Views

വികലമായ ചില പൊതുബോധങ്ങൾ അടിച്ചുറപ്പിക്കുന്ന കടുവ
  • 10 Jul
  • 2022

വികലമായ ചില പൊതുബോധങ്ങൾ അടിച്ചുറപ്പിക്കുന്ന കടുവ

വളരെ ഉപരിപ്ലവമായ പ്രമേയവും, കഥാകഥനവും കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആക്ഷൻ സിനിമ എന്നതിനപ്പുറം ഒറ്റവാക്യത്തിൽ കടുവ എന്ന ചലച്ചിത്രത്തെ വിവരിക്കാനില്ല. രണ്ട് വിഷയങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒന്ന്, ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും ചില തല്പര കക്ഷികൾ പറഞ്ഞു പരത്തിയിട്ടുള്ള കുറെയേറെ അവാസ്തവങ്ങൾ. രണ്ട് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചതായി പറയപ്പെടുന്ന ചില അനുഭവങ്ങൾ. രണ്ടും തമ്മിലുള്ള സാമ്യം പള്ളിയും ക്രൈസ്തവ സമൂഹവുമായുള്ള ബന്ധമാണ്. ഇത്തരം ചില സംഭവങ്ങളെയും ആഖ്യാനങ്ങളെയും കൂട്ടിയിണക്കി പൃഥ്വിരാജ് എന്ന ആക്ഷൻ ഹീറോയുടെ ഒരു മാസ് മൂവി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. അത്തരം രംഗങ്ങൾ ഒരു ശരാശരി കാഴ്ചക്കാരന് ആസ്വദിക്കാനാവുന്നതാണ് എന്നുള്ളതാണ് സിനിമയുടെ ഏക പ്ലസ് പോയിന്റ്. നായകന്റെ ഹീറോ പരിവേഷംകൊണ്ട് ഫാൻസിനെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം ആഴത്തിൽ ചിന്തിച്ചാൽ പൊരുത്തപ്പെടാനാവാത്ത നിരവധി ഘടകങ്ങൾ സിനിമയിലുണ്ട്. ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ അവസ്ഥയെ മാതാപിതാക്കളുടെ പ്രവൃത്തിയുമായി ബന്ധിപ്പിച്ചുള്ള ഡയലോഗുകളും സീനുകളും വിവാദമായി മാറിയത് ഒരു ഉദാഹരണം മാത്രമാണ്. ചെറിയ വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളെ മാലാഖക്കുഞ്ഞുങ്ങളെപ്പോലെ കണ്ടു പരിപാലിക്കുന്നവരും, അവർക്കുവേണ്ടി മാത്രം ജീവിക്കുന്നവരുമായ അനേകായിരം മാതാപിതാക്കളുണ്ട് നമുക്കിടയിൽ. അത്തരക്കാർക്ക് ഇത്തരമൊരു പരാമർശം വലിയ വേദനയ്ക്ക് ഇടയാക്കിയിട്ടുണ്ടാകുമെന്ന് തീർച്ച. തികച്ചും അനാവശ്യവും സ്ക്രിപ്റ്റ് വായിച്ചാൽപ്പോലും ആർക്കും മനസിലാക്കാൻ കഴിയുന്ന വിധത്തിൽ മോശമായതുമായ അത്തരമൊരു ആശയം സംശയലേശമന്യേ അവതരിപ്പിച്ചിരിക്കുന്നതിലൂടെ തന്നെ തിരക്കഥയുടെ നിലവാരം മനസിലാക്കാം. ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാസഭയുടെ സംവിധാനങ്ങളെക്കുറിച്ചും ഘടനയെക്കുറിച്ചുമെല്ലാം വളരെ ഉപരിപ്ലവമായ ധാരണകൾ മാത്രമാണ് സിനിമയുടെ പിന്നണിപ്രവർത്തകർക്ക് ഉണ്ടായിരുന്നത് എന്ന് വ്യക്തം. ധാർമ്മികമായും, സംഘടനാപരമായും ആകെ തകർന്നതും വികലമായതുമായ ഒന്നാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന സഭാ സംവിധാനങ്ങൾ. ദേവാലയങ്ങളിലെ അന്തരീക്ഷങ്ങളും മെത്രാന്മാരുടെ ഇടപെടലുകളും വൈദികരുടെ പൊതുവായ നിലവാരവും തുടങ്ങി പലതും സിനിമയിൽ ആദ്യന്തം ചിത്രീകരിച്ചിരിക്കുന്നത് അത്തരത്തിലാണ്. മോശപ്പെട്ടവർ മാത്രമല്ല, നല്ലവരുമുണ്ട് എന്ന പതിവ് വാദത്തെ അടിവരയിട്ടുറപ്പിക്കും വിധത്തിൽ, ഇന്നസെന്റ് കൈകാര്യം ചെയ്യുന്ന ഒരു വൈദിക വേഷവുമുണ്ട്. വാസ്തവത്തിൽ അത്തരം കഥാപാത്രങ്ങളെ ഇത്തരം സിനിമകളിൽ അവതരിപ്പിക്കുന്നത് പൗരോഹിത്യത്തിന്റെയും സഭയുടെയും നന്മ ചൂണ്ടിക്കാണിക്കാനല്ല, മറിച്ച്, മൊത്തം സംവിധാനങ്ങൾ മോശമാണെന്ന് പറയിപ്പിക്കാനായിട്ടാണ്. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. "വയനാട് ബിഷപ്പ് ഹൗസിലും" ഒരു പീഡനകേസ് പ്രതിയായ "റോബിൻ" എന്ന പേരുള്ള വൈദികനിലും ആരംഭിക്കുന്ന സിനിമ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വളരെ വ്യക്തം. വലിയ വിവാദമായി മാറിയ കൊട്ടിയൂർ പീഡനകേസ് തന്നെയാണ് സിനിമ വികലമായി പുനരവതരിപ്പിച്ചിരിക്കുന്നത്. "സഭ"പീഡനകേസ് പ്രതിയെ രക്ഷിച്ചു, അഥവാ അതിന് ശ്രമിച്ചു എന്ന, തൽപരകക്ഷികളുടെ വാദമാണ് ഇവിടെയും ആവർത്തിക്കുന്നത്. ഇരയായ പെൺകുട്ടിയുടെയും അവൾക്കുവേണ്ടി വാദിച്ച പിതാവ് ഉൾപ്പെടെയുള്ളവരുടെയും കണ്ണീരിനെ മറികടന്ന് മെത്രാൻ തന്നെ നേരിട്ട് അയാൾക്ക് രക്ഷാ കവചം ഒരുക്കുന്നു എന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. ഇത്തരംവിഷയങ്ങളിൽ മഞ്ഞപ്പത്രങ്ങളുടെ ആഖ്യാനങ്ങൾ ആവേശത്തോടെ സ്വീകരിക്കുന്ന ഒരു വിഭാഗം പേർ കണ്ണടച്ച് വിശ്വസിക്കാൻ മടികാണിക്കാത്ത ഒരു അവതരണമാണ് അതെന്നതിൽ സംശയമില്ല. ആദ്യന്തം അത്തരമൊരു പരിവേഷം വൈദികർക്കും മെത്രാന്മാർക്കും നല്കിയിരിക്കുന്നതിനെ സംശയദൃഷ്ടിയോടെയേ നോക്കിക്കാണാനാവൂ. അസത്യങ്ങളും അർത്ഥ സത്യങ്ങളും പ്രചരിപ്പിച്ച് തൽപരകക്ഷികൾ സൃഷ്ടിച്ചെടുത്ത മോശം പ്രതിച്ഛായയ്ക്ക് അടിവരയിടുന്ന ഇത്തരം നീക്കങ്ങൾ നിഷ്കളങ്കമായിരിക്കാനിടയില്ല. പണിഷ്മെന്റ് ട്രാൻസ്ഫറായി വയനാട്ടിൽ നിന്നും കോട്ടയത്തെ പ്രശസ്തമായ ഒരു പള്ളിയിലേക്ക് എത്തുന്ന കുറ്റവാളിയായ വൈദികനിലൂടെയാണ് പിന്നീടുള്ള കഥ മുന്നോട്ടുപോകുന്നത്. നായകൻ ജീവിച്ചിരിക്കുന്ന പ്രദേശത്തെ പള്ളിയിലേക്ക് വില്ലനായ വൈദികന് "പണികൊടുക്കാൻ" ട്രാൻസ്ഫർ വാങ്ങിക്കൊടുക്കുന്ന ഇന്നസെന്റ് അവതരിപ്പിക്കുന്ന വൈദികൻ വലിയ ബന്ധങ്ങളും അടുപ്പങ്ങളും ഉള്ള ഒരു കഥാപാത്രമാണ്. ലത്തീൻ സഭയിലെ മെത്രാന്മാരെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വേഷവിധാനങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന മെത്രാന്മാരും അവരുടെ രീതികളും കണ്ടാൽ, കേരളാപോലീസ് സേനയിൽ സംഭവിക്കുന്ന കാര്യങ്ങൾ പോലെ തോന്നും. മന്ത്രിമാരും രാഷ്ട്രീയത്തിലെ ഉന്നതരുമൊക്കെ ഇടപെട്ട് കേസുകളിൽനിന്ന് ഊരി, ജില്ലകൾക്കപ്പുറത്തേയ്ക്ക് ട്രാസ്ഫർ വാങ്ങി പോകുന്നതും, രാഷ്ട്രീയ സ്വാധീനവും പണവും പദവിയുമൊക്കെ ദുരുപയോഗിച്ച് കാര്യങ്ങൾ നേടുന്നതും, ഒരു ഭയവുമില്ലാതെ വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നതും തുടങ്ങി വില്ലനായ വ്യക്തിയിലും അയാൾ ഉൾപ്പെടുന്ന സംവിധാനങ്ങളിലും ചുമത്തിയിരിക്കുന്ന സവിശേഷതകൾ കേരളത്തിലെ ക്രൈസ്തവ സമൂഹവും സഭാ നേതൃത്വവും തുടങ്ങിയ ഒന്നുമായും യാതൊരു ബന്ധവുമില്ലാത്തതാണ്. യാഥാർത്ഥ്യവുമായി സാമ്യംപോലുമില്ലാത്ത ഇത്തരം അവതരണങ്ങൾ നടത്തുന്നതിലൂടെ ഒരു ഹീറോയെ അവതരിപ്പിക്കാനുള്ള യുക്തിരഹിതമായ പെടാപ്പാടായേ കാണാനാവൂ. ഒരു വൈദികൻ കാഴ്ചക്കാരുടെ കയ്യടി നേടുംവിധത്തിൽ നായകന്റെ കയ്യിൽനിന്ന് അടി വാങ്ങുന്ന സീൻ ക്രിയേറ്റ് ചെയ്യുന്നതിനായി കഥയിൽനിന്ന് വേറിട്ടുനിൽക്കുന്ന പുതിയ വഴിത്തിരിവുകളിലൂടെയൊക്കെ തിരക്കഥാകൃത്ത് സഞ്ചരിക്കുന്നുണ്ട്. വാസ്തവത്തിൽ കഥ ആരംഭിക്കുന്നത് ഒരു വൈദികനിലൂടെയും സഭാ നേതൃത്വത്തിലൂടെയുമൊക്കെ ആണെങ്കിലും, പിന്നീട് കഥാഗതിയിൽ കാതലായ മാറ്റംസംഭവിച്ച് മറ്റൊരു വഴിക്കാണ് സിനിമ പോകുന്നത്. ആദ്യ സംഭവവും വൈദികന്റെ പുതിയ സ്ഥലത്തേക്കുള്ള വരവും അപ്രസക്തമാവുകയും ഒരു രാഷ്ട്രീയ പോരാട്ടമായി സിനിമ രണ്ടാം പകുതിയിൽ മാറുകയും ചെയ്യുന്നുണ്ട്. എങ്കിലും, ഇതുവരെ കാണാത്ത രീതിയിൽ വില്ലൻപരിവേഷത്തിൽ ഒരു വൈദികൻ തല്ല് മേടിക്കുകയും കിണറ്റിൽ താഴ്ത്തപ്പെടുകയും ചെയ്യുന്നത് കേരളം കാണണമെന്ന് പിന്നണിപ്രവർത്തകർക്ക് നിർബ്ബന്ധമുണ്ടായിരുന്നിരിക്കാൻ ഇടയുണ്ട്. പ്രത്യേക യുക്തിയും ആശയവും കഥയുമൊന്നും ആവശ്യമില്ലാത്ത മാസ് മൂവിയുടെ പട്ടികയിൽ ഒന്നുകൂടി എഴുതിച്ചേർക്കപ്പെടുകയാണ്. ഒരു നായകൻ സൃഷ്ടിക്കപ്പെടണമെങ്കിൽ ആരോ കരുതിക്കൂട്ടി സൃഷ്ടിച്ച പൊതുബോധങ്ങളുടെ പിന്നാലെ പോകണമെന്ന ക്ളീഷേ ഇനിയും തുടരുന്നതും അത്തരം സിനിമകൾ അർഹിക്കാത്ത വിജയം നേടുന്നതും മലയാളം നിനിമയുടെ ഈ വളർച്ചാ കാലഘട്ടത്തിൽ അഭികാമ്യമല്ല. തൽപരകക്ഷികൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധങ്ങൾക്ക് അതീതമായി സത്യം കണ്ടെത്തി അവതരിപ്പിക്കാനും, നന്മയിലേക്കും തിരുത്തലുകളിലേയ്ക്കുമുള്ള കൈചൂണ്ടികളാകാനും തയ്യാറുള്ള ചലച്ചിത്ര പ്രവർത്തകരും നിർമ്മാതാക്കളും പ്രോത്സാഹിപ്പിക്കപ്പെടട്ടെ.