Views

കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും
  • 11 Aug
  • 2022

കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും

മുമ്പേതന്നെ മതപരമായ കാര്യങ്ങളിൽ അതിവൈകാരികത പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗം ഇപ്പോൾ കൂടുതൽ അസഹിഷ്ണുക്കളായി മാറികൊണ്ടിരിക്കുന്നതായിട്ടാണ് ചില സമീപകാലസംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിന് ഉത്തമ തെളിവാണ് മതനിന്ദ, പ്രവാചകനിന്ദ തുടങ്ങിയ വിവാദങ്ങളും കോലാഹലങ്ങളും ഇപ്പോൾ കേരളത്തിലും നിരന്തര വാർത്തയായി മാറിയിരിക്കുന്നത്. ഒരേസമയം മതമൗലികവാദത്തിന്റെയും അനുബന്ധ തീവ്രവാദ പ്രവർത്തനങ്ങളുടെയും രൂക്ഷത വർദ്ധിച്ചുകൊണ്ടിരിക്കുകയും, എന്നാൽ ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു സ്ഥിതിവിശേഷം ഇന്നത്തെ കേരളത്തിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പ്രവാചകനിന്ദയുടെ പേരിൽ കേരളത്തിൽ മാത്രം നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും അവയിൽ ചിലതെല്ലാം വാർത്തകളാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, മറ്റുമതങ്ങളുമായി ബന്ധപ്പെട്ട് അതിഗുരുതരമായ മതനിന്ദകൾ വിവിധ രീതികളിൽ സംഭവിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് നല്കിയിട്ടും 99% കേസുകളിലും യുക്തമായ നിയമനടപടികൾ ഉണ്ടായതായി കാണുന്നില്ല. മാത്രവുമല്ല, ഇത്തരം സംഭവങ്ങളെ തമസ്കരിക്കുന്ന നിലപാടുകളാണ് മുഖ്യധാരാ മാധ്യമങ്ങൾ സ്വീകരിക്കാറുള്ളത് എന്നുള്ള വസ്തുതയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്.

തങ്ങളുടെ മതഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കുകയോ, "ഇസ്ലാമിസ്റ്റ്", "ജിഹാദ്" എന്നിങ്ങനെയുള്ള ചില പദങ്ങൾ സംസാരത്തിലോ രചനകളിലോ ഉപയോഗിക്കുകയോപോലും ചെയ്‌താൽ അത് ഇസ്ലാം മതത്തിനെതിരായ നിന്ദയായി വ്യാഖ്യാനിക്കപ്പെടുകയും 153 A (IPC) പോലുള്ള വകുപ്പുകൾ ചുമത്തി കേസുകൾ എടുക്കുകയും ചെയ്യുന്നു. സ്ഥിരീകരിക്കപ്പെട്ട വിവരങ്ങൾ പ്രകാരം, ഇത്തരത്തിൽ ഈ വകുപ്പ് ദുരുപയോഗിച്ച് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. ആഭ്യന്തരവകുപ്പ് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം 2018 - 2020 വർഷങ്ങൾക്കിടയിൽ മാത്രം 552 കേസുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൂചനകൾ പ്രകാരം സമീപകാലങ്ങളായി ഇത്തരം കേസുകളിൽ വലിയ വർദ്ധനവുണ്ട്. ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കുറച്ചുപേർ (20.2 %) ശിക്ഷിക്കപ്പെടുകയും ഏറ്റവും കൂടുതൽ കേസുകൾ (64.3 %) നടപടികളിലേക്ക് കടക്കാതെ പോലീസ് സ്റ്റേഷനുകളിൽ തുടരുകയും ചെയ്യുന്നത് ഈ വിഭാഗമാണ്. ഈ വകുപ്പ് വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നതിന്റെ സൂചനയാണ് അത്. 

പൊളിറ്റിക്കൽ ഇസ്ലാം പോലുള്ള തീവ്രആശയങ്ങൾ പ്രചരിപ്പിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന പദമായാണ് “ഇസ്ലാമിസ്റ്റ്” പൊതുവേ കരുതപ്പെടുന്നത്. എന്നിട്ടും ഇത്തരം പദങ്ങൾ ഉപയോഗിച്ചു എന്നാരോപിച്ചുകൊണ്ട് ഗൗരവമുള്ള വകുപ്പുകൾ ചുമത്തി കേസുകൾ ഉണ്ടാകുന്നത് ഒരു വശം. അതേസമയം മറ്റു മതവിഭാഗങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ഹീനമായ രീതിയിൽ അവഹേളിക്കുന്നത് നിയമത്തിന് മുന്നിൽ പലപ്പോഴും പരിഗണനീയമല്ലാതായി മാറുന്നത് മറ്റൊരുവശം. ഇപ്രകാരമുള്ള സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനെകുറിച്ച് മതേതര കേരളസമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

മതം പൊതുവത്കരിക്കപ്പെടുമ്പോൾ 

സാധാരണയായി, വിശ്വാസവും വിശ്വാസ സംബന്ധിയായ വിഷയങ്ങളും ശരിയായ തലത്തിൽ ഗ്രഹിക്കുവാനും ഉൾക്കൊള്ളുവാനും അതത് വിശ്വാസ സമൂഹത്തിന് മാത്രമേ കഴിയാറുള്ളൂ. ആ സമൂഹത്തിന് പുറത്തുള്ളവർക്ക് അവയുടെ ചൈതന്യം ഗ്രാഹ്യമാകണമെന്നില്ല. പൊതുസമൂഹത്തിന്റെ ഐക്യത്തിനും സുസ്ഥിതിക്കും പൗരാവകാശങ്ങൾക്കും തടസമാകാത്തിടത്തോളം കാലം മതപരമായ കാര്യങ്ങൾ ഒരു പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുമില്ല. മാത്രവുമല്ല, സംസ്കാര സമ്പന്നമായ പൊതുസമൂഹം, വിശിഷ്യാ, ഇന്ത്യ പോലെ ബഹുസ്വരതയുള്ള ഒരു സമൂഹം, ഓരോരുത്തരും പുലർത്തുന്ന വിശ്വാസങ്ങളോടും അനുഷ്‌ഠാന ആചാരങ്ങളോടും ആദരവ് പുലർത്തുന്ന സമീപനമാണ് സ്വീകരിക്കേണ്ടതും.

എന്നാൽ, സമീപകാല കേരളത്തിലെ കാഴ്ചകൾ മറ്റുചിലതാണ്. സമൂഹമാധ്യമങ്ങളുടെ അതിക്രമിച്ചുകയറ്റം ഒട്ടേറെ അനാവശ്യവിഷയങ്ങളെ പൊതു ചർച്ചാവേദികളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യം ആണ്. എന്നാൽ  ഇതിനും അതീതമായി, മതവും മത ചിഹ്നങ്ങളും മതപരമായ ആശയങ്ങളും പൊതുസമൂഹത്തിൽ സജീവമായി നിൽക്കണം എന്ന തീവ്രമായ നിർബ്ബന്ധബുദ്ധിയോടെ വ്യാപരിക്കുന്ന ഒരു വിഭാഗത്തിന്റെ ഉദയവും വളർച്ചയും ഇന്ന് ഇവിടെ വ്യക്തമാണ്. മുൻകാലങ്ങളിൽ കേരളസമൂഹം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വേഷങ്ങൾ വ്യാപകമായിരിക്കുന്നതും, ഒരു മതവിഭാഗത്തിന്റെ മാത്രം വിശ്വാസത്തിന്റെ ഭാഗമായ ഭക്ഷണനിഷ്ഠയും അതിന്റെ മുദ്രയും എല്ലാവരും സ്വീകരിക്കണമെന്ന ചിന്തയും, ചില മതപരമായ ആഘോഷങ്ങൾ മതേതര മുഖത്തോടെ വ്യാപകമാകുന്നതും അത്തരം കാര്യങ്ങൾ മഹത്വവൽക്കരിക്കപ്പെടുന്നതും തുടങ്ങി പലതും അതിന്റെ ചില ലക്ഷണങ്ങളാണ്. ചേലാകർമ്മത്തിന് (circumcision) മതേതരമായ വിധത്തിലുള്ള പ്രചാരം നൽകാൻ ഉദ്ദേശിച്ചുള്ള പരസ്യങ്ങൾ ധാരാളമായി കാണപ്പെടുന്നതും ഈ പ്രവണതയോട് ചേർത്തുവായിക്കാവുന്നതാണ്.

മതേതരരാജ്യമായ ഇന്ത്യയിൽ, മതബദ്ധമല്ലാത്ത പൊതുസമൂഹത്തെ വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള ഒരു രാജ്യത്ത് ഒരു മതവുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന ആശയങ്ങൾ പൊതുസമൂഹം സ്വീകരിക്കണമെന്നും ആ മതവുമായി ബന്ധപ്പെട്ടതും പൊതുസമൂഹത്തിന് ആപൽക്കരവുമായ പ്രവണതകളെ മൂടിവയ്ക്കണമെന്നുമുള്ള ചിന്ത മൗലികവാദമല്ലാതെ മറ്റെന്താണ്? അത്തരം ആശയപ്രചാരണങ്ങളുടെയും അനുബന്ധ നീക്കങ്ങളുടെയും തീവ്രത വർദ്ധിച്ചുവന്നതിന് ആനുപാതികമായാണ് ഇവിടെ ചില പ്രതികരണങ്ങൾ ഉണ്ടായിട്ടുള്ളത്. 
മറ്റു മത വിശ്വാസങ്ങളെയും അവരുടെ ആചാരാനുഷ്‌ഠാനങ്ങളെയും  പതിവായി അവഹേളിക്കുകയും പൊതുവേദികളിൽവച്ച് നിന്ദ്യമായ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു ശൈലി ഇവിടെ രൂപപ്പെട്ടുവന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പരതിയാൽ ഇത്തരം അവഹേളനപരമായ പരാമർശങ്ങളും ദുരാരോപണങ്ങളും പലരീതിയിൽ ധാരാളമായി കാണാം. എന്നാൽ, അതൊന്നും വലിയ കാര്യമാക്കാതെയും അവഗണിച്ചും മറ്റുസമൂഹങ്ങൾ മതേതരത്വം കാത്തുസൂക്ഷിച്ചു. പരിധികൾ ലംഘിക്കപ്പെട്ടു തുടങ്ങിയപ്പോൾ മാത്രമാണ് പലരും പ്രതികരിച്ചു തുടങ്ങിയത്. അത്രമാത്രം സഹിഷ്ണുത പുലർത്തി പോന്നിരുന്ന, പൊതുവേദികളിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് പരാതികൾ ഉന്നയിക്കാതെ സംയമനം പാലിച്ചിരുന്ന മറ്റുമതസ്ഥരെ കടന്നാക്രമിക്കുന്ന ശൈലി പതിവായപ്പോൾ അതിനോട് പ്രതികരിക്കേണ്ടതായി വന്നു എന്നുള്ളത് വാസ്തവമാണ്. പ്രതികരിച്ചു തുടങ്ങിയപ്പോൾ മുതലാണ് പ്രവാചക നിന്ദ, മതനിന്ദ തുടങ്ങിയ ആരോപണങ്ങളെ തുടർന്നുള്ള കേസുകൾ കണ്ടുതുടങ്ങിയത്. പൊതുവേദിയിൽ ‘മഹത്വീകരിക്കപ്പെടുന്ന മതം’ ചർച്ചാവിഷയമാകണമെന്നും എതിർവാദങ്ങൾ നിശബ്ദമാക്കപ്പെടണമെന്നുമുള്ള ചിലരുടെ നിർബ്ബന്ധബുദ്ധിയും അതിന്റെഭാഗമായ ആസൂത്രിത ശ്രമങ്ങളും ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി സംശയിക്കാവുന്നതാണ്.

മാ-നിഷാദ ഇനിയാരും പറയല്ലേ!

വിവിധ തലങ്ങളിലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഉറക്കംകെടുത്തിത്തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായിട്ടില്ല. കേരളത്തിൽനിന്ന് പോയിട്ടുള്ള അഭ്യസ്തവിദ്യർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതും, ഇവിടെ തീവ്രവാദികൾ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളതും, ഐഎസ് പോലുള്ള ഭീകരസംഘടനകൾക്ക് കേരളത്തിൽ വേരുകൾ ഉള്ളതും തുടങ്ങിയ റിപ്പോർട്ടുകളൊന്നും കെട്ടുകഥകളല്ല. വ്യാപകമാകുന്ന മയക്കുമരുന്ന് വിപണനത്തെകുറിച്ചും  ഉപഭോഗത്തെകുറിച്ചുമൊക്കെ ദിനംപ്രതി വാർത്തകൾ ഉണ്ട്. നൂറുകണക്കിന് പെൺകുട്ടികളെ മതപരിവർത്തന ലക്ഷ്യങ്ങളോടെ പ്രണയിച്ച് കുടുംബങ്ങളിൽനിന്ന് ഇറക്കിക്കൊണ്ടുപോയിട്ടുള്ളതും അനിഷേധ്യമായ യാഥാർത്ഥ്യമാണ് എന്നാൽ, ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന തീവ്രവാദികളായ വിധ്വംസകശക്തികളെക്കുറിച്ച് ശബ്ദിച്ചുപോകരുത് എന്നാണ് ഭരണകൂടവും നിയമപാലകരും സ്വീകരിച്ചിരിക്കുന്ന നയം.

ലോകമെമ്പാടും ഇസ്ലാമിക ഭീകരവാദത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായ "ജിഹാദ്" എന്ന വാക്ക് പരസ്യമായി പറഞ്ഞാൽ കേരളത്തില് വ്യക്തിക്കെതിരെയും പ്രസിദ്ധീകരിച്ചാൽ മാധ്യമങ്ങൾക്കെതിരെയും കേസുകളുണ്ടാകും എന്നാണ് പലരുടെയും അനുഭവം. കേംബ്രിഡ്ജ് ഡിക്ഷ്ണറിയിൽ പോലും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമായി വിവരിച്ചിരിക്കുന്ന "ഇസ്ലാമിസ്റ്റ്" എന്ന വാക്ക് സോഷ്യൽമീഡിയയിൽ ഉപയോഗിച്ചതിന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന വാചകങ്ങൾ പരസ്യമായി ഉദ്ധരിച്ചു എന്നതിന്റെപേരിൽ ഇവിടെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട വ്യക്തിയെ പിന്തുണച്ചു എന്ന കുറ്റത്തിന് ഒരാൾ പരസ്യമായി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവവും, മുഹമ്മദ് എന്ന വാക്ക് ചോദ്യത്തിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ കരം ഛേദിക്കപ്പെട്ട സംഭവവും മുതൽ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എല്ലാവരെയും നിശ്ശബ്ദരാക്കാൻ നടത്തുന്ന ശ്രമങ്ങളും വരെ എല്ലാം ഒരേ പ്രത്യയശാസ്ത്രത്തിന്റെ വിവിധ മുഖങ്ങളാണ്.

സാധാരണക്കാരായ വ്യക്തികൾക്ക് നേരെയും നിയമത്തിന്റെ മാർഗ്ഗം ഉപയോഗിച്ചുള്ള നീക്കങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്. മനഃപൂർവ്വം വാർത്തയാക്കുന്നതും, വാർത്തയാകാതിരിക്കാൻ ശ്രദ്ധിക്കുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം കേസുകൾ വാർത്തയാകുമ്പോൾ ഒട്ടുമിക്ക പത്രങ്ങളും ആ വാർത്ത പ്രസിദ്ധീകരിക്കാറുണ്ട്. സമീപകാലങ്ങളായി കണ്ടുവരുന്ന, വ്യാപകമായി കേസുകൾ കൊടുക്കുന്ന പ്രവണത ഒരു മുന്നറിയിപ്പുകൂടിയായിരിക്കാനാണ് സാധ്യത. അതോടൊപ്പം കൂടുതൽ തലവേദനയാകുന്നവരെ നിലയ്ക്ക് നിർത്താനും കേസുകൾ ഉപകരിക്കും. വളരെ നിസാരമായ കാരണങ്ങളുടെപേരിൽ കൊടുക്കുന്ന കേസുകളുടെ ഭാഗമായും മൊബൈൽ ഫോണും സിം കാർഡും മറ്റുപകരണങ്ങളും പോലീസ് പിടിച്ചുവയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിദേശയാത്രയ്ക്കും ജോലിക്കും മറ്റും ഉണ്ടാകാവുന്ന തടസങ്ങൾ വേറെ. അങ്ങനെ ഒരാളെ പരമാവധി ബുദ്ധിമുട്ടിക്കാൻ ഒരു കേസുകൊണ്ട് കഴിയും. അത്തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കി തങ്ങൾക്കെതിരെ സംസാരിച്ചേക്കാവുന്നവരുടെ വായടപ്പിക്കാൻ ചിലർ ബോധപൂർവ്വം നീക്കങ്ങൾ നടത്തുന്നുണ്ട്.

ദുരുപയോഗിക്കപ്പെടുന്ന സർക്കാർ സംവിധാനങ്ങൾ 

പോലീസ് സ്റ്റേഷനുകളിലും രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അകത്തളങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും സ്ഥാപിത താല്പര്യക്കാരുടെ കടന്നുകയറ്റം ഉണ്ടായിരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ മാത്രം ഉയർന്നിട്ടുള്ള ആരോപണങ്ങൾ പലതും അതീവ ഗുരുതരവും രാജ്യസുരക്ഷയെത്തന്നെ ചോദ്യം ചെയ്യുന്നതും ആയിട്ടും വേണ്ടവിധത്തിലുള്ള മാധ്യമ ചർച്ചകളോ തുടർ അന്വേഷണങ്ങളോ ഉണ്ടായിട്ടില്ല. മതേതരത്വം എന്ന ഭരണഘടനാപരമായ ആശയം അപ്രായോഗികമായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. 

പോലീസ് സ്റ്റേഷനുകളിൽ സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ വളരെ പ്രകടമാണ്. ഗൗരവമുള്ള ആരോപണങ്ങളുമായി പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയാലും കേസെടുക്കാനോ അന്വേഷിക്കാനോ വിസമ്മതിക്കുന്ന സാഹചര്യം ഇന്നത്തെ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകൽ ഭീഷണി പെൺകുട്ടികൾ നേരിട്ടിട്ടുള്ള സാഹചര്യത്തിലും, കടുത്ത അവഹേളനങ്ങൾ നേരിട്ടിട്ടുള്ള സാഹചര്യത്തിലും ഇത്തരം അനുഭവങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവിച്ചിട്ടുള്ള അധിക്ഷേപത്തിന്റെ പേരിൽ നൂറിലേറെ കേസുകൾ കൊടുത്തിട്ടും ഒന്നുപോലും രജിസ്റ്റർ ചെയ്യപ്പെടാതെ പോയിട്ടുള്ള അനുഭവങ്ങളുണ്ട്. കോടതി ഇടപെടലുകൾ ഉണ്ടായിട്ടു പോലും പോലീസ് നീതി പുലർത്താതിരുന്ന അനുഭവങ്ങളുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് പരാതിക്കാരൻ ആരെന്നുപോലും വെളിപ്പെടുത്താതെ മതനിന്ദ, പ്രവാചക നിന്ദ തുടങ്ങിയ ആരോപണങ്ങളിൽ കേസ് എടുക്കാനും അന്വേഷണം നടത്താനും അറസ്റ്റ് ചെയ്യാനുമൊക്കെ ചില പോലീസ് ഉദ്യോഗസ്ഥർ അമിതാവേശം പ്രകടിപ്പിക്കുന്നത്. കേരളാപോലീസിനുള്ളിലും ആപത്കരമായ ചില കടന്നുകയറ്റങ്ങൾ സംഭവിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ഇത്തരത്തിൽ നിയമം പലപ്പോഴും സഹായത്തിന് എത്താതെ പോവുന്ന ഒരു സാഹചര്യം കേരളത്തിലെ മറ്റ് മത സമൂഹങ്ങൾക്ക് വിശിഷ്യാ, ക്രൈസ്തവ സമൂഹത്തിന് ഉണ്ടായിരിക്കുമ്പോൾ തന്നെ, അതേ നിയമത്തെ ദുരുപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങളും നേരിടേണ്ടതായി വരുന്നു. നിയമസംവിധാനങ്ങളെ വിശ്വസിക്കാനും ആശ്രയിക്കാനും കഴിയില്ല എന്ന ഒരവസ്ഥ രൂപപ്പെട്ടിരിക്കുന്നെങ്കിൽ അത് അങ്ങേയറ്റം പരിതാപകരമാണ്.

ഇത്തരത്തിൽ കൊടുക്കുന്ന കേസുകൾക്ക് പിന്നിൽ ശക്തമായ സ്വാധീനവും ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയും ഉള്ളതായി മനസിലാക്കാനായിട്ടുണ്ട്. വാസ്തവത്തിൽ തങ്ങൾ വളർത്തിയെടുത്ത സ്വാധീനശേഷിയും രാഷ്ട്രീയ ശക്തിയും ഉപയോഗിച്ച് എതിരാളികളെ നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് കണ്ടുവരുന്നത്. ഏതുവിധത്തിലുള്ള എതിർപ്പിന്റെ സ്വരങ്ങളെയും നിശബ്ദമാക്കാൻ തങ്ങൾക്ക് നിഷ്പ്രയാസം കഴിയുമെന്ന് ചിലർ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ഇത് അപകടകരമായ ഒരു അവസ്ഥയാണ്. തങ്ങൾ പറയുന്നതും ചെയ്യുന്നതും മുഴുവൻ ശരിയാണെന്ന് വരുത്തിത്തീർക്കാൻ കഴിയുന്നതോടൊപ്പം, എതിർപ്പ് പറയുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും കഴിയുകയും, അതിന് പൊതുമാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടങ്ങളുടെയും പിന്തുണ നേടാൻ കഴിയുകയും ചെയ്യുന്നു എന്നുള്ളത് നിസ്സാരമായ കാര്യമല്ല. കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് ഈ അവസ്ഥ ചൂണ്ടിക്കാണിക്കുന്നു.

സംഭവിക്കുന്ന മാറ്റങ്ങളും അതിക്രമങ്ങളും കടന്നുകയറ്റങ്ങളും കീഴ്പ്പെടുത്തലുകളും രാഷ്ട്രീയ നേട്ടങ്ങളെയും വോട്ടുബാങ്കുകളെയും മനസിൽക്കണ്ടുകൊണ്ട് അവഗണിക്കുന്ന ഭരണകൂട നിലപാട് അത്യന്തം ആപൽക്കരമാണ്. ഇവിടെ നിലനിൽക്കേണ്ടത് ജനാധിപത്യമാണ്, വളരേണ്ടത്  പരസ്പരമുള്ള ആദരവിലും ബഹുമാനത്തിലും അധിഷ്ഠിതമായ  മതേതരത്വമാണ്. വിമർശനങ്ങളും ചോദ്യങ്ങളും ഉയരുമ്പോൾ പൊതുസമൂഹത്തിന്റെ ആശങ്കകൾ ഉൾക്കൊണ്ട് അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും മത - സമുദായ നേതൃത്വങ്ങൾ തയ്യാറാകണം. മതപരമായവ നിർബന്ധബുദ്ധിയോടെ പൊതുവായി അടിച്ചേൽപ്പിക്കപ്പെടുന്നതും,   മതനിന്ദാനിയമങ്ങൾ ദുരുപയോഗിച്ച് പൊതുസമൂഹം നിയന്ത്രിക്കപ്പെടുന്നതും ഇന്ന് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. അത്യന്തം ആപത്കരമായ ഇത്തരം പ്രവണതകളെ തിരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കുകയും വേണം.