Views

സ്‌പെഷ്യൽ മാര്യേജ് ആക്ടിന് പരിഷ്കരണം ആവശ്യം
  • 02 Sep
  • 2022

സ്‌പെഷ്യൽ മാര്യേജ് ആക്ടിന് പരിഷ്കരണം ആവശ്യം

1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് വ്യവസ്ഥ ചെയ്യുന്നത് പ്രകാരം ജമ്മു കാശ്മീരിൽ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മത - ജാതി ഭേദമില്ലാതെ വിവാഹിതരാകാം. മത, സമുദായ നിയമങ്ങൾക്ക് അതീതമായി നടക്കുന്ന ഇത്തരം വിവാഹങ്ങൾ വിവിധ സിവിൽ രജിസ്ട്രേഷനുകൾക്കായി സ്ഥാപിതമായിരിക്കുന്ന രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പേ നിലവിലുള്ള രീതി അനുസരിച്ച്, വിവാഹ രജിസ്ട്രേഷനായുള്ള ഒരു രജിസ്റ്റർ എല്ലാ രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരിക്കും. ഒരു വിവാഹ രജിസ്ട്രേഷന് ഒരു പേജ് എന്ന രീതിയിൽ, വിവാഹിതരാകുന്നവരുടെ ഫോട്ടോകളും, മറ്റ് വിശദാംശങ്ങളും രേഖപ്പെടുത്തി അധികാരി ഒപ്പുവയ്ക്കുകയാണ് രീതി. രജിസ്ട്രേഷന് മുമ്പ് ഒരുമാസം നോട്ടീസ് പിരീഡും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അത് പ്രകാരം, അപേക്ഷ സമർപ്പിക്കുന്നത് മുതൽ ഒരു മാസത്തേയ്ക്ക് രജിസ്ട്രാർ ഓഫീസിന്റെ നോട്ടീസ് ബോർഡിൽ വിവാഹ നോട്ടീസ് പതിച്ചിരിക്കും. ഈ വിവാഹ നോട്ടീസ് രജിസ്‌ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ് മുമ്പ് ഉണ്ടായിരുന്നു. എന്നാൽ, 2020 ജൂലൈ 24 ന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയ ഉത്തരവ് പ്രകാരം വെബ്‌സൈറ്റിൽ വിവാഹ നോട്ടീസ് പരസ്യപ്പെടുത്തുന്ന പതിവ് അവസാനിപ്പിക്കുകയുണ്ടായി. അതിന് നൽകിയ വിശദീകരണം, വിവാഹിതരാകുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു, വർഗ്ഗീയമായ പ്രചാരണങ്ങൾക്ക് അവ ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള കാരണങ്ങളാൽ നിർത്തലാക്കുന്നു എന്നുള്ളതാണ്.

പ്രണയക്കെണികളിൽ പെൺകുട്ടികൾ വ്യാപകമായി അകപ്പെടുന്നു എന്നുള്ളതിന് തെളിവുകളായാണ് അത്തരത്തിൽ നൂറുകണക്കിന് ഓൺലൈൻ വിവാഹ നോട്ടീസുകൾ ഒരിടയ്ക്ക് പ്രചരിക്കുകയുണ്ടായിരുന്നത്. അസ്വാഭാവികമാം വിധം ഓരോ വർഷവും അതുപോലെ നിരവധി വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട് എന്നുള്ളതിന് തെളിവ് കൂടിയായിരുന്നു അത്തരം നോട്ടീസുകൾ. മാതാപിതാക്കളും സുഹൃത്തുക്കളും പോലും അറിയാതെ അതീവ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടിരുന്ന സംഭവങ്ങൾ ഒട്ടേറെയുണ്ടായിരുന്ന ഒരു ഘട്ടത്തിൽ, ഓൺലൈനിൽ നോട്ടീസ് പരസ്യപ്പെടുത്തപ്പെടുന്നത് ആരോ ചിലർക്ക് വെല്ലുവിളിയായി മാറിയിരിക്കണം. അത്തരത്തിൽ ഉയർന്ന ഒരു പരാതിയാണ് ഓൺലൈൻ വിവാഹ നോട്ടീസ് നിർത്തലാക്കികൊണ്ടുള്ള ഉത്തരവിലേയ്ക്ക് നയിച്ചത്.  വിവാഹത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അജണ്ടകളെക്കുറിച്ചും ഗൗരവമായ സംശയങ്ങൾ ഉയർന്നിരിക്കുന്ന ഒരു കാലഘട്ടത്തിൽ വിവാഹത്തിന്റെ രഹസ്യാത്മകത സൂക്ഷിക്കാൻ സഹായിക്കുന്ന രീതിയിൽ ഒരു ഉത്തരവ് ഇറങ്ങിയതിന് പിന്നിലെ സ്ഥാപിത താൽപ്പര്യങ്ങൾ അക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. പക്ഷെ, മറുപടികളോ കൂടുതൽ വിശദീകരണങ്ങളോ ഉണ്ടായില്ല.

ഇപ്പോൾ വീണ്ടും സ്‌പെഷ്യൽ മാര്യേജ് ആക്ട് ചർച്ചകളിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് മുന്നിലെത്തിയ ഒരു പൊതുതാൽപ്പര്യ ഹർജിയാണ് പുതിയ വിഷയം. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം, വിവാഹനോട്ടീസ് രജിസ്ട്രാർ ഓഫീസുകളിൽ പതിക്കുന്ന രീതിയും നിർത്തലാക്കണമെന്നാണ് മലയാളിയായ പരാതിക്കാരി ആതിര ആർ മേനോൻ ആവശ്യപ്പെട്ടിരുന്നത്. മിശ്രവിവാഹിതയായ അവർ, തന്റെ പരാതിയിൽ, 1955 ലെ ഹിന്ദു വിവാഹ നിയമവും, മുസ്ളീം വ്യക്തി നിയമങ്ങളും ചൂണ്ടിക്കാണിച്ചും, സ്വകാര്യതയുടെ ലംഘനമാണെന്ന് വാദിച്ചുമാണ് സുപ്രീം കോടതിക്ക് പൊതു താൽപ്പര്യ ഹർജി നൽകിയിരുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം അവരുടെ ആവശ്യം അംഗീകരിച്ചില്ല. വ്യവസ്ഥകൾ നേരിട്ട് ബാധിക്കാത്ത വ്യക്തി നൽകുന്ന ഹർജിയെ പൊതുതാത്പര്യ ഹർജിയായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. 

വിവാഹങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടത് ആർക്കാണ്?

കേരളത്തിൽ കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഭയാനകമാണ്. പതിനെട്ട് വയസ് പൂർത്തിയാകാൻ കാത്തിരുന്ന് അന്യമതസ്ഥനൊപ്പം ആരുമറിയാതെ വീടുവിട്ടിറങ്ങുന്ന പെൺകുട്ടികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അത്തരം വിവാഹങ്ങൾ മാതാപിതാക്കൾ പോലും അറിയരുതെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ടെന്നും, അവരുടെ പദ്ധതികൾ ഇവിടെ നടപ്പാകുന്നുണ്ടെന്നും കേരളസമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഗൗരവമായി ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പ്രാപ്തരാകുന്നതിന് മുമ്പ് തന്നെ പ്രണയക്കെണികളിൽ അകപ്പെടുകയും, അന്ധമായ പ്രണയം മൂലം കുടുംബാംഗങ്ങളെ തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അനുഭവങ്ങൾ പരിതാപകരമാണ്. ഇത്തരത്തിൽ രഹസ്യ സ്വഭാവത്തോടെ നടക്കുന്ന പ്രണയങ്ങൾ പലതും നിയമത്തിന്റെ പഴുതുകൾ ദുരുപയോഗിച്ചാണ് വിവാഹത്തിലേക്കെത്തിക്കുന്നത് എന്നതാണ് വാസ്തവം.

പെൺകുട്ടികളുടെ വിവാഹ പ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയും വ്യാപകമായ എതിർപ്പുകൾ ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ, പ്രത്യേകിച്ച്, ഇന്ത്യയുടെ സവിശേഷമായ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളിൽ അതീവ നിർണ്ണായകമായ വിവാഹം പൂർണ്ണമായ ബോധ്യത്തോടെയും, പക്വതയുള്ള പ്രായത്തിലും ആയിരിക്കണമെന്ന ചിന്തയെ എതിർക്കേണ്ട സാഹചര്യവും അതിന് ചിലരെ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രവും എന്താണ്? ചതിക്കുഴികളും കെണികളും വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ സകലരും, പ്രത്യേകിച്ച് സർക്കാരും കൂടുതൽ ഉത്തരവാദിത്ത ബോധവും ജാഗ്രതയും പ്രകടിപ്പിക്കുകയാണ് ആവശ്യം. എന്നാൽ, 2020 ലെ രജിസ്‌ട്രേഷൻ വകുപ്പിന്റെ തീരുമാനം അപകടകരവും തിരുത്തപ്പെടേണ്ടതുമാണ്.    

പ്രണയക്കെണികൾ ആസൂത്രിതമാണ് എന്നതിന്റെ സൂചനയാണ് പരമോന്നത നീതിപീഠത്തെയും സർക്കാരിനെയും തങ്ങളുടെ പക്ഷത്ത് നിർത്താൻ ചില തല്പരകക്ഷികൾ നടത്തുന്ന നീക്കങ്ങൾ. ഉന്നത അധികാരികളെക്കൊണ്ട് നിലപാടുകൾ തിരുത്തിക്കാനും, സുപ്രീം കോടതിയിൽ പോയി കേസ് നടത്താനും ഏതെങ്കിലും ചില വ്യക്തികളെക്കൊണ്ട് നിഷ്പ്രയാസം സാധിക്കുമെന്ന് കരുതാനാവില്ല. പതിനെട്ട് വയസ് വരെ ചേർത്തുപിടിച്ച് വളർത്തിയ മാതാപിതാക്കൾ പോലും സ്വന്തം മകൾ പടിയിറങ്ങിപ്പോകുന്നത് മുൻകൂട്ടി അറിയരുതെന്ന നിർബ്ബന്ധ ബുദ്ധി കൗടില്യം ഉപയോഗിച്ച് പ്രയോഗികമാക്കിയെടുക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു എന്ന തിരിച്ചറിവ് മലയാളികളിൽ നടുക്കം ഉളവാക്കേണ്ടതാണ്. ജന്മം നൽകി പോറ്റിവളർത്തിയ മാതാപിതാക്കൾ അറിയാതെ വിവാഹങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടത്. അവരിൽനിന്ന് വിവരങ്ങൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്.

രീതികൾക്ക് മാറ്റം ആവശ്യം

പതിറ്റാണ്ടുകൾക്ക് മുമ്പുള്ള രജിസ്‌ട്രേഷൻ രീതിയിൽനിന്ന് വ്യത്യസ്തമല്ല ഇന്നും രജിസ്ട്രാർ ഓഫീസുകളിലെ വിവാഹ രജിസ്ട്രേഷന്റെത്. കംപ്യൂട്ടറൈസേഷൻ മറ്റെല്ലാ കാര്യങ്ങളിലും ഉണ്ടെങ്കിലും സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്റ്ററിന്റെ കാര്യത്തിൽ മാത്രം അത് ബാധകമല്ല. അതിനാൽത്തന്നെ രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും എളുപ്പമല്ല. മതവിശ്വാസങ്ങൾക്ക് അതീതമായ വിവാഹ രജിസ്ട്രേഷനുകളാണ് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്നതെങ്കിലും ചില മതവിശ്വാസങ്ങളുടെ ഭാഗമായ മൗലികവാദികളാലാണ് ഈ നിയമം ദുരുപയോഗിക്കപ്പെടുന്നത് എന്നുള്ളതാണ് ഇപ്പോഴുള്ള സൂചനകൾ. എങ്കിലും, രജിസ്ട്രേഷന്റെ ഭാഗമായി മതം രേഖപ്പെടുത്താനുള്ള കോളം രജിസ്റ്ററിൽ ഇല്ല. മതവിശ്വാസ ബദ്ധമായ ഈ സമൂഹത്തിൽ മതത്തിനും വിശ്വാസങ്ങൾക്കും അതീതമായി മാത്രം ചിലതൊക്കെ നടക്കണമെന്ന ശാഠ്യത്തിന് ഒരു മറുപുറംകൂടിയുണ്ട്. ചിലരുടെ നിർബ്ബന്ധ ബുദ്ധികൾക്ക് നിഷ്പ്രയാസം ഇവിടെ കളമൊരുങ്ങുന്നു എന്നുള്ളതാണ് അത്.

വ്യാപകമായ പരാതികൾ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന വിവാഹങ്ങളുടെ കാര്യത്തിൽ ഉയരുന്ന സാഹചര്യം ഇന്നുണ്ട്. ആ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകണം. വിവാഹിതയാകുന്നവരുടെ മാതാപിതാക്കൾ വിവരം മനസിലാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ആദ്യത്തെ ആവശ്യം. കപട പ്രണയത്തിന്റെ ഭാഗമായോ, മറ്റു രീതികളിൽ കെണികളിൽ പെട്ടോ അല്ല പെൺകുട്ടികൾ വീട് വിട്ട് പോകുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽത്തന്നെ ഓൺലൈനിൽ നോട്ടീസ് പരസ്യപ്പെടുത്തുന്ന രീതി പുനഃസ്ഥാപിക്കണം. മാത്രമല്ല, അത്തരത്തിൽ വിവാഹത്തിനെത്തുന്ന പെൺകുട്ടികൾക്ക് ശരിയായ രീതിയിലുള്ള കൗൺസിലിംഗ് നടത്തി തീരുമാനത്തിന്റെ വ്യക്തത ഉറപ്പുവരുത്താനുള്ള സംവിധാനവും അടിയന്തിരമായി ഏർപ്പെടുത്തേണ്ടതുണ്ട്. വിവാഹാർത്ഥികളുടെ ജീവിത പശ്ചാത്തലവും മറ്റു വിവരങ്ങളും അന്വേഷിക്കാൻ അതത് സ്ഥലങ്ങളിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ ചുമതലപ്പെടുത്തുകയും, ശരിയായ അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. 

വിവാഹങ്ങൾ വെറും സിവിൽ എഗ്രിമെന്റ് മാത്രമാണെന്ന് സ്ഥാപിക്കുന്ന വിധത്തിൽ നിലപാടുകൾ സ്വീകരിക്കുകയും, അതോടൊപ്പം പ്രണയവിവാഹങ്ങൾ പലതും ദുരന്തങ്ങളായി മാറുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യങ്ങൾ വളരെ ഗൗരവമായി കാണേണ്ടതുണ്ട്. മതവിശ്വാസം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ തലങ്ങൾക്ക് അപ്പുറം, അനേകർ ചതികളിൽ അകപ്പെടുകയും തീവ്രവാദപരമായ ചിന്തകൾ നമുക്കിടയിൽ വ്യാപിക്കുകയും ചെയ്യുന്ന യാഥാർഥ്യത്തെ അവഗണിച്ചുകൊണ്ട് കേരളസമൂഹത്തിന് ഇനിയും മുന്നോട്ട് പോകാനാവില്ല.