Views

രാഷ്ട്രീയവും സംസ്കാരികവുമായ  പുനര്‍നിര്‍മ്മിതി സ്വപ്നം കാണുന്ന കേരളം
  • 05 Apr
  • 2022

രാഷ്ട്രീയവും സംസ്കാരികവുമായ പുനര്‍നിര്‍മ്മിതി സ്വപ്നം കാണുന്ന കേരളം

ഇന്നത്തെ സാമൂഹിക രാഷ്ട്രീയ നേതൃസംവിധാനങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ അപ്രത്യക്ഷമാകുന്നു എന്നുള്ളത് വ്യക്തമാണ്. സമഗ്രതയുടെയും പാരസ്പര്യത്തിന്‍റെയും ശ്രേഷ്ഠ മൂല്യ ങ്ങളുടെ അടിത്തറയിലുറപ്പിക്കപ്പെട്ട ഒരു മഹത്തായ ഭരണഘടനയിലും, ജനാധിപത്യമെന്ന ഉത്കൃഷ്ട ഭരണരീതിയിലും നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദര്‍ശ നങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്നതിലും, നയങ്ങള്‍ രൂപീകരിക്കുന്നതിലും നമ്മുടെ രാഷ്ട്രനേതാക്കന്മാര്‍ പരാജയപ്പെടുന്നതായി കാണുന്നു. അതി ന് മികച്ച ഉദാഹരണം കേരളം തന്നെയാണ്. സാമാന്യജനത്തിന്‍റെ ദുരിതങ്ങള്‍ അറിയുകയോ, അവയ്ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യാതെ, പുരോഗതിയുടെയും വികസനത്തിന്‍റെയും പേരില്‍ വീണ്ടും അവരെ ദ്രോഹിക്കുന്ന നയം ജനാധിപത്യപരമല്ല. കെറെയില്‍ പദ്ധതിയിലും രണ്ട് ദിവസത്തെ അഖിലഭാരത പണിമുടക്കിലും ഈ ദ്രോഹനയം നാം കണ്ടതാണ്. കെറെയില്‍ പദ്ധതിയില്‍ ആശ ങ്കകള്‍ അകറ്റണം എന്നാവശ്യപ്പെടുന്നവരെ വിഭാഗീയതകള്‍ സൃഷ്ടിച്ച് ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തകൃതിയായി നടന്നത് ജാഗ്രതയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. പണിമുടക്കിലാവട്ടെ, കൊറോണ എല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തരിച്ചു വന്നുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളെ അവഹേളിക്കുന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈക്കൊണ്ടത് എന്നതില്‍ സംശയമില്ല. നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുന്ന വികസന സങ്കല്‍പ്പങ്ങളും പദ്ധതികളും ഒരു ജനാധി പത്യ സംവിധാനത്തിന് ഭൂഷണമല്ല. ദുര്‍ബലരെ കൂടുതല്‍ ചൂഷണം ചെയ്യുന്ന ഗവര്‍മെന്‍റ് നില പാടുകള്‍ 'തങ്ങള്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിന് വേണ്ടിയാണ് ' എന്ന തിരിച്ചറിവില്ലായ്മയുടെ ഉത്തമ ഉദാഹരണം ആണ്. കൂടുതല്‍ ബാറുകള്‍ തുറന്നു മദ്യ ഉപഭോഗം വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാം എന്ന നിലപാട് വിരോധാഭാസം ആണ്. ഒരുവശത്ത് മദ്യാസക്തിക്ക് ഇരകളായി പട്ടിണിയിലകപ്പെടുന്ന കുടുംബങ്ങളുടെ എണ്ണംവര്‍ദ്ധിക്കുമ്പോള്‍, മറുവശത്ത് അവരില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന വരുമാനം കൊണ്ട് ശമ്പളവും പെന്‍ഷനുമൊക്കെ ക്രമീകരിക്കാം എന്ന കണക്കുകൂട്ട ലിനെ എങ്ങനെ വിശേഷിപ്പിക്കാം? വികസനത്തിന്‍റെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ അവസ്ഥയും സമാനമാണ്. ഒരു വിഭാഗം വികസനത്തിന്‍റെ സത്ഫ ലം അനുഭവിക്കുമ്പോള്‍, കുടിയിറക്കപ്പെട്ടവര്‍ അവകാശപ്പെട്ട നഷ്ടപരിഹാരം പോലും ലഭിക്കാതെ ദുരിതക്കയങ്ങളിലാഴുന്നു. രാഷ്ട്രീയവും സംസ്കാരികവുമായ പുനര്‍നിര്‍മ്മിതി സ്വപ്നം കാണുന്ന കേരളം ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ കെസിബിസി ജാഗ്രത ന്യൂസ് 5 ഏപ്രില്‍ 2022 എഡിറ്റോറിയല്‍സര്‍ക്കാരിലേക്കുള്ള വരുമാനത്തിനായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന നികുതികള്‍ മറ്റൊരുദാഹരണം ആണ്. അത്യാവശ്യ സേവനങ്ങളോട് ബന്ധപ്പെട്ട നികുതികള്‍ പരിധികള്‍ വിട്ട് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഇന്നാട്ടിലെ സാധാരണക്കാരുടെ ജീവിതതാളം തെറ്റുന്നത് സര്‍ക്കാര്‍ അറിഞ്ഞതായി നടിക്കുന്നില്ല. ദുര്‍ബലരും അസംഘടിതരുമായ അനേകായിരങ്ങളെ ഇരകളാക്കിയുള്ള പദ്ധതികള്‍ക്ക് അനുബന്ധമായ ചൂഷണങ്ങളും, അവയുടെ നടത്തിപ്പുകള്‍ സൃഷ്ടിക്കുന്ന അസമത്വവും ദൂരവ്യാപക പ്രത്യാഘാതങ്ങളും നമ്മുടെ ഭരണ സംവിധാനങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. വര്‍ദ്ധിച്ചുവരുന്ന ലഹരിയുടെ ലഭ്യതയും ഉപഭോഗവും, ദിനം പ്രതി നടക്കുന്ന സ്വര്‍ണ്ണകടത്തുകള്‍, കുഴല്‍/ കള്ള പണയിടപാടുകളും തുടങ്ങി ഇനിയും വ്യക്തമായ വിശദീകരണങ്ങള്‍ ലഭിക്കാത്ത കുറ്റകൃത്യങ്ങളുടെ പരമ്പരകളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. തീവ്രവാദ ചിന്തകള്‍ ഈ സമൂഹത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു പിടിക്കുന്നു. പരസ്പര ബഹുമാനത്തിന്‍റെയും പരിഗണനയുടെയും നല്ല സംസ്കാരം നമുക്ക് അന്യമായികൊണ്ടിരിക്കുന്നു. ഈ സമൂഹ ത്തില്‍ വിഭാഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുവാന്‍ എല്ലാ രാഷ്ട്രീയ സാമുദായിക താല്‍പ്പര്യങ്ങളെയും മറികടന്നുകൊണ്ട് സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ കലാ സാംസ്കാരിക മേഖലകളില്‍ ശക്തി പ്രാപിക്കുന്ന സംഘടിതമായ അവഹേളന അവമതിക്കല്‍ പ്രവണതകളെയും സാമൂഹിക അപനിര്‍മ്മിതിയെയുംതടയാനുതകുന്ന ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ക്കായി ജനപ്രതി നിധികള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പൊതുവായും, സന്യസ്തരെയും വൈദികരെയും പ്രത്യേകമായുംഅവഹേളിച്ചുകൊണ്ടുള്ള സിനിമകള്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയൊക്കെ നിരന്തരമായി സൃഷ്ടിക്കപ്പെടുന്നു. ആരാണ് ഇവയുടെയൊക്കെ പിന്നില്‍ എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിന് ഇന്നാട്ടിലെ ഭരണ സംവിധാനങ്ങള്‍ക്ക് കെല്‍പ്പുണ്ടോ ? ചുരുക്കത്തില്‍ മതരാഷ്ട്രീയ വിഭജനങ്ങള്‍ക്കപ്പുറം ജന ത്തെ ഒരുമിപ്പിച്ച് കൊണ്ടുപോകുവാന്‍ ഭരണാധികാരികള്‍സവിശേഷമായ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കുവേണ്ടി വിഭാഗീയതയുംവര്‍ഗീയത തരംതിരിവുകളും പ്രോത്സാഹിപ്പിക്കപ്പെടരുത്. സാമൂഹികഐക്യം ഇന്നാട്ടില്‍ പുലരാനും വളരാനും വേണ്ടതെല്ലാം ചെയ്യുക എന്ന ത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മേഖലയാണ്. ഓരോ പൗരനും പ്രാധാന്യം ലഭിക്കുന്ന ഒരു രാഷ്ട്രദര്‍ശനവും കാഴ്ചപ്പാടും നമ്മുടെ ജനപ്രതിനിധികള്‍ക്കും സമൂഹത്തിനും ഉണ്ടാകേണ്ടതുണ്ട്. പരസ്പരമുള്ള സംഭാഷണങ്ങളും, ആദരവോടെയുള്ള സമീപനങ്ങളുംഎല്ലാവരെയും തുല്യമായി പരിഗണിക്കുന്ന ഭരണ സംവിധാനങ്ങളും പുനര്‍നിര്‍മ്മിക്കപ്പെടാന്‍ ജനാധിപത്യ വിശ്വാസികളായ മതേതര സമൂഹംഒറ്റക്കെട്ടായി നിലകൊള്ളണം.