Lecturers Details

team

അർണോസ് പാതിരി

About Me

അർണ്ണോസ് പാതിരിയുടെ യഥാർത്ഥ നാമം ജോൺ ഏണസ്റ്റ് ഹാങ്‌സിൽഡൻ എന്നാണ്. ഹംഗറിയിൽ ജനിച്ചുവളർന്ന അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയായി 1699 ലാണ് കേരളത്തിലെത്തിയത്. അമ്പഴക്കാട് ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അക്കാലത്തെ സാഹിത്യകാരന്മാരുടെ സമ്മേളന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തൃശ്ശിവപേരൂർ സർവ്വകലാശാലയിലെ ചില പണ്ഡിതരുമായി അദ്ദേഹം സൗഹൃദത്തിലായി. അവരിൽനിന്ന് ലഭിച്ച മഹാഭാരതത്തിന്റെയും മലയാള വ്യാകരണത്തിന്റെയും എഴുത്തോലകളിൽ തുടങ്ങിയ ഭാഷാപഠനം അദ്ദേഹത്തെ മലയാള - സംസ്കൃത ഭാഷാ പണ്ഡിതനാക്കി മാറ്റി. മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, മലയാളം-പോർട്ടുഗീസ് വ്യാകരണം, സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു എന്നിങ്ങനെയുള്ള കൃതികൾ വഴിയായി മലയാളം, സംസ്കൃതം ഭാഷകൾക്ക് നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. മലയാളം പോർച്ചുഗീസ് നിഘണ്ടുവിന്റെ കയ്യെഴുത്തുപ്രതി വത്തിക്കാൻ ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.പോർച്ചുഗീസിൽ എഴുതിയ ആർട്ട് മലബാർ എന്ന മലയാളം വ്യാകരണഗ്രന്ഥം അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ്. ഇതിന്റെ ഒരു കയ്യെഴുത്ത് പ്രതി ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ചതുരന്ത്യം, പുത്തൻ പാന, ഉമാപർവ്വം, വ്യാകുലപ്രബന്ധം, ആത്മാനുതാപം, വ്യാകുലപ്രയോഗം തുടങ്ങിയ മലയാള കാവ്യങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. തമിഴിലും അദ്ദേഹം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. നാലു ഭാഗങ്ങളായി രചിച്ച കത്തുറുന്ത്യം എന്ന തമിഴ്‌കാവ്യമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്ന്. 1732 ൽ അർണോസ് പാതിരി അന്തരിച്ചു. 

മലയാളഭാഷയുടെ വളർച്ചയിലും പരിണാമത്തിലും വളരെ നിർണ്ണായകമായ സംഭാവനകൾ നൽകിയ അതുല്യനായ പണ്ഡിതനായിരുന്നു അർണോസ് പാതിരി. ഇന്ത്യൻ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഭാഷ പാണ്ഡിത്യം മൂലം യൂറോപ്പിലെ ആദ്യത്തെ ഇൻഡോളജിസ്റ്റ് ആയി അദ്ദേഹം പരിഗണിക്കപ്പെടുന്നു.     

-----------------------------------   

(അർണോസ് പാതിരിയെക്കുറിച്ച് മരിയൻ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം)


ക്രിസ്തീയ സാഹിത്യത്തില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അര്‍ണ്ണോസ് പാതിരി. യൊവാന്‍ ഏര്‍ണസ് എന്നാ യിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ജര്‍മ്മനിയില്‍ ഹാനോവറില്‍ ഓസ്‌നാബ്‌റൂക്കിനു സമീപമുള്ള ഓസ്റ്റര്‍ കാപ്ലന്‍ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം ഹംഗറിക്കാരാനാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇരുപതു വയസുവരെ നാട്ടില്‍ തന്നെ കഴിഞ്ഞ അദ്ദേഹം പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈശോസഭ സന്യാസിയായ വെബ്ബര്‍ പാതിരിയെ കണ്ടു മുട്ടി. അദ്ദേഹത്തെ കണ്ടത് അര്‍ണ്ണോസിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഇന്ത്യയില്‍ ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുവാനാണ് വെബ്ബര്‍ പാതിരി ഓസ്‌നബ്രൂക്കില്‍ എത്തുന്നത്. ഈശോസഭയിലേക്ക് പോകുവാന്‍ അര്‍ണ്ണോസിനെ ആകര്‍ഷിച്ചത് വെബ്ബര്‍ എന്ന പുരോഹിതന്റെ വിനയവും ജീവിതവുമൊക്കെ ആയിരുന്നു. അങ്ങനെ ജന്മനാടിനോ ട് വിട പറഞ്ഞു കൊണ്ട് അര്‍ണ്ണോസ് വെബ്ബര്‍ പാതിരിയുടെ സംഘത്തില്‍ ചേര്‍ന്നു.

അര്‍ണ്ണോസ് ഭാരതത്തില്‍
സന്ന്യാസ സഭയിലേക്കുള്ള പ്രാഥമിക പരീക്ഷ വിജയിച്ച അര്‍ണ്ണോസ് സന്ന്യാസാര്‍ഥി പട്ടം നേടി. വെബ്ബര്‍ പാതിരിയാണ് അര്‍ണ്ണോ സിന്റെ ആധ്യാന്മിക പിതൃത്വം ഏറ്റെടുത്തത്. അങ്ങനെ 1699 ഒക്ടോബറില്‍ അദ്ദേഹവും സംഘവും ഭാരതത്തിലേക്ക് യാത്ര തിരിച്ചു. ദീര്‍ഘദൂരം നീണ്ട യാത്രയിലുടനീളം വൈദിക പഠനം നടക്കുന്നുണ്ടായിരുന്നു. അര്‍ണ്ണോസിന്റെ വ്രത വാഗ്ദാനം നടന്നത് 1699 നവംബര്‍ 3 നായിരുന്നു. ഈശോസഭ വൈദികനായി അദ്ദേഹം ജീവിതം ആരംഭിച്ചു.

കഠിനമായ ദീര്‍ഘദൂരയാത്രകള്‍ ഒപ്പമുണ്ടായിരുന്നവരെ രോഗാതുരരാക്കുകയും ഫാദര്‍ വെബ്ബര്‍ മരണമടയുകയും ചെയ്തു. ഗോവയിലേക്ക് യാത്ര തിരിച്ച അര്‍ണ്ണോസ് 1701 ല്‍ ഗോവയിലെത്തി. അവിടെയുള്ള പോര്‍ച്ചുഗീസ് മിഷനറി കേന്ദ്രത്തില്‍ നിന്നും സന്ന്യാസ പരിശീലനം പൂര്‍ത്തിയാക്കി. അവിടെ നിന്ന് ആണ് അര്‍ണ്ണോസ് പാതിരി കൊച്ചി രാജ്യത്തിലേക്ക് വന്നത്. ഭാഷാ പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന അദ്ദേഹം സംസ്‌കൃതം പഠിക്കാന്‍ കാണിച്ച ഉത്സാഹം ആണ് അര്‍ണ്ണോസ് പാതിരിയെ തൃശൂര് എത്തിച്ചത്. പല സാഹിത്യകാരന്മാരോടും അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സംസ്‌കൃതം പഠിക്കുക അത്ര എളുപ്പ മല്ലാതിരുന്നതിനാല്‍ നമ്പൂതിരിമാര്‍ പാതിരിയെ സംസ്‌കൃതം പഠിപ്പിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തില്‍ ആകൃഷ്ടരായി ചില നമ്പൂതിരിമാര്‍ അദ്ദേഹത്തിനെ സംസ്‌കൃതം അഭ്യസിപ്പിച്ചു. അങ്കമാലിക്കാരനായ കുഞ്ഞന്‍, കൃഷ്ണന്‍ എന്നീ ആളുകളായിരുന്നു അര്‍ണ്ണോസ് പാതിരിയുടെ അധ്യാപകര്‍. മഹാഭാരതം, രാമായണം എന്നീ ഇതിഹാസ കൃതികള്‍ അദ്ദേഹം വശത്താക്കി. ഒട്ടു മിക്ക യുറോപ്യന്‍മാര്‍ക്ക് ബാലികേറാമലയായിരുന്ന സംസ്‌കൃതം അങ്ങനെ ഒരു ക്രിസ്തീയ പുരോഹിതന്‍ വശത്താക്കിയത് അത്ഭുതം തന്നെയായിരുന്നു. മാത്രമല്ല സ്വന്തം ഭാഷയില്‍ സംസ്‌കൃതത്തിനു വ്യാകരണഗ്രന്ഥവും പാതിരി എഴുതി. അതിനു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സഹായിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ രൂപതാ മെത്രാന്‍ ജോണ്‍ റിബെയ്റോയുടെ കൂടെ നാല് വര്‍ഷത്തോളം താമസിക്കു കയും പഠനം നിര്‍വചിച്ചിരുന്നതായും ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു.

വേലൂര്‍ പള്ളി
വേലൂരിലെ പഴയങ്ങാടിയില്‍ എത്തിയ അര്‍ണ്ണോസ് പാതിരി അവിടെ ഒരു പള്ളി പണിയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കൊച്ചി രാജാവ് അദ്ദേഹത്തെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയെങ്കിലും പിന്നീടു പിന്മാറി. ആ സമയത്ത് നടന്നിരുന്ന സമൂതിരിക്കെതിരായുള്ള യുദ്ധത്തില്‍ കൊച്ചി രാജാവിനെ സഹായിച്ച കമാന്‍ഡര്‍ ബെര്‍ണാര്‍ട് കെറ്റലിനെ പാതിരി സഹായിച്ചിരുന്നു. ഇത് നാട്‌വാഴി ആയിരുന്ന ചെങ്ങഴി നമ്പ്യാരും കൊച്ചി രാജാവുമായുള്ള നീരസങ്ങള്‍ക്ക് വഴി തെളി ച്ചു. പാതിരിക്കു താമസിക്കാനുള്ള പടിപ്പുര മാളിക പണിയിച്ചത് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആണെന്ന വാദം നിലവിലുണ്ട്. അവിടെ താമസിച്ചു കൊണ്ടാണ് വേലൂര്‍ പള്ളി പണിയാനു ള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയത്. പക്ഷെ തദ്ദേശിയരായ ആളുകളില്‍ നിന്നും അക്രൈസ്തവരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടതിനാല്‍ പിന്നീടു വെലൂരിനു അടുത്തുള്ള ചിറമന്‍ കാട് എന്ന സ്ഥലത്തേക്ക് താമസം മാറുകയും അവിടെ നിന്ന് കൊണ്ട് പള്ളി പണികള്‍ക്ക് നേതൃത്വം കൊടുത്തു. പള്ളിയുടെ രേഖകളില്‍ വട്ടെഴുത്തില്‍ അര്‍ണ്ണോസ് പാതിരി എന്ന പേര് രേഖപ്പെടുത്തിവച്ചിട്ടുണ്ട്.

വധശ്രമവും മരണവും
പാതിരിയെ വധിക്കാന്‍ ചില ജന്മികള്‍ ഗൂഢാലോചന നടത്തുകയുണ്ടായി. പക്ഷെ അമ്പേ പരാജയപ്പെടുകയായിരുന്നു. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട പാതിരി പഴുവില്‍ എന്ന സ്ഥലത്തെത്തി വിശുദ്ധ അന്തോനീസിന്റെ പള്ളിയില്‍ അഭയം തേടി. പിന്നീട് അദ്ദേഹം ജീവിച്ചത് അവിടെയായിരുന്നു. 30 വര്‍ഷത്തോളം തപസു ജീവിതം നയിച്ചുകൊണ്ട് കേരളീയനായി ജീവിച്ച അദ്ദേഹം പഴുവില്‍ വച്ച് അന്തരിച്ചു. മരണത്തിന്റെ തീയതികളെ കുറിച്ച് ഇന്നും അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുണ്ട്. പാതിരിയുടെ മരണം സംഭവിച്ചത് 907 മീനം 20 ന് (1732 ഏപ്രില്‍ 3) ആണെന്നും അതല്ല മാര്‍ച്ച് 20 ന് ആണെന്നും അഭിപ്രായമുണ്ട്.

അനുരഞ്ജന ചര്‍ച്ചയ്ക്കു എന്ന രീതിയില്‍ പാതിരിയെ പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ട് ശത്രുക്കള്‍ അദ്ദേഹത്തെ വേലൂരില്‍ എത്തി ക്കുകയും അവിടെ വച്ച് ക്രൂരമായ പീഡകള്‍ക്ക് വിധേയനാക്കുകയും ചെയ്തു. ദേശം വിട്ടു പോകണമെന്നും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതില്‍ കലി പൂണ്ട ജന്മിമാര്‍ ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് പാതിരിയെ കൊത്തിച്ചു കൊലപ്പെടുത്തി. പഴുവിലെ പള്ളിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. ആ വര്‍ഷം ജൂലൈ 27ന് ജര്‍മ്മന്‍കാരനായ ഫാദര്‍ ബെര്‍ണാര്‍ട് അര്‍ണ്ണോസ് പാതിരിയുടെ ചരമകുറിപ്പ് റോമിലേക്ക് അയച്ചു കൊടുത്തു. കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

അര്‍ണ്ണോസ് പാതിരിയും സാഹിത്യവും
പാതിരിയുടെ സാഹിത്യ പ്രതിഭയെ കുറിച്ച് മഹാകവി ഉള്ളൂര്‍ അടക്കം പുകഴ്ത്തിയിട്ടുണ്ട്. ഗദ്യ ഗ്രന്ഥങ്ങള്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും സംസ്‌കൃത വ്യാകരണ ഗ്രന്ഥവും പോര്‍ച്ചുഗീ സ് മലയാള നിഘണ്ടുവും ആ വിടവ് നികത്തുന്നതാണ്. അദ്ദേഹം തയാറാക്കി കൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്ന അക്ഷരം വരെയേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുള്ളൂ. അടുത്ത നൂറ്റാണ്ടില്‍ ജീവിച്ച ബിഷപ്പ് പി. മെന്റല്‍ ആണ് ആ നിഘണ്ടു പൂര്‍ത്തികരിച്ചത്. നാനാ ജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ വളരെ കാലം പാതിരിയുടെ വ്യാകരണ ഗ്രന്ഥമാണ് ഉപയോഗിച്ചത് എന്ന് മഹാകവി ഉള്ളൂര്‍ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങള്‍ സംസ്‌കൃതത്തിന്റെ അതിപ്രസരം മൂലം സാധാരണ ആളുകള്‍ക്ക് മനസിലാക്കാന്‍ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വന്നത് പാതിരിയുടെ ഇടപെടല്‍ മൂലമാണ്.

ആധ്യാന്മിക തലത്തിലേക്ക് വരുമ്പോള്‍ അന്നത്തെ കാലത്ത് ക്രിസ്ത്യാനികളുടെ ഇടയില്‍ തന്നെ അത്ര സുഖകരമായ അന്തരീക്ഷം ആയിരുന്നില്ല. അദ്ദേഹത്തിനു മലയാള ഭാഷയിലും അഗാധമായ അറിവുണ്ടായിരുന്നതിനാല്‍ വാമൊഴിയായും വര മൊഴിയായും സുവിശേഷം പ്രചരിപ്പിച്ചു. പ്രാര്‍ത്ഥന ചൊല്ലുവാനാ യി ആദ്യമായി മലയാള ഭാഷയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് പാതിരിയാണ്. വേലൂര്‍ പള്ളിയില്‍ വച്ചിട്ടാണ് അദ്ദേഹം തന്റെ സാഹിത്യ സൃഷ്ടികള്‍ ഒക്കെ പൂര്‍ത്തിയാക്കിയത്.