Views

സ്വന്തം ശരീരത്തോടുള്ള സ്നേഹം തെറ്റാണോ?
  • 20 Jul
  • 2022

സ്വന്തം ശരീരത്തോടുള്ള സ്നേഹം തെറ്റാണോ?

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനു (പേര് സാങ്കല്പികം ) അമ്മയുമായുള്ള നിരന്തര വഴക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്തിയപ്പോഴാണ് കൗണ്‍സിലിംഗിനായി കൊണ്ടുവരുന്നത്. മനുവിന്‍റെയും അമ്മയുടെയും വഴക്കുകള്‍ക്ക് മുഖ്യ കാരണം ടീനേജിലേക്ക് കയറിയപ്പോള്‍ മുതല്‍ മനു തന്‍റെ ശരീരത്തിനും സൗന്ദര്യത്തിനും കൊടുത്തുതുടങ്ങിയ അധിക  ശ്രദ്ധയായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പേ അവന്‍ ഏറെനേരം കണ്ണാടിയുടെ മുന്‍പില്‍ ചിലവഴിക്കുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നു, പല പല വസ്ത്രങ്ങള്‍ മാറി ധരിച്ചിട്ടും തൃപ്തനാകാതെ വരുന്നു. ഇതൊന്നും ഭക്തയായ അമ്മയ്ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. ശരീരത്തിന് കൊടുക്കുന്ന ഈ അധിക പ്രാധാന്യം വലിയ തെറ്റാണെന്നായിരുന്നു അമ്മയുടെ ചിന്ത. ഇത് അവര്‍ തമ്മിലുള്ള വലിയ വഴക്കുകളിലേയ്ക്ക് നയിച്ചു. ഇത് മനുവിന്‍റെ മാത്രം അനുഭവമല്ല. സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന യുവതീയുവാക്കളെയും പ്രായമായവരെയും കാണാം. സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതും കരുതുന്നതുമൊക്കെ തെറ്റാണെന്നു കരുതി വിഷമിക്കുകയും മറ്റുള്ളവരെ വിഷമിപ്പിക്കുകയും ചെയ്യുന്നവര്‍. കുറ്റബോധവും വെറുപ്പും ഉള്ളില്‍ പേറി നടക്കുന്നവര്‍.
ശരീരവും ആത്മാവും പരസ്പര വിരുദ്ധമാണെന്നും, ശരീരത്തെ സ്നേഹിച്ചാല്‍ ആത്മാവ് നഷ്ടപ്പെടും എന്നുമുള്ള ചിന്തയില്‍നിന്നാണ് ഇത്തരം അസ്വസ്ഥതകള്‍ ഉളവാകുന്നത്.  ക്രിസ്തീയ വിശ്വാസം ശരീരത്തെ ത്യജിക്കാന്‍ ആവശ്യപ്പെടുന്നു എന്നതാണ് പല വിശ്വാസികളുടെയും ധാരണ. എന്നാല്‍ ഈ ധാരണയുടെ ഉറവിടം ചികഞ്ഞു ചെന്നാല്‍ നമ്മള്‍ എത്തിനില്‍ക്കുക പ്ലേറ്റോയുടെ ദ്വൈതവാദത്തിലാണ്.  ആത്മാവ് മാത്രമാണ് യാഥാര്‍ത്ഥ്യമെന്നും ശരീരവും ലോകവും മിഥ്യയാണെന്നും ശരീരത്തില്‍ ബന്ധിക്കപ്പെട്ട, കൂട്ടിലടക്കപ്പെട്ട ഒന്നാണ് 
ആത്മാവെന്നും അവ പരസ്പര വിരുദ്ധമാണെന്നും ചിന്തിച്ചത് പ്ലേറ്റോ ആയിരുന്നു. ഈ പ്ലേറ്റോണിയന്‍ തത്വ ശാസ്ത്രത്തിന്‍റെ സ്വാധീനം മധ്യകാല തത്വചിന്തകരില്‍ പ്രമുഖനായിരുന്ന വി. അഗസ്റ്റിനിലും കാണാം. വിശ്വാസത്തിലേക്ക് കടന്നു വരുന്നതിന് മുന്‍പ് അദ്ദേഹം പിന്തുര്‍ന്നിരുന്ന ജീവിത ശൈലിയും അനുഭവങ്ങളും ഈ ദ്വൈതവാദത്തെ സ്വീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ആധുനിക കാലഘട്ടത്തിലും അനേകരില്‍ ഈ ചിന്തയുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്നതായി കാണാം.

എന്താണ് ഈ ദ്വൈത ചിന്തയുടെ 
അനന്തരഫലം?
ഏറ്റവും പ്രധാനമായി അത് ഒരു വ്യക്തിയുടെ ശരീര ബോധത്തെ (Body image) നെഗറ്റീവ് ആയി ബാധിക്കുന്നു. സ്വന്തം ശരീരത്തെക്കുറിച്ച് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെയും മനോഭാവത്തെയുമാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ Body image എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. പോസിറ്റീവ് ബോഡി ഇമേജ്, ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിനും (self confidence  ) സ്വയം മതിപ്പിനും (self esteem) ഏറ്റവും അടിസ്ഥാനപരമായി വേണ്ട ഘടകമാണ്. സ്വന്തം ശരീരത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന മനോഭാവമാണ് പോസിറ്റീവ് ബോഡി ഇമേജ്. എന്നാല്‍ ശരീരത്തെ അംഗീകരിക്കാനോ ഇഷ്ടപ്പെടാനോ കഴിയാത്ത മനോഭാവമാണ് നെഗറ്റീവ് ബോഡി ഇമേജ്. ഇത്തരത്തില്‍ നെഗറ്റീവ് ആയ ശരീരബോധം അപകര്‍ഷതയ്ക്കും  വിഷാദത്തിനും ആകുലതയ്ക്കുമൊക്കെ വഴിവയ്ക്കുന്നു. മാത്രമല്ല സ്വന്തം ശരീരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് അപരന്‍റെ ശരീരത്തെയും മാനിക്കാന്‍ കഴിയാതെ വരും. ഇത് ഒരുവന്‍റെ ആത്മീയതയെയും നെഗറ്റീവ് ആയി സ്വാധീനിക്കും. അപകര്‍ഷതയും വിഷാദവും കുമിഞ്ഞു കൂടിയ മനസ്സിന് ഒരിക്കലും ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കാന്‍ കഴിയില്ല. നന്മകളില്‍ സന്തോഷിക്കാനോ കൃതജ്ഞത പ്രകടിപ്പിക്കാനോ കഴിയില്ല. വികലമായ കാഴ്ചപ്പാടുകളിലൂടെ അവനവ നെത്തന്നെയും മറ്റുള്ളവരെയും കാണുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കും.

എന്താണ് ക്രൈസ്തവമായ കാഴ്ചപ്പാട്?
വി. അഗസ്റ്റിന്‍റെ ചിന്തകളില്‍ സ്വാധീനം ചെലുത്തിയത് പ്ലേറ്റോയുടെ തത്വങ്ങളായിരുന്നു എന്ന് തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. അഗസ്റ്റിന് ശേഷം വന്ന തത്വചിന്തകനും വിശുദ്ധനുമായ തോമസ് അക്വീനാസ് ഈ ദ്വൈതവാദത്തെ തള്ളിക്കളഞ്ഞു.  പൂര്‍ണ്ണ മനുഷ്യന്‍, ആത്മാവിന്‍റെയും ശരീരത്തിന്‍റെയും സംയോജിത രൂപമാണ് എന്ന തോമസ് അക്വീനാസിന്‍റെ കാഴ്ചപ്പാടാണ് ക്രൈസ്തവ വിശ്വാസ പ്രമാണങ്ങളില്‍ കാണുന്നതും. ആത്മാവ് മരണത്തിലൂടെ താല്‍ക്കാലികമായി വേര്‍പെട്ടാലും ശരീരം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും രൂപാന്തരപ്പെടുമെന്നുമുള്ള വിശ്വാസം. ജീവിച്ചിരിക്കുന്ന ശരീരങ്ങള്‍ ദൈവാത്മാവ് കുടികൊള്ളുന്ന ആലയങ്ങളാണെന്നുള്ള ദര്‍ശനം. ഈ ദര്‍ശനങ്ങള്‍ ശരീരത്തെ നിഷേധാത്മകമായി കാണാനും വെറുക്കാനുമല്ല, മറിച്ച് ബഹുമാനത്തോടെ കാണാനും സ്നേഹിക്കാനുമാണ് നമ്മെ പഠിപ്പിക്കുന്നത്.
ആരംഭത്തില്‍ വിവരിച്ച മനുവിന്‍റെ ജീവിതത്തില്‍, കൗമാരത്തിലേക്ക് കയറുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശ്നങ്ങളായിരുന്നു അവന്‍ അനുഭവിച്ചത്. തന്‍റെ ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ഉള്ളില്‍ രൂപപ്പെട്ട അപകര്‍ഷതയാണ് അവനെ അമിതമായി സൗന്ദര്യ വര്‍ദ്ധക  വസ്തുക്കള്‍ ഉപയോഗിക്കാനും തൃപ്തി വരാതെ പല വസ്ത്രങ്ങള്‍ മാറി മാറി ധരിച്ചു നോക്കാനുമൊക്കെ പ്രേരിപ്പിച്ചത്. ഇതിനെ വെറുപ്പോടെ കണ്ട അമ്മയുടെ പ്രതികരണം അവനെ കൂടുതല്‍ വൈകാരിക സമ്മര്‍ദ്ദത്തിലാഴ്ത്തുകയും അപകര്‍ഷത വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്തത്. ശരീരത്തെക്കുറിച്ച് ആത്മവിശ്വാസമുള്ളവരും കണ്ണാടിയുടെ മുന്‍പില്‍ സ്വന്തം ശരീരം ആസ്വദിച്ചും വിലമതിച്ചുമൊക്കെ കൂടുതല്‍ സമയം ചിലവഴിച്ചെന്ന് വരാം (പ്രത്യേകിച്ച് കൗമാരപ്രായത്തില്‍). ഇവയെല്ലാം സ്വാഭാവിക വളര്‍ച്ചയുടെ ഭാഗമായിക്കണ്ട്  അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. അതെ സമയം പുറംമോടിക്കപ്പുറത്തുള്ള ശരീരത്തിന്‍റെ മഹത്വത്തെക്കുറിച്ച് ബോധ്യങ്ങളുണ്ടാവുകയും വേണം.

നിഷ ജോസ്, വാതിൽ ഫൗണ്ടേഷൻ, കോട്ടയം