്തിന്‍റെ ഒരു വലിയ മാതൃകതന്നെ ഈ സമൂഹത്തിന്‍റെ കഴിഞ്ഞ ചില ദശകങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ ആദ്യ കാലങ്ങളില്‍ത്തന്നെ ഒരു മാസ്റ്റര്‍ പ്ലാനുമായാണ് അവര്‍ മുന്നേറിയിരുന്നത് എന്ന് കരുതാം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഒരു നൂറ്റാണ്ട് തികയുന്ന 2047 മുന്‍നിര്‍ത്തിക്കൊണ്ടുള്ള വലിയ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമീപകാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സമസ്ത പോലുള്ള മുഖ്യധാരാ മുസ്ലീം സംഘടനകളും അവരുടെ പ്രവര്‍ത്തന സംവിധാനങ്ങളും മാത്രമല്ല, എസ്ഡി
പിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ തീവ്ര സംഘടനകളും 'മിഷന്‍ 2047' എന്ന ആശയത്തെ സമീപകാലങ്ങളിലായി പ്രത്യേകം എടുത്തുപറയുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്‍റെ നൂറാം വര്‍ഷത്തോടെ മുസ്ലീം സമൂഹം അവര്‍ ലക്ഷ്യംവയ്ക്കുന്ന വളര്‍ച്ച നേടുക എന്നതാണ് ഒറ്റവാക്യത്തില്‍ മിഷന്‍ 2047 അര്‍ത്ഥമാക്കുന്നത്. ഏതുതരത്തിലുള്ള നേട്ടങ്ങളാണ് അവര്‍ ലക്ഷ്യംവയ്ക്കുന്നത് എന്നുള്ളതിന് ഭാഗികമായ അറിവേ ഇതുവരെ നമുക്കുള്ളൂ. എന്തുതന്നെയായാലും, കഴിഞ്ഞ എഴുപത്തഞ്ച് വര്‍ഷങ്ങളായി ഒറ്റക്കെട്ടായി ആ ഒരു ലക്ഷ്യത്തിന്‍റെ പിന്നാലെയാണ് കേരളത്തിലെ ഇസ്ലാമിക സമൂഹം എന്നുള്ളത് വ്യക്തമാണ്. തങ്ങളുടെ ലക്ഷ്യങ്ങളില്‍ അവര്‍ വളരെയധികം മുന്നേറിക്കഴിഞ്ഞിരിക്കുന്നു എന്ന് കാണാം.

വര്‍ദ്ധിക്കുന്ന ശത്രുതാ മനോഭാവം
സഹസമുദായം എന്നനിലയിലല്ല ഇന്ന് പലരും ഇസ്ലാം മതത്തില്‍ പെട്ടവരെ കാണുന്നത്, ശത്രുക്കളായാണ്. ആര്‍എസ്എസ് പിന്തുണയോടെ ക്രൈസ്തവര്‍ക്കിടയില്‍ വേരാഴ്ത്തിക്കൊണ്ടിരിക്കുന്ന ഈ മനോഭാവം അപകടകരമാണ്. അതേസമയം, വളര്‍ന്നുവരുന്ന മുസ്ലീം വിരോധം അടിസ്ഥാനമില്ലാത്തതല്ല താനും. രണ്ടുവശങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള നയരൂപീകരണവും നിലപാടുകളുമേ ശാശ്വതമായ പ്രശ്നപരിഹാരത്തിന് ഉപകരിക്കുകയുള്ളൂ. ഈ വിഷയത്തില്‍ ക്രൈസ്തവര്‍ക്ക് 'നിരുപാധികം' പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സംഘപരിവാര്‍  ബിജെപി നേതൃത്വങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളും, ഇസ്ലാമിസ്റ്റുകളുടെ പ്രവര്‍ത്തനപദ്ധതികളിലെയും ലക്ഷ്യങ്ങളിലെയും ക്രൈസ്തവ വിരുദ്ധവും ദോഷകരവുമായ വശങ്ങളെയും ക്രൈസ്തവര്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അനാരോഗ്യകരമായ മുസ്ലീം വിരോധത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ശരിയായ നയരൂപീകരണം ഉണ്ടാകേണ്ടതുണ്ട്