News Details

മനുഷ്യകേന്ദ്രീകൃതമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മതങ്ങൾ സഹായിക്കണം: ഫ്രാൻസിസ് പാപ്പാ
  • 12 Jan
  • 2023

മനുഷ്യകേന്ദ്രീകൃതമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മതങ്ങൾ സഹായിക്കണം: ഫ്രാൻസിസ് പാപ്പാ

നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന റോം ആഹ്വാനമെന്ന രേഖ സംബന്ധിച്ച് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മനുഷ്യനെ കേന്ദ്രീകരിച്ചുള്ള സാങ്കേതികവിദ്യയുടെ വികസനത്തിൽ മതങ്ങൾ തങ്ങളുടേതായ പങ്കുവഹിക്കണമെന്നും, ഇതിനായി അൽഗോരിതങ്ങളുടെ ഉപയോഗത്തിൽ ധാർമികതയെ സംബന്ധിച്ച് ചിന്തകൾ പങ്കുവയ്ക്കണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് റോമിന്റെ ആഹ്വാനം എന്ന രേഖയിൽ കത്തോലിക്കരും, യഹൂദരും, ഇസ്ലാം മതവിശ്വാസികളുമായ ആളുകൾ സംയുക്തമായി ഒപ്പിട്ടത്, പ്രതീക്ഷയുടെ അടയാളമാണെന്നും പാപ്പാ പ്രസ്താവിച്ചു. ജനുവരി പത്തിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ്, സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ധാർമ്മികതയുടെ പങ്കും, അതിൽ മതങ്ങളുടെ ഇടപെടലിന്റെ ആവശ്യകതയും സംബന്ധിച്ച് പാപ്പാ എഴുതിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെ പേപ്പൽ കൊട്ടാരത്തിന്റെ ക്ലെമെന്റയിൻ ശാലയിൽ വച്ച് ഇതേ ദിവസം വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ പാപ്പാ പ്രഭാഷണം നടത്തിയിരുന്നു.

പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

"കത്തോലിക്കരും യഹൂദരും മുസ്ലീങ്ങളും നിർമ്മിതബുദ്ധിയുടെ ഉപയോഗത്തിൽ ധാർമ്മികതയുടെ ഉപയോഗം സംബന്ധിച്ച റോമിന്റെ ആഹ്വാനത്തിൽ സംയുക്തമായി ഒപ്പിട്ടത്, പ്രതീക്ഷയുടെ ഒരു അടയാളമാണ്. അൽഗോരിതങ്ങളുടെ ഉപയോഗത്തിലെ ധാർമികതയെ സംബന്ധിച്ച്, പരസ്പരം പങ്കിടുന്ന വിചിന്തനം വഴി, മനുഷ്യരിൽ കേന്ദ്രീകൃതമായ ഒരു സാങ്കേതികവിദ്യയുടെ വികസനത്തിൽ മതങ്ങൾ മാനവികതയെ അനുധാവനം ചെയ്യട്ടെ."

റോമിന്റെ ആഹ്വാനം (#RomeCall), നിർമ്മിതബുദ്ധിയും ധാർമ്മികതയും (#AIEthics, #algoretica) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു പാപ്പായുടെ സന്ദേശം.

ശാസ്ത്രപരമായ ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ നിർദ്ധാരണത്തിന് ഉപയോഗിക്കുന്ന ക്രിയകളുടെ ശ്രേണിയെയാണ് അൽഗോരിതം എന്ന് വിളിക്കുന്നത്.