News Details

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ സന്യസ്തരെ വിട്ടയച്ചു 
  • 24 Aug
  • 2022

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ സന്യസ്തരെ വിട്ടയച്ചു 

ഓഗസ്റ്റ് 21ന് വിശുദ്ധ കുർബ്ബാനക്കുള്ള യാത്രാമദ്ധ്യേ തട്ടിക്കൊണ്ടുപോകപ്പെട്ട നാല് സന്യസ്തരെ വിട്ടയച്ചെന്ന് അവർ അംഗങ്ങളായ സന്യാസസഭാവക്താക്കൾ അറിയിച്ചു. തെക്കൻ നൈജീരിയയിലെ ഇമു സ്റ്റേറ്റിൽ നിന്നാണ് യോഹാനസ് ന്വോഡോ,  ക്രിസ്റ്റബെൽ എഷെമാസു, ലിബറേറ്റ ബമാലു, ബെനീറ്റ ആഗു എന്നീ സന്യസ്തരെ തട്ടിക്കൊണ്ടുപോയത്.

സുരക്ഷിതമായി എത്രയും വേഗം അവർ തിരിച്ചെത്താൻ രണ്ട് ദിവസമായി തീക്ഷ്‌ണമായ പ്രാർത്ഥനകൾ ഉയരുന്നതിനിടയിലാണ് സന്യാസിനികൾ സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ജീസസ് ദി സേവ്യർ സന്യാസിനിസമൂഹം ഓഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

" ഇന്ന് ഞങ്ങൾക്ക് അവിസ്മരണീയമായ ദിനമാണ്. അതുകൊണ്ട്, ഞങ്ങളുടെ പ്രിയ സിസ്റ്റേഴ്സ് സുരക്ഷിതമായി, എത്രയും പെട്ടെന്ന് മോചിപ്പിക്കപ്പെടാൻ വേണ്ടി  ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത സന്മനസ്സുള്ള എല്ലാവരോടുമൊത്ത് ഈ സന്തോഷം പങ്കിടാൻ  ഞങ്ങൾ ആഗ്രഹിക്കുന്നു" പ്രസ്താവനയിൽ പറയുന്നു.

ജീസസ് ദി സേവ്യർ സഭാസമൂഹം, പാവപ്പെട്ടവരെയും പ്രായമായവരെയും രോഗികളെയും ശുശ്രൂഷിക്കുന്ന നൈജീരിയയിലെ സന്യാസിനി സമൂഹമാണ്. തട്ടിക്കൊണ്ടുപോയത് ആരാണെന്നതിനെ സംബന്ധിച്ച് അവർ ഇതുവരെ സൂചനയൊന്നും നൽകിയിട്ടില്ല.

നൈജീരിയയിൽ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുന്നത് കുറച്ചു വർഷങ്ങളായി വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്നുള്ളത് സഭാനേതൃത്വത്തിന് അവരുടെ അംഗങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള വലിയ ഉത്കണ്ഠക്ക് കാരണമായിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷക്ക് കൂടുതൽ ഊന്നൽ കൊടുക്കണമെന്നതാണ് ഗവണ്മെന്റിനോടുള്ള സഭാനേതൃത്വത്തിന്റെ പ്രധാന അഭ്യർഥന. പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോകുന്നതും മോചനദ്രവ്യത്തിനായി പിടിച്ചുവെക്കുന്നതും അവിടെ സാധാരണയാണ്.

ജൂലൈ 11ന് നൈജീരിയയിലെ കത്തോലിക്കാ രൂപതാവൈദികരുടെ സംഘടന അക്രമങ്ങളെപ്പറ്റി ഒരു പ്രസ്താവന ഇറക്കിയിരുന്നു, "നിത്യേനയുള്ള അജപാലനകാര്യങ്ങളുടെ നിർവ്വഹണത്തിനിടയിലും അപകടഭീഷണി നേരിടുന്ന വർഗ്ഗമായി പുരോഹിതർ മാറിയത് ദുഖകരമാണ് ". എന്നാണ് അതിൽ തങ്ങളുടെ അവസ്ഥയെക്കുറിച്ച് പുരോഹിതർ സൂചിപ്പിച്ചിരിക്കുന്നത്.

ജൂലൈയിൽ നൈജീരിയയുടെ വടക്കൻ കടുന സംസ്ഥാനത്തിലെ ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക ദേവാലയത്തിൽനിന്ന് ഫാ. ജോൺ മാർക്ക് ചീറ്റ്‌നം, ഫാ. ഡെനാറ്റസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതില്‍ ഫാ. ക്ലിയോപാസ് ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും ഫാ. ജോണ്‍ മാര്‍ക്ക് മൃഗീയമായി കൊലചെയ്യപ്പെട്ടു.