News Details

ജാഗ്രത കൈവെടിയരുത്, ജീവിതാന്ത്യത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും; മുന്നറിയിപ്പു നൽകി പാപ്പ
  • 09 Aug
  • 2022

ജാഗ്രത കൈവെടിയരുത്, ജീവിതാന്ത്യത്തിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും; മുന്നറിയിപ്പു നൽകി പാപ്പ

വത്തിക്കാൻ സിറ്റി: ജാഗ്രത കൈവെടിയരുതെന്നും ദൈവം നമ്മെ ഭരമേൽപ്പിച്ചവയുടെ കണക്ക് ജീവിതാന്ത്യത്തിൽ നാം ബോധിപ്പിക്കേണ്ടിവരുമെന്നും ഫ്രാൻസിസ് പാപ്പ. ജാഗരൂകരാകുക എന്നതിനർത്ഥം ഉത്തരവാദിത്വമുള്ളവരാകുക, അതായത്, ദൈവം നൽകിയവയെ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനയിൽ വചനസന്ദേശം നൽകവേയായിരുന്നു പാപ്പയുടെ മുന്നറിയിപ്പ്. സ്വർഗത്തിൽ നിക്ഷേപം കരുതിവെക്കാനും കർത്താവിന്റെ വരവ് പ്രതീക്ഷിച്ച് സദാ ജാഗരൂഗരായിരിക്കാനും ആഹ്വാനം ചെയ്യുന്ന തിരുവചന ഭാഗത്തെ (ലൂക്കാ: 32- 48) ആസ്പദമാക്കിയായിരുന്നു വചനസന്ദേശം.

‘ജീവിതം, വിശ്വാസം, കുടുംബം, ബന്ധങ്ങൾ, ജോലി, വാസസ്ഥലം, നമ്മുടെ നഗരം, സൃഷ്ടി അങ്ങനെ ഒരുപാട് കാര്യങ്ങൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. ഇത്തരുണത്തിൽ നമുക്ക് സ്വയം ചോദിക്കാം: കർത്താവ് നമുക്കേകിയ ഈ പൈതൃകത്തെ നാം പരിപാലിക്കുന്നുണ്ടോ? നാം അവയുടെ മനോഹാരിത കാത്തുസൂക്ഷിക്കുന്നുണ്ടോ, അതോ അവയെ നാം നമുക്കുവേണ്ടിയും ഈ നിമിഷത്തെ സൗകര്യത്തിനായും മാത്രം ഉപയോഗിക്കുകയാണോ? ഇതേക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം: നമുക്ക് നൽകപ്പെട്ടിരിക്കുന്നവയുടെ സംരക്ഷകരാണോ നാം?,’ പാപ്പ ഉദ്‌ബോധിപ്പിച്ചു.

പ്രസ്തുത സുവിശേഷ ഭാഗം പരാമർശിക്കുന്ന, ‘ഭയപ്പെടേണ്ട, ഒരുങ്ങിയിരിക്കുക,’ എന്നീ മൗലീക പ്രബോധനങ്ങളെകുറിച്ചുള്ള വിചിന്തനവും പാപ്പ പങ്കുവെച്ചു. നിഷ്‌ക്രിയവും മരവിച്ചതുമായ ജീവിതം നയിക്കാനുള്ള നമ്മുടെ പ്രലോഭനത്തെ മറികടക്കാനുമുള്ള രണ്ട് സുപ്രധാന പദങ്ങളാണിവ, യേശു നൽകുന്ന പ്രചോദനമാണിത്. നമ്മുടെ ജീവിതം ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന ബോധ്യത്തിലേക്ക് നയിക്കാൻ കരുത്തേകും ഈശോയുടെ ഈ വാക്കുകൾ. കർത്താവ് നമ്മെ സ്നേഹത്തോടെ കാത്തുപരിപാലിക്കുന്നു എന്ന അവബോധം നിദ്രയിലാഴുന്നതിലും അലസരായിരിക്കുന്നതിലും നിന്ന് നമ്മെ തടയും.

ദൈവപരിപാലനയെ കുറിച്ചുള്ള ബോധ്യം നമ്മെ ഉണർവിലേക്കും ജാഗരൂകതയിലേക്കും നയിക്കും. ജാഗരൂകരാകുക എന്നത് ക്രിസ്തീയ ജ്ഞാനമാണ്. യേശു ഈ ക്ഷണം പലവുരു ആവർത്തിക്കുന്നു. ‘നാം ഉണർന്നിരിക്കണം, ഉറങ്ങിപ്പോകരുത്, അതായത്, ശ്രദ്ധ വ്യതിചലിക്കരുത്, ആന്തരിക അലസതയ്ക്ക് വഴങ്ങരുത്. കാരണം, നാം പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിൽ പോലും, കർത്താവ് വരുന്നു. കർത്താവിന്റെ കാര്യത്തിൽ ഈ ശ്രദ്ധ ഉണ്ടായിരിക്കണം, നിദ്രയിലാണ്ടുപോകരുത്. ഉണർന്നിരിക്കണം,’ ഓരോ ക്രൈസ്തവനും മനസിൽ സൂക്ഷിക്കേണ്ട ജാഗ്രത എന്ന സത്പ്രവൃത്തിയെക്കുറിച്ച് പാപ്പ ആവർത്തിച്ച് ഓർമിപ്പിച്ചു.