News Details

പാക്കിസ്ഥാനിൽ വീണ്ടും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി
  • 07 Jul
  • 2022

പാക്കിസ്ഥാനിൽ വീണ്ടും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്ന സംഭവങ്ങൾ തുടരുമ്പോഴും, അതിനെതിരെ ചെറുവിരൽപോലും അനക്കാതെ പാക് ഭരണകൂടം. പതിനഞ്ച് വയസുള്ള പെൺകുട്ടിയ ഉറക്കഗുളിക കൊടുത്ത് മയക്കി ഫൈസലാബാദിൽനിന്ന് തട്ടിക്കൊണ്ടുപോയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. സമീപത്തെ മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിപോലും പൊലീസ് ഫയലിൽ സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സങ്കടകരമായ ഈ വാർത്ത പുറത്തുവരുന്നത്. മുസാഫിർ കോളനിയിലെ വീട്ടിൽനിന്ന് ഇക്കഴിഞ്ഞ ജൂൺ 22നാണ് 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാർ ഉറങ്ങുന്ന സമയത്ത്, അയൽപക്കത്തെ ഗുൽനാസ് എന്ന സ്ത്രീ കുടിവെള്ളത്തിൽ ഉറക്കഗുളിക കലർത്തി നൽകിയെന്നും അത് കുടിച്ച് ബോധരഹിതയായ പെൺകുട്ടിയെ സ്ത്രീയുടെ അർദ്ധസഹോദരൻ മുഹമ്മദ് ആസിഫ് കാറിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മകളെ കാണാതായത് തിരിച്ചറിഞ്ഞ മാതാപിതാക്കൾ, അവളെ അന്വേഷിച്ച് ഗുൽനാസിന്റെ വീട്ടിലെത്തിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. പിന്നീട് ചില അയൽവാസികളിൽനിന്നാണ്, മയക്കത്തിലായ പെൺകുട്ടിയെ ഗുൽനാസും ആസിഫും ചേർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ വിവരം അറിഞ്ഞത്. തൊട്ടുപിന്നാലെ, അവൾ മുസ്ലീം മതം സ്വീകരിച്ചെന്നും ആസിഫിനെ വിവാഹം ചെയ്‌തെന്നും ഗുൽനാസിന്റെ കുടുംബം വെളിപ്പെടുത്തുകയായിരുന്നു. ഉറക്കഗുളിക കൊടുത്ത് മകളെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസിനെ അറിയിച്ചിട്ടും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, ആസിഫിനെ അവൾ വിവാഹം ചെയ്‌തെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഫൈസലാബാദ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സർട്ടിഫിക്കറ്റിൽ പെൺകുട്ടിക്ക് 18 വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹം പൂർണസമ്മതത്തോടെയാണെന്നും കുറ്റാരോപിതർ പറയുന്നു. എന്നാൽ അത് അവാസ്ഥവമാണെന്ന് ചൂണ്ടിക്കാട്ടിയ പെൺകുട്ടിയുടെ കുടുംബം, തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി മതം മാറ്റി വിവാഹം ചെയ്തവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതിനാൽ, പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ‘ഹൂമൺ റൈറ്റ്‌സ് ഫോക്കസ് പാക്കിസ്ഥാൻ’ (എച്ച്.ആർ.എഫ്.പി) എന്ന സന്നദ്ധ സംഘടന നിയമ സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവാണിതെന്ന് എച്ച്.ആർ.എഫ്.പി പ്രസിഡന്റ് നവീദ് വാൾട്ടർ ചൂണ്ടിക്കാട്ടി. ഒരോ വർഷവും ഇപ്രകാരമുള്ള ഏതാണ്ട് 1000ൽപ്പരം കേസുകൾ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളെ സംരക്ഷിക്കാൻ ഭരണകൂടം നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.