News Details

ബഫർ സോൺ : സ്ഥിതി വിവര ശേഖരണം സർക്കാർ അതീവ ജാഗ്രതയോടെ നടത്തണം.  കേരള കർഷക അതിജീവന സംയുക്ത സമിതി
  • 04 Aug
  • 2022

ബഫർ സോൺ : സ്ഥിതി വിവര ശേഖരണം സർക്കാർ അതീവ ജാഗ്രതയോടെ നടത്തണം. കേരള കർഷക അതിജീവന സംയുക്ത സമിതി

സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്മേൽ ഈ മേഖലയിലെ സ്ഥിതി വിവരങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുഖ്യ വനപാലകരുടെ നേതൃത്വത്തിൽ നടത്തുന്ന നീക്കം വനം വകുപ്പിന്റെ ഏകപക്ഷീയമായ നടപടി ആകുവാൻ പാടില്ല. ഓരോ വനമേഖലയുടെയും പ്രസ്തുത പരിധിയിൽ വരുന്ന റവന്യൂ, കൃഷി, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഒരുമിച്ചുള്ള വിവര ശേഖരണമാണ് ഉണ്ടാകേണ്ടത്. അതുവഴി അവിടെ ഉണ്ടാകാവുന്ന  സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങളെ സംബന്ധിചുള്ള വ്യക്തമായ ക്രോഡീകരണം നടത്തി റിപ്പോർട്ട് തയ്യാറാക്കണം.

 ഇപ്രകാരം തയ്യാറാക്കുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി തലത്തിലുള്ള ഒരു സമിതി വിലയിരുത്തി മന്ത്രി സഭ അംഗീകരിച്ചു വേണം വനം പരിസ്ഥിതി മന്ത്രാലയത്തിനും, സെൻട്രൽ എമ്പവേർഡ് കമ്മറ്റിയ്ക്കും അവർ വഴി സുപ്രീം കോടതിയിലും നൽകേണ്ടത്.
അതോടൊപ്പം, ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ ആകാമെന്ന 2019 ലെ മന്ത്രിസഭായോഗ തീരുമാനം ഉടൻതന്നെ റദ്ദാക്കുകയും വേണം.
 ഇക്കാര്യങ്ങളിൽ സർക്കാർ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ സി ബി സി യുടെ നേതൃത്വത്തിൽ 61 കർഷക സംഘടനകൾ യോജിച്ചു രൂപീകരിച്ച 'കേരള കർഷക അതിജീവന സംയുക്ത സമിതി' ആവശ്യപ്പെട്ടു. 

ഇതിന് സമാന്തരമായി തന്നെ ഓരോ സംരക്ഷിത വനമേഖലയ്ക്കും ചുറ്റും ബഫർ സോൺ ആക്കണമെന്ന് നിർദ്ദേശിക്കയപെട്ട പ്രദേശങ്ങളെ സംബന്ധിച്ച് വിശദമായ പഠനവും സ്ഥിതി വിവര ശേഖരണവും കർഷക സംഘടനകളുടെ നേതൃത്വത്തിലും നടത്തും.  ഇപ്രകാരം തയ്യാറാക്കുന്ന റിപ്പോർട്ടുകളും വനം പരിസ്ഥിതി മന്ത്രാലയം, സെൻട്രൽ എമ്പവെർഡ് കമ്മറ്റി എന്നിവർക്ക് നൽകും. ഈ കേസിൽ കർഷക സംഘടനകൾ കക്ഷി ചേരുന്ന കാര്യം നിയമ വിദഗ്ധരുമായി കൂടിയാലോചിച്ചു വരികയാണ്. 

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും കർഷക സംഘടനകളുടെ കോർഡിനേഷൻ കമ്മറ്റികൾ ഉടൻ രൂപീകൃതമാകും. കർഷക ദിനമായ ആഗസ്റ്റ് 17 ന് എല്ലാ കർഷക സംഘടനകളും കരിദിനമായി ആചരിക്കും. സർക്കാർ ഭാഗത്തുനിന്നും ജാഗ്രതയില്ലായ്മയോ, വേഗതയില്ലായ്മയോ ഉണ്ടായാൽ എല്ലാ സംഘടനകളും ചേർന്ന് വലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
ഫാ. ജേക്കബ് മാവുങ്കൽ (ചെയർമാൻ)
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ (കോർഡിനേഷൻ കമ്മറ്റികൾ അംഗം)
സജി വട്ടുകളത്തിൽ (കോർഡിനേഷൻ കമ്മറ്റി അംഗം)
വിനോദ് നെല്ലയ്ക്കൽ (മീഡിയ കമ്മറ്റി അംഗം)