Views

സഭ സമുദായം രാഷ്ട്രീയം
  • 03 Sep
  • 2022

സഭ സമുദായം രാഷ്ട്രീയം

ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ അവബോധത്തെക്കുറിച്ചും സമുദായ ബോധത്തെക്കുറിച്ചും അത്തരത്തില്‍ സഭയില്‍ വരേണ്ട ചില മാറ്റങ്ങളെക്കുറിച്ചും പ്രഗത്ഭ പണ്ഡിതനും ചരിത്രകാരനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ജോണ്‍ കച്ചിറമറ്റം സംസാരിക്കുന്നു. 

ക്രൈസ്തവരായ യുവജനങ്ങള്‍ക്ക് രാഷ്ട്രീയാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അക്കാമ്മ ചാണ്ടി, ആനി ബസന്‍റ്, ഷെവ. സിജെ വര്‍ക്കി, എംഒ ജോസഫ് നെടുംകുന്നത്ത്, കുഞ്ഞിത്തൊമ്മന്‍,  എംഎം വര്‍ക്കി, ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ് തുടങ്ങിയ പഴയകാല രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരൊക്കെ കടന്നുപോയ വഴികളും അവരുടെ അര്‍പ്പണമനോഭാവവും ഈ കാലഘട്ടത്തിലെ ക്രൈസ്തവര്‍ മനസിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. അക്കാര്യങ്ങള്‍ എന്നെങ്കിലും യുവതലമുറകളെ പഠിപ്പിക്കാന്‍ നാം ശ്രമിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. മൂല്യാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം സംബന്ധിച്ച ഇത്തരം വിഷയങ്ങള്‍ ഒരിക്കലും യുവജനങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ല. ഒരു യുവജനസമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ചാല്‍ അവര്‍ക്ക് അത് പുതുമയായിട്ടാവും അനുഭവപ്പെടുക.

ആദര്‍ശരാഷ്ട്രീയത്തിന്‍റെ കാവലാളുകള്‍
സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം താമ്രപത്രം വാങ്ങാന്‍പോലും തയ്യാറാകാതിരുന്ന സ്വതന്ത്ര്യസമര സേനാനികളുണ്ട്. ഒരു ദിവാന്‍റെ സെക്രട്ടറിയും സ്വാതന്ത്ര്യ സമരസേനാനിയും തുടര്‍ന്ന് പാര്‍ലമെന്‍റ് മെമ്പറും സംസ്ഥാന മന്ത്രിയുമായിരുന്ന മത്തായി മാഞ്ഞൂരാന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ബാങ്കില്‍ ഉണ്ടായിരുന്നത് പത്തൊമ്പത് രൂപ മാത്രമായിരുന്നു. നാളത്തെ സുരക്ഷിതത്വത്തെക്കുറിച്ച് അവരൊന്നും ചിന്തിച്ചിരുന്നതുപോലുമില്ല. പി. ടി ചാക്കോ മരിച്ചപ്പോള്‍ അദ്ദേഹത്തിന് ഭീമമായ കടമാണ് ഉണ്ടായിരുന്നത്. പ്രമുഖ രാഷ്ട്രീയ നേതാവായിരുന്ന ആര്‍. വി തോമസ് മരിച്ചപ്പോള്‍ എ. ജെ ജോണ്‍ തന്‍റെ കാറിന്‍റെ ഡിക്കിയില്‍ ഒരു ചാക്ക് അരിയുമായാണ് അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക് ചെന്നത്. വരുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഒന്നും ഉണ്ടാകില്ലെന്ന് എ. ജെ ജോണിന് വ്യക്തമായി അറിയാമായിരുന്നു. കെ. എം ചാണ്ടി റബര്‍ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് റബ്ബറിന് ഏറ്റവും കൂടുതല്‍ വിലയുണ്ടായിരുന്നത്. ഏതെങ്കിലും റബര്‍ കമ്പനികളുമായി ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നുവെങ്കില്‍ റബറിന്‍റെ വില കുറച്ച് കോടികള്‍ സമ്പാദിക്കാന്‍ അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയുമായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്യാന്‍ തയ്യാറായില്ല.
എന്തുകൊണ്ടാണ് അക്കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അക്കാലത്തെ നേതൃ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത് സത്യസന്ധരായ വ്യക്തികളായിരുന്നു. അങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ നാട് നന്നാവുകയുള്ളൂ. അങ്ങനെയുള്ളവരുടെ ചരിത്രമാണ് നാം ഇവിടെ പഠിപ്പിക്കേണ്ടത്. എല്ലാം നഷ്ടപ്പെട്ടിട്ടും സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും നന്മയ്ക്കുവേണ്ടി പ്രയത്നിച്ച ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു എന്ന് പുതിയ തലമുറകളെ നാം പറഞ്ഞ് ബോധ്യപ്പെടുത്തണം. അങ്ങനെ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ യുവജനങ്ങളും ഭാവിയിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ഇനിയും കുറേ അവസരവാദികളുടെ പുറകെ പോകുകയും, ഗ്രൂപ്പു കളികള്‍ നടത്തി സ്വന്തം നിലഭദ്രമാക്കാന്‍ ഏതറ്റം വരെയും പോകാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യും. അത്തരക്കാര്‍ക്ക് സമൂഹത്തോടോ സമുദായത്തോടോ യാതൊരു കടപ്പാടും ഉണ്ടായിരിക്കുകയില്ല. ഇന്നു നടന്നുകൊണ്ടിരിക്കുന്നത് അതാണെന്ന് വിവിധ സംഭവവികാസങ്ങളില്‍നിന്ന് നമുക്ക് വളരെ വ്യക്തമാണല്ലോ.
1960 വരെ കേരളത്തില്‍ വലിയ അഴിമതികളൊന്നും ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് ഇവിടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ധര്‍മ്മച്യുതി ഉണ്ടായിട്ടുള്ളത്. പണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെങ്കിലും അച്ചടക്കമുണ്ടായിരുന്നെങ്കില്‍ ഇന്ന് അവിടെയും ഒന്നുമില്ലാതായിരിക്കുന്നു. ഈ സ്ഥിതിവിശേഷം നമ്മുടെ രാജ്യത്തെ കൂടുതല്‍ അപകടത്തിലാഴ്ത്തിയിട്ടുണ്ട് എന്നുള്ളതിന് സംശയമില്ല. നമ്മുടെ യുവജനങ്ങള്‍ക്ക് നമ്മള്‍ ശരിയായ പരിശീലനം നല്‍കുകയാണ് ആകെയുള്ള പരിഹാരം. സാമൂഹിക പരിഷ്കരണ രംഗത്തും, സ്വാതന്ത്ര്യസമര രംഗത്തും നമ്മുടെയാള്‍ക്കാര്‍ നല്‍കിയിട്ടുള്ള സംഭാവനകളെപ്പറ്റി നമുക്ക് ബോധ്യമുണ്ടാവുകയും അത് വരും തലമുറകളെ പഠിപ്പിക്കുകയും വേണം. അങ്ങനെയെങ്കില്‍ മാത്രമേ ഈ കാലഘട്ടത്തിലും വരും കാലത്തും നമുക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

അല്‍മായപങ്കാളിത്തം സഭയില്‍
വളരെ മാതൃകാപരമായ രീതിയില്‍ സഭയില്‍ അല്‍മായ പങ്കാളിത്തം ഉണ്ടായിരുന്ന ഒരുകാലമുണ്ടായിരുന്നു. കേരളത്തിലെ അല്‍മായ വൈദിക സഹകരണവും അല്മയരുടെ പങ്കാളിത്തവും കണ്ടിട്ട്, കേരള സഭ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് ആണല്ലോ എന്ന് വിദേശികള്‍ അഭിപ്രായപ്പെട്ടിരുന്നു. മുട്ടുചിറ പള്ളിയുടെ ആരംഭത്തോട് അനുബന്ധിച്ച് എഴുതപ്പെട്ടിരിക്കുന്നത് മെത്രാനും ഇടവക വൈദികനും ഇടവകാംഗങ്ങളും ഒരുമിച്ച് ശിലാസ്ഥാപനകര്‍മ്മം നിര്‍വഹിച്ചു എന്നാണ്. പലയിടത്തും പഴയ ദേവാലയങ്ങളില്‍ ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് കാണാം.
പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് കേരളസഭയിലെ അല്‍മായ പങ്കാളിത്തത്തിന് കോട്ടംതട്ടിയത്. തുടര്‍ന്നുള്ളകാലത്ത് അവര്‍ വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. അവരുടെ നിലപാടുകള്‍ അംഗീകരിക്കപ്പെടാതെ വന്നു. തച്ചില്‍ മാത്യു തരകന്‍റെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണമാണ്. ഇരുനൂറ് വര്‍ഷം മുമ്പ് തിരുവിതാംകൂര്‍ സര്‍ക്കാരിന് പതിനെട്ട് ലക്ഷം രൂപ കടംകൊടുത്ത വ്യക്തിയാണ് അദ്ദേഹം. ആ തച്ചില്‍ മാത്യു തരകനാണ് ആദ്യമായി തത്തംപള്ളിയില്‍ വച്ച് പുനരൈക്യം നടത്തിയത്. എന്നാല്‍, അന്നത്തെ ചില മെത്രാന്മാരുടെ നിഷേധാത്മക നിലപാടുകൊണ്ട് അവര്‍ക്ക് വീണ്ടും തിരിച്ചുപോകേണ്ടിവന്നു. പോര്‍ച്ചുഗീസ് മെത്രാന്മാരെ തുടര്‍ന്ന് അധികാരം ഏറ്റെടുത്ത നാടന്‍ മെത്രാന്മാരും പിന്നീട് അല്‍മായരോടുള്ള മുന്‍ഗാമികളുടെ ശൈലി തുടരുകയാണ് ഉണ്ടായത്.
എങ്കില്‍പ്പോലും കേരളത്തിലെ അല്‍മായ നേതൃത്വം സ്വതന്ത്രമായ നിലപാട് എക്കാലവും സ്വീകരിച്ചിരുന്നു. ക്രൈസ്തവ സമൂഹത്തെയും സമുദായത്തെയും ബാധിക്കുന്ന പൊതു പ്രശ്നങ്ങള്‍ വന്നപ്പോള്‍, മെത്രാന്മാരോടോ വൈദികരോടോ അനുമതിയും പിന്തുണയും ആവശ്യപ്പെടാതെ തന്നെ സമൂഹത്തിന്‍റെ നന്മ മുന്നില്‍ കണ്ടുകൊണ്ട് ആലോചിച്ച് പ്രവര്‍ത്തിക്കാന്‍ ദീര്‍ഘദൃഷ്ടിയും ആര്‍ജ്ജവവുമുള്ള അല്‍മായ പ്രമുഖര്‍ ഇവിടെയുണ്ടായിരുന്നു. ഈ രംഗത്ത് അല്‍മായരെ തുറന്നമനസോടെ സഹായിച്ചിട്ടുള്ള ഒരേയൊരു വൈദികന്‍ നിധീരിക്കല്‍ മാണി കത്തനാരാണ്. അതിനുശേഷം ആരുംതന്നെ ഉണ്ടായിട്ടില്ല. 1919ലെ  പൗരസമത്വവാദ പ്രക്ഷോഭം നടത്തിയത് ഇത്തരത്തില്‍ മെത്രാന്മാരുടെയോ വൈദികരുടെയോ പിന്തുണയില്ലാതെയാണ്. കാത്തലിക്ക് ഗ്രീവന്‍സസ് എന്ന മെമ്മോറാണ്ടം അല്‍മായര്‍ തയ്യാറാക്കിയതും കൊടുത്തതും മറ്റാരുടെയും സഹായമോ പിന്തുണയോ ഇല്ലാതെയായിരുന്നു. വിദ്യാഭ്യാസ പ്രക്ഷോഭങ്ങളില്‍ മാത്രമാണ് അക്കാലത്ത് വൈദികരുടെ സഹകരണം ഉണ്ടായിട്ടുള്ളത്.
ഇത്തരത്തില്‍, സാമൂഹികവും സാമുദായികവുമായ വിഷയങ്ങളില്‍ വളരെ ശക്തമായി നിലകൊണ്ടിരുന്ന ഒരു അല്‍മായ നേതൃത്വത്തിന്‍റെ കണ്ണി അറ്റുപോയിട്ടുണ്ടെങ്കില്‍ അതിന്‍റെ കാരണം, അവര്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കാത്തതും പലപ്പോഴും കാണിച്ച നിസ്സഹകരണ മനോഭാവവുമാണ്. നാല്‍പ്പത് വര്‍ഷം നിയമസഭയില്‍ അംഗമായിരുന്ന, സാമൂഹിക സമത്വത്തിനുവേണ്ടി ശക്തമായി വാദിച്ച കുഞ്ഞിത്തൊമ്മന്‍ എന്ന വ്യക്തിയെ അവസാന തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് ഒരു മെത്രാപ്പൊലീത്തയുടെ ഇടപെടലാണ്. വലിയ ത്യാഗം സഹിച്ച് വിവിധ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുത്ത് അതിനെ വിജയിപ്പിച്ച ആരെയുംതന്നെ വേണ്ടവിധത്തില്‍ അംഗീകരിക്കാന്‍ അക്കാലത്തെ സഭാനേതൃത്വം തയ്യാറായിട്ടില്ല. ഇവരുടെയൊക്കെ ചരിത്രം ഏറ്റെടുക്കാനും പഠിപ്പിക്കാനും നാം ഇനിയെങ്കിലും തയ്യാറാകണം.

ചരിത്രം പഠിക്കേണ്ടതിന്‍റെ ആവശ്യം  
ചങ്ങനാശ്ശേരി അതിരൂപതയുടെ വേദപാഠ ക്ളാസുകളിലേയ്ക്ക് വേണ്ടി ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പാഠപുസ്തകം തയ്യാറാക്കുകയുണ്ടായിരുന്നു. അവിടുത്തെ കുട്ടികളും അധ്യാപകരും വളരെ താല്‍പ്പര്യത്തോടെയാണ് ആ പുസ്തകത്തെ കണ്ടത്. ആ രീതിയിലുള്ള ചരിത്രപുസ്തകങ്ങള്‍ നാം ഇനിയും രചിക്കുകയും പ്രചരിപ്പിക്കുകയും വേണം. ക്രൈസ്തവ സമൂഹത്തിന്‍റെയും സമുദായങ്ങളുടെയും വളര്‍ച്ചയിലും നേട്ടങ്ങളിലും അല്‍മായ പ്രമുഖരുടെ പങ്ക് എന്താണെന്ന് ഇനിയും മനസിലാക്കാനും അംഗീകരിക്കാനും പഠിപ്പിക്കാനും തയ്യാറായില്ലെങ്കില്‍ നാം തോറ്റുപോകും. ആദര്‍ശ സുന്ദരമായ, ത്യാഗോജ്ജ്വലമായ ജീവിതം നയിച്ച ആള്‍ക്കാരായിരുന്നു നമ്മുടെ ആള്‍ക്കാരെല്ലാമെന്ന് നമ്മുടെ കുട്ടികള്‍ മനസിലാക്കണം. അവാര്‍ഡുകള്‍ക്കോ അംഗീകാരങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. അത്തരത്തിലുള്ള ഒരു തലമുറയ്ക്ക് ശേഷം നാം ഇന്ന് ഈ നിലയില്‍ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കപ്പെടേണ്ടതുണ്ട്.  
സമുദായനേതാക്കന്മാരെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വ്യക്തമായ ബോധ്യം ഇക്കാലത്തെ സഭാ മേലധ്യക്ഷന്മാര്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. അത് മനസിലാക്കിയാല്‍ അതില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് അല്‍മായരെ പ്രോത്സാഹിപ്പിക്കാനും അവരില്‍നിന്ന് നല്ല നേതൃത്വങ്ങളെ വളര്‍ത്തിയെടുക്കാനും ശ്രമിക്കും എന്നുള്ളതില്‍ സംശയമില്ല. കത്തോലിക്കാ സമൂഹത്തിന്‍റെ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും ബോധവാന്മാരായ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ആവശ്യം. നേതൃത്വത്തില്‍ അല്‍മായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ കഴിയണം. ഇപ്പോള്‍ കാണുന്നതുപോലെ, സമുദായ നേതാവും ആത്മീയ നേതാവും ഒരാളാകുന്ന അവസ്ഥ ഗുണകരമല്ല. അങ്ങനെ സംഭവിച്ചാല്‍ രണ്ടു സ്ഥാനത്തോടും നീതിപുലര്‍ത്താന്‍ ആ വ്യക്തിക്ക് കഴിയാതെവരും. ഇപ്പോഴത്തെ സാഹചര്യത്തില്‍, വികസന പ്രവര്‍ത്തനങ്ങള്‍, സ്ഥാപന നേതൃത്വങ്ങള്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ അല്‍മായ നേതൃത്വത്തെ ഭരമേല്പിക്കാന്‍ തയ്യാറായാല്‍ അത്തരമൊരു നേതൃനിര വളര്‍ന്നുവരും. അത്തരത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുവാന്‍ വൈദികരും മെത്രാന്മാരും ഇനിയുള്ള കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.